അഭിഭാഷകന്റെ ബിരുദത്തിലും തട്ടിപ്പ്

Saturday 30 December 2017 10:12 pm IST

 

അടിമാലി: വിദേശത്ത് ജോലിവാഗ്ദാനം നല്‍കി ഒന്നരക്കോടി തട്ടിയെടുത്ത സംഭവത്തില്‍ മുഖ്യപ്രതിയുടെ അഭിഭാഷക ബിരുദം വ്യാജമെന്ന് പൊലീസ്. അടിമാലി പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത മുഖ്യപ്രതി പാലക്കാട് ചുരിയോട് ചുണ്ടംപറ്റം വീട്ടില്‍ അബ്ദുല്‍ സലാമിന്റെ ബിരുദമാണ് വ്യാജമെന്ന് കണ്ടെത്തിയത്.
തമിഴ്നാട് ബാര്‍കൗണ്‍സില്‍ നല്‍കിയ രേഖ പരിശോധിച്ചപ്പോള്‍ അബ്ദുള്‍ സലാം പറഞ്ഞ അഭിഭാഷക എന്‍ട്രോള്‍ നമ്പര്‍ പ്രകാരം രവികണന്‍ എന്നയാളുടെ പേരിലാണ്. 709/2001 പ്രകാരം ദയാനന്ദ് കോളേജില്‍ നിന്നാണ് ഇയാള്‍ ബിരുദം നേടിയതെന്ന് പറഞ്ഞു. ഇതാണ് തെറ്റാണെന്ന് പോലീസ് കണ്ടെത്തിയത്.
എസ്എസ്എല്‍സിക്ക് അപ്പുറമുളള യോഗ്യതകളൊന്നും പൊലീസിന് സ്ഥിരീകരിക്കാനും കഴിഞ്ഞിട്ടില്ല. മൂന്ന് സംസ്ഥാനങ്ങളിലായി വിവിധങ്ങളായ തട്ടിപ്പുകളിലൂടെയാണ് ഇയാള്‍ കഴിഞ്ഞിരുന്നതെങ്കിലും മറ്റ് കേസുകളൊന്നും ഇയാള്‍ക്കെതിരെ രേഖപ്പെടുത്തിയിട്ടില്ല. വിവിധ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന അബ്ദുള്‍ സലാമിന് നിയമപരമായി നല്ല പരജ്ഞാനവും ഉണ്ട്.
ബംഗളുരു അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബോണാഫീഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാനാണ് അബ്ദുള്‍ സലാം ഈ സ്ഥാപനത്തിന്റെ മറവിലാണ് ഈ തട്ടിപ്പുകള്‍ മുഴുവന്‍ നടന്നിരുന്നത്. തമിഴ്നാട് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന അബ്ദുള്‍ സലാം 2016 ലാണ് ഈ സ്ഥാപനം തുടങ്ങിയത്. സംഭവത്തില്‍ ഉള്‍പ്പെട്ട യുവതിയെ കണ്ടെത്താനുളള ശ്രമം അടിമാലി പോലീസ് ഈര്‍ജ്ജിതമാക്കി. മറ്റ് സ്ഥലങ്ങളിലും അബ്ദുള്‍ സലാമിന് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും പോലീസ് പരിശോധിച്ചു വരികയാണ്.
ഇത് സംബന്ധിച്ച് വിശദപരിശോധനയ്ക്കായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിലാണ് പോലീസ്. നാളെ ഇത് സംബന്ധിച്ച് അപേക്ഷ കോടതിയില്‍ നല്‍കുമെന്ന് അടിമാലി എസ്‌ഐ സന്തോഷ് സജീവ് ജന്മഭൂമിയോട് പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.