ജില്ലാ ലീഗ് മത്സരങ്ങള്‍ ജനുവരി മുതല്‍; നായനാര്‍ ഗോള്‍ഡ് കപ്പ് ഏപ്രിലില്‍

Saturday 30 December 2017 9:36 pm IST

കോഴിക്കോട്: മലബാറിന്റെ ഫുട്‌ബോള്‍ വികസനത്തിന് ഗതിവേഗം കൂട്ടാന്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ നൂതന കര്‍മ്മ പദ്ധതികളുമായി പുതിയ വര്‍ഷത്തില്‍ കായിക കലണ്ടര്‍ തയ്യാറാക്കി.
ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ജില്ലാ ഫുട്‌ബോള്‍ ലീഗ് മത്സരങ്ങള്‍ അരങ്ങേറും. വനിതകളുടേത് ഉള്‍പ്പെടെ ആറ് ഡിവിഷനുകളിലായി സംഘടിപ്പിക്കുന്ന ജില്ലാ ലീഗ് മത്സരങ്ങള്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയം, ദേവഗിരി സെന്റ്‌ജോസഫ് കോളെജ് ഗ്രൗണ്ട്, ഫാറൂഖ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട്, മെഡിക്കല്‍ കോളേജ് സ്റ്റേഡിയം എന്നിവിടങ്ങളില്‍ നടക്കും.
ഐ ലീഗിന് പിന്നാലെ ഇ.കെ നായനാര്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നായനാര്‍ ഗോള്‍ഡ് കപ്പ് ഇന്‍വിറ്റേഷന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഏപ്രിലില്‍ നടക്കും. ഇ.കെ. നായനായര്‍ മെമ്മോറിയല്‍ ട്രസ്റ്റും ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനും സംയുക്തമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. നാല് വിദേശ ടീമുകള്‍ ഉള്‍പ്പെടെ എട്ട് ടീമുകള്‍ മാറ്റുരക്കും. നായനാര്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂരിലാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്. രണ്ട് വര്‍ഷത്തോളം കണ്ണൂരില്‍ നടന്ന ടൂര്‍ണമെന്റ് 2012ല്‍ കോഴിക്കോട്ടാണ് അവസാനമായി നടന്നത്.
മെയ് മാസത്തില്‍ വിവിധ കാറ്റഗറികളിലായി ജില്ലാ നോക്കൗട്ട് ടൂര്‍ണമെന്റും സംഘടിപ്പിക്കും. വിവിധ ഫെസ്റ്റിവലുകളും ജൂനിയര്‍ ടൂര്‍ണ്ണമെന്റുകളും ജില്ലാ നോക്കൗട്ട് ടൂര്‍ണ്ണമെന്റും കാര്യക്ഷമമായി നടത്തി വിവിധ പ്രായപരിധിയിലുള്ള കളിക്കാര്‍ക്ക് മത്സര പരിചയം നല്‍കും. കെഡിഎഫ്എ തുടങ്ങി വെച്ച ഈ പദ്ധതികളുടെ ഫലമായി മുന്‍ വര്‍ഷങ്ങളില്‍ നിരവധി താരങ്ങള്‍ കെഎഫ്എയുടെ സ്വര്‍ണ്ണമെഡലുകള്‍ക്കും അര്‍ഹരായി. ഇത്തരം കര്‍മ്മ പദ്ധതികള്‍ കാര്യക്ഷമമായി നടത്തുന്നതിന് മൂന്‍തൂക്കം നല്‍കും. അടുത്ത സീസണിന്റെ തുടക്കത്തില്‍ നാഗ്ജി മാതൃകയില്‍ അന്തര്‍ദേശീയ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പുനരാരംഭിക്കാനും പദ്ധതിയുണ്ട്.
കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ തനത് പദ്ധതിയായ ഓര്‍മയുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിക്കും. പരിശീലന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ അഞ്ച് സെന്ററുകളിലായി 10 വയസ്സിന് താഴെയുളള 150 ഓളം കുട്ടികള്‍ക്കാണ് പരിശീലനം നല്‍കി വരുന്നത്.
കോഴിക്കോട് സ്റ്റേഡിയത്തിന് സമീപത്തെ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഓഫീസ് നവീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് ജില്ലാ ടീമിന്റെ രൂപീകരണത്തിനായി നേരത്തെ തന്നെ സെലക്ഷന്‍ ട്രയല്‍സ് നടത്തി വേണ്ടത്ര പരിശീലനവും മത്സര പരിചയവും നല്‍കും. അതിനായി മുന്‍കാല ഫുട്‌ബോള്‍ കളിക്കാരെ ഉള്‍പ്പെടുത്തി വിവിധ സെലക്ഷന്‍ കമ്മറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് അസീസ് അബദുല്ല, സെക്രട്ടറി പി. ഹരിദാസ്, വൈസ് പ്രസിഡന്റുമാരായ പി. കുട്ടിശങ്കരന്‍, സി. ഉമ്മര്‍, ട്രഷറര്‍ സി. പ്രിയേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.