ബിജെപിയെ തകര്‍ക്കാന്‍ ഒന്നിച്ചവര്‍ തകര്‍ന്നടിയുന്നു: കെ. സുരേന്ദ്രന്‍

Saturday 30 December 2017 9:37 pm IST

മേപ്പയ്യൂര്‍: ബിജെപി യെ തകര്‍ക്കാന്‍ ഒത്തുകൂടിയ കോണ്‍ഗ്രസ്സ്, സിപിഎം ഉള്‍പ്പെടെ കക്ഷികള്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് രാജ്യത്തുള്ളതെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി, കെ.സുരേന്ദ്രന്‍ പറഞ്ഞു.
ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് പദയാത്രയുടെ സമാപന സമ്മേളനം ചെറുവണ്ണൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നര വര്‍ഷം കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും കൃഷിക്കാര്‍ക്കും വേണ്ടി ഒട്ടേറെ ക്ഷേമ പദ്ധതികളാണ് ആരംഭിച്ചത്. ഇതിന്റെ ഗുണങ്ങള്‍ ജനങ്ങള്‍ നേരിട്ട് അനുഭവിക്കുന്നതിന്റെ തെളിവാണ് ബിജെപിക്ക് ലഭിക്കുന്ന പിന്തുണയെന്നും സുരേന്ദ്രന്‍ പറഞ്ഞു. പ്രതിപക്ഷം ഒരുമിച്ചിട്ടും ബിജെപി ജൈത്രയാത്ര തുടരുകയാണ്. നരേന്ദ്ര മോദി രാജ്യത്തിന്റെ ഭരണം ഏറ്റടുക്കുമ്പോള്‍ പാര്‍ട്ടി അഞ്ച് സംസ്ഥാനങ്ങളാണ് ഭരിച്ചിരുന്നെങ്കില്‍ മൂന്നര വര്‍ഷത്തെ മോദി ഭരണത്തില്‍ പത്തൊമ്പത് സംസ്ഥാനങ്ങള്‍ ബിജെപി ഭരണത്തിന്‍ കീഴിലായി.
എല്ലാം ശരിയാക്കാന്‍ വന്ന പിണറായി സര്‍ക്കാര്‍ ഒന്നും ചെയ്യാന്‍ കഴിയാതെ വട്ടംകറങ്ങുകയാണ്. എല്ലാ മേഖലകളിലും ജനപിന്തുണ നഷ്ടപ്പെട്ടിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. പ്രകാശന്‍ അധ്യക്ഷം വഹിച്ചു. ജാഥാ ലീഡര്‍ ഇ. പവിത്രന്‍, അനൂപ് മാസ്റ്റര്‍, കെ.കെ. രജീഷ്, എന്‍.പി. രാമദാസ്, അനീഷ് കുറുങ്ങോട്ട്, കെ.എം. ഷിജി, പി.പി. അശോകന്‍, ബാബു എന്നിവര്‍ സംസാരിച്ചു. ടി.കെ. രതീഷ് സ്വാഗതം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.