പുതുവര്‍ഷാഘോഷത്തിന് കുമരകത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക് ഹൗസ് ബോട്ടുകളിലെ ആഘോഷം നിയന്ത്രിക്കണമെന്ന് പോലീസ്

Sunday 31 December 2017 12:00 am IST

 

കോട്ടയം: പുതുവര്‍ഷമാഘോഷിക്കാന്‍ ലോകത്തിലെ വിനോദ സഞ്ചാരികളുടെ മനസ്സില്‍ ഇടം പിടിച്ച കുമരകത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക്. വിദേശ സഞ്ചാരികള്‍ മാത്രമല്ല സ്വദേശികളും പുതുവര്‍ഷമാഘോഷിക്കാന്‍ കുമരകത്തെത്തിയിട്ടുണ്ട്. സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുഖേന ബുക്ക് ചെയ്ത് എത്തിയ വിദേശ സഞ്ചാരികളാണ് കൂടുതല്‍. വടക്കേ ഇന്ത്യയില്‍ നിന്നും സഞ്ചാരികള്‍ എത്തിയിട്ടുണ്ട്.
വിനോദ സഞ്ചാരികള്‍ക്കായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഹോട്ടലിലും റിസോര്‍ട്ടുകളിലും സംഘടിപ്പിക്കുന്നത്. ഹൗസ് ബോട്ടുകളിലും ആഘോഷം ഉണ്ടാകും. എന്നാല്‍ ഹൗസ് ബോട്ടുകളിലെ ആഘോഷം നിയന്ത്രിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കായലില്‍ നങ്കൂരമിട്ട് കിടക്കുന്ന ഹൗസ് ബോട്ടുകളില്‍ നടക്കുന്ന ആഘോഷത്തില്‍ അപകടം ഉണ്ടായാല്‍ രക്ഷാദൗത്യം ശ്രമകരമായിരിക്കുമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുമരകത്ത് 120തോളം ഹൗസ് ബോട്ടുകളാണുള്ളത്. സഞ്ചാരികളുടെ വരവ് വര്‍ദ്ധിച്ചതോടെ ഹൗസ് ബോട്ട് നിരക്കുകള്‍ ഉയര്‍ന്നു.
ഈ വര്‍ഷം വിനോദ സഞ്ചാര സീസണ്‍ തുടങ്ങിയപ്പോള്‍ സഞ്ചാരികളില്‍ നിന്ന് തണുത്ത പ്രതികരണമായിരുന്നു ഉണ്ടായത്. ഡിസംബര്‍ പകുതിക്ക് ശേഷം മാത്രമാണ് ഉണര്‍വ് ഉണ്ടായത്. താമസിച്ചാണെങ്കിലും വിദേശ വിനോദ സഞ്ചാരികളുടെ കുറവ് ടൂറിസം മേഖലയ്ക്ക് ആശ്വാസമായിട്ടുണ്ട്. ഇന്ത്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഭീകരാക്രമണ ഭീഷണിയില്ലാത്തതും കേന്ദ്ര സര്‍ക്കാര്‍ ഇ-വിസ ഏര്‍പ്പെടുത്തിയതും വിദേശ സഞ്ചാരികളുടെ വരവിനെ സഹായിച്ചിട്ടുണ്ടെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറഞ്ഞു.
പുതുവര്‍ഷാഘോഷത്തിന് കര്‍ശന സുരക്ഷയാണ് ഒരുക്കുന്നത്. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹൗസ് ബോട്ടുകള്‍ എന്നിവിടങ്ങളില്‍ എത്തുന്നവരുടെ പേരും മേല്‍വിലാസവും നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്ന് പോലീസ് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്.
വിദേശ സഞ്ചാരികളാണെങ്കില്‍ സി ഫോമുകള്‍ സമര്‍പ്പിച്ചിരിക്കണമെന്നും ഇതില്‍ വീഴ്ച വരുത്തിയാല്‍ താമസം ഒരുക്കുന്നവര്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നും പോലീസ് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.