ഭൂമിയിടപാട്: അന്വേഷണം ആവശ്യപ്പെട്ട് മാര്‍പ്പാപ്പയ്ക്ക് കത്ത്

Saturday 30 December 2017 11:00 am IST

കൊച്ചി: സീറോ മലബാര്‍ സഭയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഒരു വിഭാഗം വിശ്വാസികള്‍ മാര്‍പ്പാപ്പയ്ക്ക് കത്തയച്ചു. ഭൂമി ഇടപാടില്‍ അന്വേഷണം വേണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മദര്‍ തെരേസ ഗ്ലോബല്‍ ഫൌണ്ടേഷന്റെ പേരിലാണ് കത്ത്. വിമത വിഭാഗം വൈദികരും മാര്‍പ്പാപ്പയ്ക്ക് പരാതി നല്‍കും.

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പ്പനയിലാണ് ഗുരുതരമായ വീഴ്ചപറ്റിയത്. ഇതു സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകളെല്ലാം ശരിവച്ചും അതിരൂപതയുടെ ധാര്‍മ്മികത നഷ്ടമായെന്ന് ഓര്‍മ്മിപ്പിച്ചും എറണാകുളം-അങ്കമാലി മേജര്‍ അതിരൂപതാ സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പാതിരിമാര്‍ക്ക് സര്‍ക്കുലര്‍ അയയ്ക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് മാര്‍പ്പാപ്പയ്ക്ക് കത്തയയ്ക്കാന്‍ ഒരു വിഭാഗം തീരുമാനിച്ചത്.

മറ്റൂരില്‍ സ്ഥലം വാങ്ങിയതിലൂടെ 60 കോടിയുണ്ടായിരുന്ന കടം 84 കോടിയായി വര്‍ധിച്ചെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. കടം ഒഴിവാക്കാനാണ് തൃക്കാക്കരയിലും കാക്കനാട്ടും മരടിലുമുള്ള സ്ഥലങ്ങള്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ വില്പനയിലൂടെ കടം വര്‍ധിച്ചു. സഭയ്ക്ക് സംഭവിച്ചിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി മാത്രമല്ല. സുതാര്യതയില്ലായ്മയും കാനോനിക നിയമങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല എന്ന ഗൗരവമുള്ള ധാര്‍മ്മിക പ്രതിസന്ധിയാണെന്നും സര്‍ക്കുലറില്‍ പറയുന്നു.

വില്പനയുമായി ബന്ധപ്പെട്ട് ബാക്കി ലഭിക്കേണ്ട തുക കിട്ടിയാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമുണ്ടാകും. പക്ഷെ ധാര്‍മ്മിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കും.
ഭൂമി വില്പനയുമായി ബന്ധപ്പെട്ട് അതിരൂപതയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ജന്മഭൂമിയാണ് ആദ്യം റിപ്പോര്‍ട്ടു ചെയ്തത്. ഇതെല്ലാം ശരിവയ്ക്കുന്നതാണ് സഹായമെത്രാന്‍ അയച്ച സര്‍ക്കുലര്‍.

ആരോപണമുയര്‍ന്നപ്പോള്‍ വിഷയം പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതിരൂപതയിലെ സ്ഥാപനങ്ങളുടെ അധികാരിയായ മോണ്‍സിഞ്ഞോര്‍ സെബാസ്റ്റ്യന്‍ വടക്കുംപാടന്റെയും അതിരൂപതാ ഫിനാന്‍സ് ഓഫീസറായ ഫാ.ജോഷി പുതുവയുടെയും ഉത്തരവാദിത്വങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിത് മെത്രാന്‍ ഓര്‍മിപ്പിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.