ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍ന്നു

Monday 1 January 2018 2:30 am IST

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍ന്നു. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ നടപടിയെടുക്കാമെന്ന മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. അതേസമയം, പെന്‍ഷന്‍ പ്രായ വര്‍ധനവ് പിന്‍വലിക്കണമെന്ന ആവശ്യവും ബോണ്ട് സമ്പ്രദായം നിര്‍ത്തലാക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചില്ല.

പിജി സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യവും സമരക്കാര്‍ ഉന്നയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം തന്നെ പിജി സീറ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. ഇക്കാര്യത്തില്‍ സമരക്കാരുടെ ആവശ്യം പരിഗണിക്കാമെന്നും സമരം ചെയ്തവരോട് പ്രതികാര നടപടികള്‍ സ്വീകരിക്കില്ലെന്നും മന്ത്രി ഉറപ്പു നല്‍കി. അടുത്ത വര്‍ഷം കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കാനും റിപ്പോര്‍ട്ട് ചെയ്യാത്ത തസ്തികകള്‍ കണ്ടെത്തി നിയമനം നടത്താനും ശ്രമിക്കുമെന്നു മന്ത്രി പറഞ്ഞു.

ഡോക്ടര്‍മാര്‍ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി നിരാഹാരം ആരംഭിക്കാന്‍ തയാറെടുക്കുന്നതിനിടെയാണു സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറായത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെയും ഡെന്റല്‍ കോളജുകളിലെയും പിജി വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്മാരും റസിഡന്റ് ഡോക്ടര്‍മാരുമാണ് വെള്ളിയാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.