വാട്ടര്‍ അതോറിറ്റി കത്ത് നല്‍കിയത് പഞ്ചായത്ത് അവഗണിച്ചു വേനല്‍ കടുത്താല്‍ പൊന്‍കുന്നത്തും കാഞ്ഞിരപ്പള്ളിയിലും വെള്ളംകുടി മുട്ടും

Sunday 31 December 2017 12:00 am IST

കാഞ്ഞിരപ്പള്ളി: കരിമ്പുകയം ചെക്ക് ഡാമിന്റെ ഷട്ടര്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റി കാഞ്ഞിരപ്പള്ളി പഞ്ചായത്തിന് കത്ത് നല്‍കിയിട്ടും നടപടിയുണ്ടായില്ല. നവംബര്‍ മാസത്തിലാണ് ചെക്ക് ഡാമിന്റെ ഷട്ടറുകള്‍ അടക്കണമെന്ന കത്ത് പഞ്ചായത്തിന് നല്‍കിയത്.
വാട്ടര്‍ അതോറിറ്റിയുടെ പമ്പ് ഹൗസിന് സമീപത്ത് മണിമലയാറിന് കുറുകെ നിര്‍മിച്ചിരിക്കുന്ന ചെക്ക്ഡാമില്‍ വെള്ളം കെട്ടി നിര്‍ത്തുന്നതു മൂലം സമീപത്തുള്ള വലിയ കിണറ്റില്‍ വെള്ളം നിറയും. ഈ കിണറ്റില്‍ നിന്നാണ് കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളില്‍ ജലവിതരണം നടത്തുന്ന കരിമ്പുകയം പദ്ധതിയുടെ പമ്പ് ഹൗസിലേക്ക് വെള്ളം ശേഖരിക്കുന്നത്. ചെക്ക്ഡാം കോസ്വേയുടെ ഉദ്ഘാടനവേളയില്‍ ഷട്ടറിന്റെ തുടര്‍ന്നുള്ള ചുമതല കാഞ്ഞിരപ്പള്ളി പഞ്ചായത്തിനെ ജില്ലാ കലക്ടര്‍ ഏല്‍പിച്ചിരുന്നു.
ജല നിരപ്പ് താഴ്ന്നു തുടങ്ങിയപ്പോള്‍ ഷട്ടറുകള്‍ അടയ്ക്കാതിരുന്നതിനാല്‍ വെള്ളം തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞില്ല. വേനല്‍ ഇതേ പടി തുടര്‍ന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ മണിമലയാറ്റിലെ വെള്ളം വറ്റി കരിമ്പുകയം പദ്ധതിയില്‍ നിന്നുള്ള ജലവിതരണം നിലയ്ക്കുന്ന സ്ഥിതിയാണ്. കരിമ്പുകയം ജല വിതരണ പദ്ധതിക്കു കീഴിലെ 4200 കണക്ഷനുകളില്‍ ഭൂരിഭാഗവും പൊന്‍കുന്നം ടൗണ്‍, ജനറല്‍ ആശുപത്രി എന്നിവ ഉള്‍പ്പെടുന്ന ചിറക്കടവ് പഞ്ചായത്തിലാണ്. കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ 700 കണക്ഷനുകളാണുള്ളത്.
ഡോ. എന്‍. ജയരാജ് എംഎല്‍എയുടെ ഫണ്ടില്‍ നിന്നു 3.87 കോടി രൂപ മുടക്കിയാണ് ചെക്ക്ഡാമും അതിനു മീതെ കോസ് വേയും നിര്‍മിച്ചത്.
86.40 മീറ്റര്‍ നീളത്തില്‍ എട്ട് വെന്റ് വേയോടുകൂടി ഒന്നര മീറ്റര്‍ ഉയരമുള്ള ചെക്ക്ഡാമും എട്ട് സ്പാനുകളിലായി ആറ് മീറ്റര്‍ വീതിയുള്ള കോസ്വേയുമാണ് നിര്‍മിച്ചത്.
പലക ഉപയോഗിച്ച് വെന്റ് വേ അടച്ചശേഷം ചാക്കില്‍ മണല്‍ നിറച്ചിട്ടാണ് ഷട്ടര്‍ ഉറപ്പിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയായ മുറയ്ക്ക് കഴിഞ്ഞ വേനലില്‍ ജലസേചന വകുപ്പ് ചെക്ക്ഡാമിന്റെ ഷട്ടര്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. പിന്നീട് ആറ്റില്‍ നീരൊഴുക്കു തുടങ്ങിയതോടെ ഷട്ടര്‍ മാറ്റി.
ഷട്ടര്‍ സ്ഥാപിക്കുന്നതിനും ഒരു വര്‍ഷത്തേക്ക് തുടര്‍ നടപടികള്‍ നടത്തുന്നതിനും ഉടന്‍ കരാര്‍ നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.