നമ്മുടെ നാളെ

Sunday 31 December 2017 2:03 pm IST

പൗലോ കൊയ്‌ലോയെ വായിച്ചവര്‍ പെട്ടെന്ന് ഈ എഴുത്തുകാരനില്‍ നിന്നും കുതറിത്തെറിച്ചുപോകുമെന്നു തോന്നുന്നില്ല. സ്വപ്‌നങ്ങളുടെ മൊത്തക്കച്ചവടക്കാരനായ ഈ ബ്രസീലിയന്‍ നോവലിസ്റ്റ് ആളുകളെ പ്രതീക്ഷയിലേക്കു നയിക്കാനുള്ള അത്യാവശ്യം അടവുനയങ്ങളൊക്കെ പുസ്തകങ്ങളില്‍ തിരുകിവെച്ചിട്ടുണ്ട്. ജീവിതത്തിലെ കപ്പല്‍ഛേദങ്ങളെ സ്വപ്നത്തോണിയിലൂടെ സഞ്ചരിച്ച് പ്രതിരോധിക്കാനുള്ള വകകളൊക്കെ പൗലോ കൊയ്‌ലോയുടെ നോവലുകളിലൂടെ കടന്നുപോകുമ്പോള്‍ കണ്ടെത്താനാകും.

സ്വപ്‌നങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ യുദ്ധംചെയ്താല്‍ സ്വപ്‌നങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി യുദ്ധംചെയ്യുമെന്ന് പൗലോ കൊയ്‌ലോ പറയുന്നുണ്ട്. ഓരോ വര്‍ഷം കടന്നുപോകുമ്പോഴും വിടാതെ മനുഷ്യന്‍ പിടിച്ചുനിര്‍ത്തുന്നത് അവന്റെ ശുഭ പ്രതീക്ഷകളെയാണ്. എല്ലാവേദനകള്‍ക്കും നഷ്ടങ്ങള്‍ക്കുമിടയിലും മുഷിഞ്ഞ സ്വപ്‌നങ്ങള വീണ്ടും അലക്കിയെടുത്ത് നാളെയുടെ ആത്മവിശ്വാസത്തിന്റെ അയയില്‍ തൂക്കിയിടുകയാണ് മനുഷ്യന്‍. നിലവിലുള്ളത് കെട്ടകാലമെന്നു നാം പരിതപിക്കുമ്പോഴും കെടാത്ത ഒരു കൈത്തിരി നാളെയിലേക്ക് നമ്മള്‍ നീട്ടിവെക്കുന്നുണ്ട്. നാളെ നമ്മുടെതാവുമെന്ന വിശ്വാസമാണ് വിഷാദഭരിതവും നിരാശാനിര്‍ഭരവുമായ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്.ഒരു ജന്മത്തില്‍ അനവധി വേഷങ്ങളുള്ള നിരവധി ജീവിതം നയിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത് നാളെയെന്ന വികാരമാണ്.

ജീവിതത്തില്‍ തകര്‍ച്ചകള്‍ നേരിടുമ്പോള്‍ അതു നമുക്കുമാത്രമുള്ള വിധിയാണെന്നു തെറ്റിദ്ധരിക്കുന്നവരുണ്ട്. അങ്ങനെ ലോകംമുഴുവനും നമ്മുടെ ശത്രുവാണെന്ന് തോന്നലുണ്ടാകുന്നു. പക്ഷേ നമ്മെക്കാളും തകര്‍ച്ച അന്യര്‍ക്കുണ്ടെന്ന സത്യം നാം പലപ്പോഴും ഈ തെറ്റിദ്ധാരണയില്‍ അറിയാതെ പോകുന്നു. നമുക്കു നഷ്ടങ്ങളുണ്ടാകുമ്പോഴാണ് നഷ്ടം ഒരു യാഥാര്‍ഥ്യമാണെന്നു നാം തിരിച്ചറിയുക. അല്ലാത്തിടത്തോളംകാലം വേദനയും നഷ്ടവും തകര്‍ച്ചയുമൊക്കെ അന്യര്‍ക്കുമാത്രം വിധിച്ചതാണെന്നു കരുതി ഒരുവ്യാജലോകത്തില്‍ നാം കഴിഞ്ഞെന്നുവരും.

സ്വാതന്ത്ര്യബോധത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ആധുനികലോകത്തു അന്യന്‍ നരകമാണെന്നു സാര്‍ത്ര് പറയുന്നുണ്ട്.മനുഷ്യന്‍ ശത്രുവാണെന്നല്ല സാര്‍ത്രിന്റെ പക്ഷം. മറ്റുള്ളവന്റെ അവകാശങ്ങളെ കവര്‍ന്നെടുക്കുമ്പോഴാണ് വാസ്തവത്തില്‍ അന്യന്‍ ശത്രുവാകുന്നത്. ഇന്നത്തെലോകത്ത് മനുഷ്യനു എതിരായി നില്‍ക്കുന്ന എല്ലാത്തരം അനധികൃതാവസ്ഥകളെയും പ്രതിരോധിക്കാന്‍ സമാധാനവും സ്‌നേഹവുംകൊണ്ടു സാധിക്കും. മറ്റുള്ളവരെ തോല്‍പ്പിക്കുന്നില്ലെന്നു മനസില്‍ ഉറപ്പിച്ചുകൊണ്ടുവേണം മത്സരിക്കാന്‍ തന്നെ. മത്സരത്തിനും വാശിക്കുംപകരം ആവശ്യം എന്നപദമാണ് കൂടുതല്‍ ഉചിതമെന്നു തോന്നുന്നു.

നമ്മള്‍ ആയിത്തീരുന്നതിലേക്കുള്ള സാധ്യതകളെ അങ്ങേയറ്റം വളര്‍ത്താനും പോഷിപ്പിക്കാനും കഠിന ശ്രമങ്ങളിലൂടെയും ചോരാത്ത ആത്മവിശ്വാസത്തിലൂടേയും കഴിയും. ആഗ്രഹങ്ങളെ പാലൂട്ടിവളര്‍ത്തുമ്പോള്‍ അത് അന്യരുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനുംമീതെ കൊത്താതിരിക്കുക. അനീതിയെ ചെറുക്കുകയും നീതിയോടു ചേര്‍ന്നിരിക്കുകയുമാണ് ജനാധിപത്യത്തോടു ആദരവും മനുഷ്യനോട് അടുക്കാനുമുള്ള ഏറ്റവും ലളിതമായ വഴി. മനുഷ്യന്‍ സൗകര്യമനുസരിച്ചു കാലത്തെവിഭജിച്ചു കലണ്ടറാക്കി ചുവരില്‍ തൂക്കുമ്പോള്‍ അത്തരം സമയ ഗണിതങ്ങള്‍ക്കപ്പുറവുംപോകാനുള്ള നീണ്ടൊരു സ്വപ്‌നത്തെയാണ് നാം പുതുവത്സരംതൊട്ട് പിന്‍തുടരേണ്ടത്. കാരണം അളവിലൊതുങ്ങാനുള്ളവയല്ല പ്രതീക്ഷകള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.