കോവില്‍മല വനത്തില്‍ കുട്ടിയാന ചരിഞ്ഞു

Sunday 31 December 2017 2:45 am IST

കോവില്‍മല പാമ്പാടിക്കുഴി വനത്തിനുള്ളില്‍ ചരിഞ്ഞ കുട്ടിയാന

കട്ടപ്പന: കോവില്‍മല വനത്തിനുള്ളില്‍ കുട്ടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. പാമ്പാടിക്കുഴി ഓളിക്ക് സമീപമാണ് നാലു ദിവസം പഴക്കമുള്ള നാലു വയസുള്ള കൊമ്പനാനയുടെ ജഡം കണ്ടെത്തിയത.് തേനെടുക്കാന്‍ പോയ വനവാസികളാണ് ജഡം കണ്ടെത്തിയത്. ജഡം അഴുകിയ നിലയിലായിരുന്നു. രോഗം ബാധിച്ചാണ് ആന ചരിഞ്ഞതെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ തേക്കടി ഫോറസ്റ്റ് വെറ്ററിനറി ഡോ.അബ്ദുള്‍ തത്താഖ് പറഞ്ഞു.

എന്ത് രോഗമാണ് ആനക്ക് പിടിപെട്ടതെന്നറിയാന്‍ ആന്തരികവയവം പരിശോധനയ്ക്ക് ലാബിലേക്ക് അയച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ആനയെ കാട്ടില്‍ തന്നെ ദഹിപ്പിച്ചു. അയ്യപ്പന്‍കോവില്‍ റെയ്ഞ്ച് ഓഫീസര്‍ സാന്‍ ട്രി ടോം, ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ റോയ് വി. രാജന്‍, ജോസ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ മേല്‍നടപടി സ്വീകരിച്ചു.

ആറ് മാസത്തിനിടെ ചരിഞ്ഞത് എട്ട് കാട്ടാനകള്‍

ഇടുക്കി: ഹൈറേഞ്ച് മേഖലയില്‍ അഞ്ച് മാസത്തിനിടെ ചരിഞ്ഞത് രണ്ട് കുട്ടിക്കൊമ്പനടക്കം എട്ട് കാട്ടാനകള്‍. മൂന്നാറില്‍ ജൂലൈ 25ന് ജെസിബി കൊണ്ടുള്ള മര്‍ദ്ദനമേറ്റാണ് ആദ്യം കാട്ടാന ചരിയുന്നത്. ആഗസ്റ്റ് 5 ന് മറയൂരില്‍ പാറമുകളില്‍ നിന്ന് വീണ് പിടിയാനയും 10ന് മൂന്നാര്‍ തച്ചങ്കരി എസ്‌റ്റേറ്റില്‍ വൈദ്യുത ആഘാതമേറ്റ് കൊമ്പനാനയും ചരിഞ്ഞിരുന്നു.

19ന് അടിമാലി നെല്ലിപ്പാറയില്‍ ആള്‍പ്പാര്‍പ്പില്ലായിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര വീണും കാട്ടാന ചരിഞ്ഞു. സെപ്തംബര്‍ ഒന്നിന് പുതുക്കാട് ഡിവിഷനില്‍ പിടിയാന ചരിഞ്ഞിരുന്നു. ഒക്ടോബര്‍ 23ന് ദേവികുളം എസ്റ്റേറ്റ് ഫാക്ടറി ഡിവിഷന്‍ പുതുലയത്തിന് സമീപവും പിടിയാന ചരിഞ്ഞിരുന്നു.

നവംബര്‍ മൂന്നിന് മൂന്നാര്‍ ടോപ്പ് സ്‌റ്റേഷന്‍ റോഡില്‍ കുണ്ടള സാന്റോസ് എസ്‌സി കോളനിയ്ക്ക് സമീപവും രണ്ട് വയസ് പ്രായം വരുന്ന കുട്ടികൊമ്പന്‍ ചരിഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.