കോട്ടയം കേരളത്തിലെ ആദ്യ ഡിജിറ്റല്‍ ജില്ലയാകുന്നു

Sunday 31 December 2017 12:00 am IST

കോട്ടയം: ജില്ലയിലെ എല്ലാ വന്‍കിട-ചെറുകിട വ്യാപാരികള്‍ക്കും സാധാരണ കച്ചവടക്കാര്‍ക്കും ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനത്തിലൂടെ ക്രയവിക്രയം അനായാസേന സാധ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
കേന്ദ്രസര്‍ക്കാര്‍ ഐടി മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലുള്‍പ്പെടുത്തി സര്‍ക്കാര്‍ അധീനതയിലുള്ള സിഎസ്്‌സി ഇ-ഗവേണണ്‍സ് വിഭാഗവും പി.എന്‍.പണിക്കര്‍ ഫൗണ്ടേഷനും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ജില്ലയിലെ വിവിധ വ്യാപാര വ്യവസായ യൂണിറ്റുകള്‍, സാമൂഹ്യ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, എന്‍എസ്എസ് വോളന്റിയേഴ്‌സ് തുടങ്ങിയവരുടെ സേവനം സംയോജിപ്പിച്ച് ജനുവരിയില്‍ 2000ല്‍പ്പരം കച്ചവടക്കാരിലൂടെ ഈ സംവിധാനം നടപ്പിലാക്കുമെന്ന് പദ്ധതിയുടെ വിശദീകരണയോഗം കോട്ടയം പബ്ലിക് ലൈബ്രറി കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍.ബാലഗോപാല്‍ പറഞ്ഞു.
പബ്ലിക് ലൈബ്രറി സെക്രട്ടറി സി.ജി.വാസുദേവന്‍ നായര്‍ അദ്ധ്യക്ഷനായ യോഗത്തില്‍ സിഎസ്്‌സി ഇ-ഗവേണണ്‍സ് സൗത്ത് ഇന്ത്യ ചീഫ് വിനോദ് കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാസെക്രട്ടറി പിജിഎം നായര്‍, ക്യാപ്ടന്‍ രാജീവ് നായര്‍, ജിതിന്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.