അസദ്‌ മനുഷ്യക്കുരുതി നിര്‍ത്തണമെന്ന്‌ ബാന്‍ കി മൂണ്‍

Saturday 18 June 2011 9:39 pm IST

ബ്രസീലിയ: നിരപരാധികളെ കൊന്നൊടുക്കുന്ന നടപടി അവസാനിപ്പിക്കാന്‍ സിറിയയിലെ ബാഷന്‍ അല്‍ അസദ്‌ ഭരണകൂടം തയ്യാറാകണമെന്ന്‌ ഐക്യരാഷ്ട്രസഭാ തലവന്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. ഡമാസ്കസില്‍ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തന്നെ ഞെട്ടിച്ചു കളഞ്ഞുവെന്നും സമവായ ചര്‍ച്ചകളിലൂടെ രാജ്യത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അസദ്‌ മുന്നോട്ടുവരണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനത്തിനായി എത്തിയ അദ്ദേഹം ബ്രസീലില്‍ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു. സിറിയയില്‍ വിമതര്‍ക്ക്‌ മേല്‍ സൈന്യം മനുഷ്യത്വരഹിതമായ ആക്രമണം നടത്തുകയാണെന്നും ആയതിനാല്‍ ആ രാജ്യത്തിന്‌ മേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്നും സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളായ രാജ്യങ്ങള്‍ ഐക്യരാഷ്ട്രസഭയോട്‌ ആവശ്യപ്പെട്ടിരുന്നു. യുഎസ്‌, ബ്രിട്ടന്‍, ഫ്രാന്‍സ്‌ എന്നീ രാജ്യങ്ങളാണ്‌ പ്രധാനമായും ഈ ആവശ്യത്തിലുറച്ചുനില്‍ക്കുന്നത്‌. എന്നാല്‍ റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ ഇത്തരമൊരു ആവശ്യത്തെ എതിര്‍ത്തതായാണ്‌ റിപ്പോര്‍ട്ടുകള്‍. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കമ്പനിയില്‍ സ്ഥിരാംഗത്വം ഇല്ലാത്ത രാജ്യമായ ബ്രസീലും ലിബിയയില്‍ സൈന്യം നടത്തുന്ന അതിക്രമങ്ങളെ അപലപിച്ചിരുന്നു. ഈജിപ്ത്‌, ടുണീഷ്യ എന്നിവിടങ്ങളിലെ പ്രക്ഷോഭങ്ങളെ പിന്തുടര്‍ന്ന്‌ മാര്‍ച്ച്‌ മധ്യത്തോടുകൂടി ആരംഭിച്ച ടുണീഷ്യന്‍ പ്രക്ഷോഭത്തിനിടയില്‍ സൈന്യവും വിമതരുമായുണ്ടായ ഏറ്റുമുട്ടലുകളില്‍ ഇതേവരെ 1,200 പേരോളം കൊല്ലപ്പെട്ടതായാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.
10,000 ത്തോളം പേരെ ഭരണകൂടം തടവിലാക്കിയതായും റിപ്പോര്‍ട്ടുണ്ട്‌. സിറിയയില്‍ വര്‍ഷങ്ങളായി തുടരുന്ന പ്രസിഡന്റ്‌ ബാഷര്‍ അല്‍-അസദിന്റെ സ്വേച്ഛാധിപത്യ ഭരണം അവസാനിപ്പിക്കുക എന്ന ആവശ്യവുമായാണ്‌ ജനങ്ങള്‍ പ്രക്ഷോഭം നടത്തുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.