സിപിഎം ജില്ലാസമ്മേളനത്തില്‍ കാനത്തിനെതിരെ രൂക്ഷവിമര്‍ശനം

Sunday 31 December 2017 2:45 am IST

തിരുവല്ല: സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ സിപിഐക്കും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമെതിരെ രൂക്ഷവിമര്‍ശം. കാനം മുഖ്യമന്ത്രിയാകാന്‍ മോഹം ഉള്ളതുകൊണ്ടാണ് മുന്നണിയെ സമ്മര്‍ദ്ദത്തിലാക്കി പ്രസ്താവനകള്‍ നടത്തുന്നതെന്നാണ് പ്രധാന വിമര്‍ശനം. അതിനാലാണ് ഉള്ളില്‍ നിന്നുകൊണ്ട് എല്‍ഡിഎഫിനെതിരെ വാര്‍ത്തകളില്‍ നിറയാന്‍ ശ്രമിക്കുന്നത്.

സിപിഐയാണ് കേരളത്തിലെ യഥാര്‍ത്ഥ പ്രതിപക്ഷം എന്ന് പന്തളം ഏരിയകമ്മറ്റി വിമര്‍ശം ഉന്നയിച്ചു.പന്തളം, തിരുവല്ല, കോന്നി ഏരിയാ കമ്മറ്റികളില്‍നിന്നുള്ള പ്രതിനിധികളാണ് അഭിപ്രായം തുറന്നടിച്ചത്. കാനത്തിന് മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹമാണെന്നും മ്രുതലാളിത്തത്തോടുള്ള വിധേയത്വമാണെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ഇടതുമുന്നണിയെ തുടര്‍ച്ചയായി പ്രതിസന്ധിയിലാക്കുന്ന സിപിഐയെ മുന്നണിയില്‍ ആവശ്യമുണ്ടോ എന്നകാര്യം സിപിഎം നേതൃത്വം ഉടന്‍ ആലോചിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

കാനത്തിന് മാധ്യമശ്രദ്ധ കിട്ടുന്നതിന് വേണ്ടിയാണ് സിപിഎമ്മിനെ നിരന്തരം വിമര്‍ശിക്കുന്നത്. സിപിഐയുടെ നിലപാടുകള്‍ എല്‍ഡിഎഫ് സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്നുണ്ടെന്നും, വരുന്ന തെരഞ്ഞെടുപ്പുകളില്‍ സിപിഐ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണോ എന്നകാര്യം ആലോചിക്കണം എന്നുവരെ ആവശ്യമുയര്‍ന്നു.

മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനും എതിരായും പ്രതിനിധികള്‍ വിമര്‍ശനം ഉയര്‍ത്തി. ഓഖി ദുരന്തബാധിത മേഖലകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാന്‍ വൈകിയത് സര്‍ക്കാരിന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ നടപടികള്‍ അവമതിപ്പ് ഉണ്ടാക്കി. സംസ്ഥാനത്ത് ഐഎഎസ്, ഐപിഎസ് ഭരണമാണ് നടക്കുന്നത്. തിരുവല്ലയില്‍ മന്ത്രി മാത്യൂ ടി തോമസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏരിയാകമ്മറ്റി അതൃപ്തി രേഖപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.