ഇന്ത്യയുടെ രോഷം ഫലിച്ചു; നയതന്ത്ര പ്രതിനിധിയെ പിൻവലിച്ചു

Sunday 31 December 2017 2:49 am IST

ഹാഫീസ് സെയ്ദും പാലസ്തീന്‍ നയതന്ത്ര പ്രതിനിധി വാഹിദ് അബു അലിയും റാവല്‍പിണ്ടിയിലെ പൊതുസമ്മേളനത്തില്‍

ഇസ്ലാമാബാദ്: കൊടുംഭീകരനും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സെയ്ദുമായി പാലസ്തീന്‍ അംബാസിഡര്‍ വേദി പങ്കിട്ടു. ഇന്ത്യ കടുത്ത പ്രതിഷേധവും രോഷവും അറിയിച്ചതോടെ പാലസ്തീന്‍ ഖേദം പ്രകടിപ്പിച്ച് നയതന്ത്ര പ്രതിനിധിയെ പിന്‍വലിച്ചു. ഇന്ത്യയുടെ വലിയ നയതന്ത്ര വിജയമാണ് ഇത്.

പാക്കിസ്ഥാനിലെ പാലസ്തീന്‍ അംബാസഡര്‍ വാഹിദ് അബു അലിയാണ് ഭീകര സംഘടനാ നേതാവിനൊപ്പം 29ന് റാവല്‍പിണ്ടിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ പങ്കെടുത്തത്. സെയ്ദിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ദിഫ ഇ പാക്കിസ്ഥാന്‍ കൗണ്‍സിലിന്റെ റാലിയിലാണ് അബു പങ്കെടുത്തത്. തുടര്‍ന്ന് ഇതിനെതിരെ ശക്തമായ വിമര്‍ശനവുമായി ഇന്ത്യ രംഗത്തെത്തുകയായിരുന്നു. വിദേശകാര്യ മന്ത്രാലയം പാലസ്തീനെ എതിര്‍പ്പും രോഷവും അറിയിക്കുകയും ചെയ്തു.

യുഎന്‍ ഭീകരനായ പ്രഖ്യാപിച്ചയാളാണ് സെയ്‌ദെന്ന് ഇന്ത്യ പാലസ്തീനോട് വ്യക്തമാക്കി. ഇയാളുമായി പാലസ്തീന്‍ പ്രതിനിധി വേദി പങ്കിട്ടത് അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ ശക്തമായ ഭാഷയില്‍ അവരെ അറിയിച്ചു. ഇതോടെ തെറ്റു മനസിലായ പാലസ്തീന്‍ അലിയെ പിന്‍വലിക്കുകയും ഖേദം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയുമായിരുന്നു. ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരനൊപ്പം നയതന്ത്ര പ്രതിനിധി വേദി പങ്കിട്ടതിന്റെ ഗൗരവം മനസിലാക്കുന്നതായി പാലസ്തീന്‍ അറിയിച്ചു.

ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭീകരരുമായി മേലില്‍ ഒരു ബന്ധവും പുലര്‍ത്തില്ലെന്നും പാലസ്തീന്‍ ഇന്ത്യയോട് വ്യക്തമാക്കി. ഇന്ത്യയുമായുള്ള ബന്ധത്തിന് തങ്ങള്‍ വലിയ വിലയാണ് കല്പ്പിക്കുന്നതന്നും പാലസ്തീന്‍ അധികൃതര്‍ പറഞ്ഞു. ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്ന 40 പാര്‍ട്ടികളുടെ കൂട്ടായ്മയാണ് ദിഫാ ഇ പാക്കിസ്ഥാന്‍. ഇസ്രായേലിന്റെ തലസ്ഥാനം ജറുസലേമിലേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധിക്കാനും ഇതിന് ഇസ്ലാമിക സംഘടനകളോട് ആഹ്വാനം ചെയ്യാന്‍ ഉച്ചകോടി സംഘടിപ്പിക്കാനും വേണ്ടിയാണ് റാലി സംഘടിപ്പിച്ചത്.

ഇസ്രായേലിന്റെ തലസ്ഥാനം ജറുസലേമിലേക്ക് മാറ്റുന്നതിനെതിരെ ഐക്യരാഷ്ട്ര സംഘടനയിലെ ചര്‍ച്ചയില്‍ ഇന്ത്യ അതിശക്തമായി പ്രതികരിച്ചിരുന്നു. പാലസ്തീന് അനുകൂലമായി ഇന്ത്യ വോട്ടു ചെയ്യുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.