ആര്‍എസ്എസ് മേധാവിയോട് രാഷ്ട്രീയ പകപോക്കല്‍ : കുമ്മനം

Sunday 31 December 2017 2:45 am IST

തിരുവനന്തപുരം:ആര്‍എസ്എസ് സര്‍സംഘചാലക് ഡോ മോഹന്‍ഭാഗവത് സ്വാതന്ത്ര്യ ദിനത്തില്‍ പതാകയുയര്‍ത്തിയതിന് പാലക്കാട് കര്‍ണകിയമ്മന്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അധികൃതര്‍തക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ബാലിശമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രേതം പിണറായി വിജയനെ ആവേശിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തിയത് കുറ്റമായി കണ്ട, ബ്രിട്ടീഷുകാര്‍ക്ക് ശേഷം വന്ന ഏക സര്‍ക്കാരാണ് കേരളത്തിലെ സിപിഎമ്മിന്റേത്. ഫേസ് ബുക്ക് പോസ്റ്റില്‍ കുമ്മനം അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ നേതാക്കള്‍ സ്‌കൂളില്‍ പതാക ഉയര്‍ത്തുന്നത് ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുക്കാന്‍ പിണറായി നിര്‍ദ്ദേശം നല്‍കിയത്. കേരളത്തില്‍ മുന്‍പും രാഷ്ട്രീയ നേതാക്കള്‍ ദേശീയ പതാക ഉയര്‍ത്തിയിട്ടുണ്ട്. ആര്‍ക്കുമെതിരെ കേസെടുത്തിട്ടില്ല. മുന്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ സ്‌കൂളില്‍ പതാക ഉയര്‍ത്തിയിരുന്നു. ഇതു വരെ കേസെടുത്തിട്ടില്ല, കേസെടുക്കണമെന്ന് അഭിപ്രായവുമില്ല.

ഭാരത പൗരന്‍ ദേശീയ പതാക ഉയര്‍ത്തിയതിന് കേസെടുക്കുന്നത് പിന്തിരിപ്പന്‍ നയമാണ്. ദേശീയ പതാകയെയും ദേശീയ ഗാനത്തെയും നിന്ദിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ മടി കാണിക്കുകയും പതാകയെ വന്ദിച്ചവര്‍ക്ക് നേരെ നടപടി സ്വീകരിക്കുകയും ചെയ്യുന്ന ലോകത്തിലെ ഏക സര്‍ക്കാരാകും കേരളത്തിലേത്. ദേശീയ പതാകയെയും ഗാനത്തെയും അവഹേളിച്ച് മാഗസിന്‍ അച്ചടിച്ചിറക്കിയത് മുഖ്യമന്ത്രി പൂര്‍വ്വ വിദ്യാര്‍ത്ഥിയായ കോളേജിലെ എസ്എഫ്‌ഐ നേതാക്കളാണ്. സിനിമാ തീയേറ്ററില്‍ ദേശീയ ഗാനത്തെ അവഹേളിച്ചവരും ഇടതുപക്ഷ പ്രവര്‍ത്തകരായിരുന്നു. കുമ്മനം പറഞ്ഞു.

സര്‍ക്കാരന്‍േറത് അധമനടപടി; ആര്‍എസ്എസ്
കൊല്ലം: ദേശീയപതാക കത്തിച്ചാല്‍ കേസെടുക്കാത്ത നാട്ടില്‍ പതാക ഉയര്‍ത്തുന്നതിനെതിരെ നടപടി സ്വീകരിക്കുന്നത് അധമമായ നീക്കമാണെന്ന് ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.എന്‍.ഹരികൃഷ്ണകുമാര്‍. മൂക്ക് മുറിച്ച് ശകുനം മുടക്കുന്നതു പോലെയാണിത്.

ആര്‍എസ്എസിനെ എതിര്‍ക്കുന്നവര്‍ക്ക് പിന്നീട് അംഗീകരിക്കേണ്ടി വരുമെന്നത് ചരിത്രപാഠമാണ്. കന്യാകുമാരി വിവേകാനന്ദ സ്മാരക നിര്‍മ്മിതിയുടെ കാലത്ത് സ്വാമിജിയെ ഹിന്ദു ബൂര്‍ഷ്വാ സന്യാസിയെന്ന് അധിക്ഷേപിച്ച ഇഎംഎസിന് വിവേകാനന്ദന്‍ കമ്യൂണിസ്റ്റാണെന്ന് എഴുതേണ്ടി വന്നു. കവടിയാറില്‍ വിചാരകേന്ദ്രം സ്ഥാപിച്ച വിവേകാനന്ദപ്രതിമയില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാല ചാര്‍ത്തേണ്ടി വന്നു.

ആര്‍എസ്എസിന് ഒന്നിലും പ്രതിഷേധമില്ല. ശുഭപ്രതീക്ഷയേ ഉള്ളൂ. കൊല്ലം മാമൂട്ടില്‍ക്കടവ് പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളില്‍ പ്രാഥമിക ശിക്ഷാവര്‍ഗ് സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.