പയ്യോളി മനോജ് വധം; കൂടുതല്‍ സിപിഎം നേതാക്കള്‍ കുടുങ്ങും

Sunday 31 December 2017 2:49 am IST

കൊച്ചി: ബിഎംഎസ് നേതാവ് പയ്യോളി സി.ടി. മനോജിനെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ സിപിഎം നേതാക്കള്‍ കുടുങ്ങും. ഏരിയാ കമ്മിറ്റിയുടെ അറിവോടെയാണ് കൊല നടന്നതെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് സിബിഐ കൂടുതല്‍ അന്വേഷണത്തിനൊരുങ്ങുകയാണ്. സംസ്ഥാന നേതൃത്വത്തിന് കൊലയെക്കുറിച്ച് അറിയാമായിരുന്നോ എന്നും അന്വേഷിച്ചേക്കും.

2012 ഫെബ്രുവരി 12നാണ് മനോജിനെ വധിച്ചത്. കൊല നടത്താന്‍, ഏരിയാ കമ്മിറ്റിയുടെ അറിവോടെ, ഫെബ്രുവരി ഒന്‍പതിനാണ് പയ്യോളി ലോക്കല്‍ കമ്മിറ്റിയില്‍ ഗൂഡാലോചന നടന്നത്. കൊലപാതകത്തെക്കുറിച്ച് സംസ്ഥാന നേതൃത്വത്തെയും അറിയിച്ചിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് കൂടുതല്‍ അന്വേഷണം.

ഒന്നും രണ്ടും പ്രതികളായ അജിത്ത്കുമാറും ജിതേഷും മനോജിനെ കൊലപ്പെടുത്തുന്നതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അറസ്റ്റിലായ സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദംമൂലമാണ് കൊലപാതകമെന്നാണ് സിബിഐ കണ്ടെത്തിയത്. ലോക്കല്‍ പോലീസ് 14 പേരെയാണ് അറസ്റ്റുചെയ്തിരുന്നത്. ആദ്യഅഞ്ചുപ്രതികള്‍, യഥാര്‍ത്ഥ പ്രതികള്‍ തങ്ങളല്ലെന്ന് കാണിച്ച് അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന് കത്തയച്ചിരുന്നു. പോലീസ് ഇത് ഗൗരവമായി എടുത്തില്ല. ഇതോടെയാണ് അന്വേഷണം സിബിഐയുടെ കൈയിലെത്തിയത്.

സിപിഎം ജില്ലാ കമ്മിറ്റിയംഗം ടി. ചന്തു, പയ്യോളി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി. രാമചന്ദ്രന്‍, പയ്യോളി നഗരസഭാ കൗണ്‍സിലര്‍ കെ.ടി. ലിഗേഷ്, ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ സി. സുരേഷ്, എന്‍.സി. മുസ്തഫ, അയനിക്കാട് ബ്രാഞ്ച് കമ്മിറ്റിയംഗം കുമാരന്‍, രതീഷ്, അനൂപ്, അരുണ്‍രാജ് എന്നിവരാണ് സിബിഐ കസ്റ്റഡിയിലുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.