കാലിത്തീറ്റ വില റെക്കോഡിലേക്ക്

Sunday 31 December 2017 2:45 am IST

തൃശൂര്‍: ക്ഷീരകര്‍ഷകരുടെ നട്ടെല്ലൊടിച്ച് കാലിത്തീറ്റ വില കുതിച്ചുയരുന്നു. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 165 രൂപയാണ് മില്‍മ വര്‍ദ്ധിപ്പിച്ചത്. കാലിത്തീറ്റ വില അനുദിനം ഉയര്‍ന്നാല്‍ ഈ മേഖല ഉപേക്ഷിച്ച് മറ്റ് തൊഴിലിന് പോകേണ്ടിവരുമെന്ന് ക്ഷീരകര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒരു ലിറ്റര്‍ പാല്‍ 42 രൂപയ്ക്ക് ഉപഭോക്താവിന് നല്‍കുമ്പോള്‍ കര്‍ഷകന് ലഭിക്കുന്നത് പരമാവധി 34 രൂപ മാത്രമാണ്.

2016ല്‍ കുളമ്പ് രോഗം ബാധിച്ച കന്നുകാലികള്‍ക്ക് നാല് ചാക്ക് കാലിത്തീറ്റ സൗജന്യമായി വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഒരു ചാക്ക് കാലിത്തീറ്റമാത്രമാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. ശേഷിക്കുന്ന മൂന്ന് ചാക്ക് കാലിത്തീറ്റയുടെ ഒരു വിവരവും ഇന്നേ വരെ ഉണ്ടായിട്ടില്ല. 50 കിലോയുള്ള ഒരുചാക്ക് പ്രീമിയം കാലിത്തീറ്റയ്ക്ക് നിലവില്‍ 1150 രൂപയും സാദാ കാലിത്തീറ്റയ്ക്ക് 1050 രൂപയുമാണ് കര്‍ഷകര്‍ നല്‍കേണ്ടത്.

കഴിഞ്ഞ ജൂണ്‍ മുതല്‍ സബ്‌സിഡി 200 രൂപയില്‍ നിന്ന് 100 രൂപയായി കുറയ്ക്കുകയും ചെയ്തു. മില്‍മ മുമ്പ് പാലിന് 4.20 രൂപ ലിറ്ററിന് വര്‍ദ്ധിപ്പിച്ചപ്പോള്‍ തന്നെ കാലിത്തീറ്റയുടെ വിലയും കൂട്ടിയിരുന്നു. അതിനാല്‍ ക്ഷേമനിധി വിഹിതവും സംഘങ്ങളുടെ വിഹിതവും കഴിച്ച് നാമമാത്രമായ തുകമാത്രമേ കര്‍ഷകരുടെ കൈകളിലേക്ക് എത്തുന്നുള്ളു.

പാലിന് പലവില
കാലിത്തീറ്റ വില കുതിച്ചുയരുമ്പോള്‍ പാലിന് ആനുപാതികമായ വിലവര്‍ദ്ധനവ് വരുത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം. മതിയായ വില ലഭിക്കാത്തതിനാല്‍ വലിയ പ്രതിസന്ധിയേയാണ് ക്ഷീര കാര്‍ഷിക മേഖല അഭിമുഖികരിക്കുന്നത്.

ക്ഷീരോത്പാദക സഹകരണ സംഘങ്ങളാണ് പാലിന് മതിയായ വില നല്‍കാതെ കര്‍ഷകരുടെ വയറ്റത്തടിക്കുന്നത്. കൊഴുപ്പിന്റെയും ഗുണനിലവാരത്തിന്റെയും കണക്കുകള്‍ കാട്ടിയാണ് കര്‍ഷകരെ സംഘങ്ങള്‍ കൊള്ളയടിയ്ക്കുന്നത്. ഒരു ലിറ്റര്‍ പാലിന് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത് 42 രൂപയാണ്.

സംഘങ്ങള്‍ പുറത്തേക്ക് വില്‍പ്പന നടത്തുന്നതും ഈ വിലയ്ക്കാണ്. എന്നാല്‍ ഗുണനിലവാരത്തിന്റെ കണക്കുകള്‍ പറഞ്ഞ് ലിറ്ററിന് 15 വരെ കുറച്ചാണ് സംഘങ്ങള്‍ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.