ബൈപ്പാസ് റോഡിന് ജീവന്‍ വെക്കുന്നു

Sunday 31 December 2017 6:46 pm IST


മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരത്തിലെ പ്രധാന ബൈപ്പാസ് റോഡിന് ജീവന്‍ വെക്കുന്നു. കണ്ണൂര്‍ റോഡില്‍ നിന്നും തലശ്ശേരി റോഡിലേക്ക് നഗരത്തിലെ ഗതാഗതക്കുരുക്കില്‍പ്പെടാതെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന റോഡിനാണ് ജീവന്‍ വെക്കുന്നത്.
കണ്ണൂര്‍ റോഡില്‍ നിന്നും ബൈപ്പാസ് റോഡിന്റെ പ്രവേശനഭാഗം മുതല്‍ ഏകദേശം 100 മീറ്ററോളം പോലീസ് ക്വാര്‍ട്ടേഴ്‌സിന്റെ പിറക് വശത്തുകൂടിയാണ് കടന്നു പോകുന്നത്. പോലീസ് വകുപ്പിന്റെ അനുമതിലഭിക്കാത്തത് കാരണം പദ്ധതി മുടങ്ങിക്കിടക്കുകയായിരുന്നു. ഏതാനുവര്‍ഷം മുമ്പ് നഗരസഭ ബൈപ്പാസ് റോഡ് നിര്‍മ്മിക്കാന്‍ വേണ്ടി മുന്‍കൈയെടുത്തുവെങ്കിലും പോലീസ് വകുപ്പ് സ്ഥലം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് കാണിച്ച് ഫയല്‍ മടക്കുകയായിരുന്നു. എന്നാല്‍ അന്താരാഷ്ട വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ നഗരത്തിലുണ്ടാവേണ്ട ഗതാഗത പരിഷ്‌കരണത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാണിച്ച് സ്ഥലം വിട്ടുകിട്ടുന്നതിനായി നഗരസഭ പോലീസ് വകുപ്പിന് വീണ്ടും അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. അനുകൂല നിലപാട് ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നഗരസഭ. ബസ് സ്റ്റാന്റില്‍ നിന്നും ഈ ബൈപ്പാസ് റോഡില്‍ ബന്ധപ്പെടാന്‍ സാധിക്കും. നിര്‍ദ്ദിഷ്ട ടാക്‌സി സ്റ്റാന്റ് വഴി പോകുന്ന റോഡിന്റെ മറ്റ് ഭാഗങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ പോലീസ് ക്വാര്‍ട്ടേഴ്‌സിനു പിറകുവശത്തു വരുന്ന റോഡില്‍ കാല്‍നടയാത്രക്ക് പോലും പറ്റാത്ത അവസ്ഥയാണുള്ളത്. ഒരു ഭാഗം കാടുകയറിയും മറുഭാഗം മാലിന്യവുമായി നിറഞ്ഞിരിക്കുകയാണ്. ബൈപ്പാസ് റോഡ് യാഥാര്‍ത്ഥ്യമായാല്‍ ഗവ.ആശുപത്രിയിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.