മുന്നറിയിപ്പുകള്‍ അവഗണിച്ച് വളപട്ടണം പാലത്തിന് സമീപം അനധികൃത മണല്‍ ഖനനം

Saturday 30 December 2017 9:45 pm IST

കണ്ണൂര്‍: അധികൃതരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് വളപട്ടണം പാലത്തിന് സമീപം മണല്‍ ഖനനം. പാലത്തിനടിയില്‍ നിന്ന് തുടര്‍ച്ചയായി മണല്‍ ഖനനം നടന്നാല്‍ അത് പാലത്തിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമെന്ന സാഹചര്യമുണ്ടായപ്പോഴാണ് നേരത്തെ അധികൃതര്‍ കര്‍ശന നിലപാടെടുത്തത്. പരിസ്ഥിതിലോലപ്രദേശങ്ങളിലും പ്രധാനപ്പെട്ട പാലങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയിലും മണല്‍ഖനനം നടത്താന്‍ പാടില്ലെന്ന് ഹരിത ട്രിബ്യൂണലിന്റെ പ്രത്യേക വ്യവസ്ത നിലവിലുണ്ട്. എന്നാല്‍ ഇത്തരം പ്രദേശങ്ങളില്‍ നിന്നെല്ലാം യാതൊരു നിയന്ത്രണവുമില്ലാതെ ഇപ്പോള്‍ വന്‍തോതില്‍ മണല്‍ വാരല്‍ നടക്കുകയാണ്. നേരത്തെ പാലത്തിന്റെ ഒരു കിലോമീറ്റര്‍ അകലത്തില്‍ നിന്ന് മാത്രമേ മണലെടുക്കാവൂ എന്നായിരുന്നു നിര്‍ദ്ദേശം എന്നാല്‍ പിന്നീടത് 750 മീറ്ററാക്കി ചുരുക്കി. ഇപ്പോള്‍ 200 മീറ്റര്‍ സമീപത്തു നിന്നു വരെ മണലെടുക്കുന്നുണ്ട്.
മണല്‍ഖനനത്തിന് പഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് 2017 ഫെബ്രുവരി ഒന്‍പതിനാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാല്‍ പഞ്ചായത്തുകള്‍ക്ക് മണല്‍ഖനനം നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ സ്വകാര്യവ്യക്തികള്‍ക്ക് ടെണ്ടര്‍ നല്‍കുകയായിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ വ്യാപകായി മണല്‍ഖനനം നടക്കുന്നത്. അര്‍ദ്ധരാത്രിയിലാണ് പ്രധാനമായും വളപട്ടണം പാലത്തിന് സമീപത്തു നിന്നും മണല്‍ ഖനനം നടത്തുന്നത്. യാതൊരു മാനദണ്ഡവുമില്ലാതെ നിരവധി ലോറികളാണ് ഇപ്പോള്‍ മണല്‍ കടത്തുന്നത്. പേരിന് മാത്രം നടപടി സ്വീകരിക്കുന്ന പോലീസ് അധികൃതര്‍ മണല്‍ ഖനനം കണ്ടില്ലെന്ന് നടിക്കുകയാണ്.
സംസ്ഥാനത്തെ തുറമുഖങ്ങളില്‍ കപ്പലുകളുടെയും യാനങ്ങളുടെയും സുഗമമായ സഞ്ചാരത്തിന് ചാനലിലെയും ബേസിനിലെയും ആഴം നിലനിര്‍ത്തുന്നതിനാണ് മാന്വല്‍ ഡ്രഡ്ജിങ് സംവിധാനം സ്വീകരിച്ചത്. വളപട്ടണം പഞ്ചായത്തില്‍ മൂന്ന് കടവുകളാണുള്ളത്. എന്നാല്‍ ഇതിനു വിരുദ്ധമായി കണ്ടല്‍ക്കാടുകള്‍ വരെ പിഴുതുമാറ്റി മണല്‍ഖനനം നടത്തുന്നതായും ആരോപണമുണ്ട്. മണല്‍ഖനനം നടത്തുമ്പോള്‍ യന്ത്രങ്ങളുപയോഗിക്കരുതെന്ന് നിഷ്‌കര്‍ഷയുണ്ടെങ്കിലും ഇതും പാലിക്കപ്പെടുന്നില്ല. മിക്ക മണല്‍വാരല്‍ സംഘങ്ങളും യന്ത്രവല്‍കൃത ബോട്ടുകളുയോഗിച്ചാണ് ഇപ്പോള്‍ മണല്‍ ഖനനം നടത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.