പോലീസ് സ്റ്റേഷന് നേരെ ബോംബാക്രമണം; സമഗ്രാന്വേഷണം വേണം: ആര്‍എസ്എസ്

Saturday 30 December 2017 10:41 pm IST

കൂത്തുപറമ്പ്: കുത്തുപറമ്പ് പോലീസ് സ്റ്റേഷന് നേരെ നടന്ന ബോംബാക്രമത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ആര്‍എസ്എസ് കുത്തുപറമ്പ് ഖണ്ഡ് കാര്യകാരി ആവശ്യപ്പെട്ടു. പ്രാഥമിക സംഘ ശിക്ഷാവര്‍ഗ് നടക്കുന്ന പുന്നാട് നിവേദിത സ്‌കൂളില്‍ പോയി തിരിച്ചുവരികയായിരുന്ന മമ്പറത്തെ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രസ്തുത സംഭവമറിഞ്ഞ് സംഘകാര്യകര്‍ത്താക്കള്‍ കുത്തുപറമ്പ് എസ്‌ഐയെ നേരില്‍ക്കണ്ട് കാര്യം അന്വേഷിച്ചിരുന്നു. അറസ്റ്റ് വിവരമറിഞ്ഞ് ഏതാനും സഹപ്രവര്‍ത്തകരും സ്റ്റേഷനിലെത്തിയിരുന്നു. ആ സമയത്താണ് പോലീസ് സ്റ്റേഷന്റെ പിറകില്‍ നിന്നും ഉഗ്രസ്‌ഫോടനം കേട്ടത്. ഇത് ദുരൂഹത വര്‍ധിപ്പിക്കുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരെ കസ്റ്റഡിയിസെടുത്തതിന്റെ പ്രതിഷേധം എന്ന രീതിയില്‍ ഇരുട്ടിന്റെ മറവില്‍ ചില ചിദ്രശക്തികള്‍ മുതലെടുപ്പ് നടത്തിയതായി നേതൃത്വം ശക്തമായി സംശയിക്കുന്നു. സ്‌ഫോടനശബ്ദം കേട്ട ഉടന്‍ സ്റ്റേഷന്‍കോമ്പൗണ്ടില്‍ ഉണ്ടായിരുന്ന സംഘ പ്രവര്‍ത്തകര്‍ ആ ഭാഗത്തേക്ക് പോകാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് വിലക്കുകയായിരുന്നു. സ്‌ഫോടനം നടക്കുന്നത് മുന്‍പ് പാലാപറമ്പ് ലക്ഷം വീട് കോളനിയിലെ സിപിഎം ക്രിമിനല്‍ സംഘം പോലീസ് സ്റ്റേഷന്‍ പരിസരത്ത് വന്നിരുന്നു. അതില്‍ രണ്ടു പേര്‍ സ്‌റ്റേഷനില്‍ വന്ന് എസ്‌ഐയോട് സംസാരിക്കുന്നതും സംഘ പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചിരുന്നു. അതിനുശേഷം അരമണിക്കൂര്‍ കഴിഞ്ഞാണ് സ്‌ഫോടനം നടന്നത്.
കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ സ്‌ഫോടനക്കേസില്‍ സമഗ്രാന്വേഷണം നടത്തി ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് കാര്യകാരി ആവശ്യപെട്ടു. എ.പി.പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. പി.പ്രീജിത്, പി.ബിനോയ്, സി.കെ. സുരേഷ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.