കായംകുളം താപനിലയത്തില്‍ നിന്ന് സോളാര്‍ വൈദ്യുതി ഉടന്‍

Monday 1 January 2018 2:30 am IST

ആലപ്പുഴ: കായംകുളം താപനിലയത്തില്‍ നിന്ന് ഇനി സൗരോര്‍ജ വൈദ്യുതിയും. കെഎസ്ഇബി വാങ്ങുമെങ്കില്‍ സോളാര്‍ വൈദ്യുതി ഉത്പ്പാദനം ഉടന്‍ തുടങ്ങുമെന്ന് കായംകുളം താപനിലയം അധികൃതര്‍ അറിയിച്ചു.

കരയില്‍ സ്ഥാപിക്കുന്ന പ്ലാന്റില്‍ നിന്ന് 15 മെഗാവാട്ട് വൈദ്യുതിയാണ് ആദ്യഘട്ടത്തില്‍ ഉത്പാദിപ്പിക്കുക. വെള്ളത്തില്‍ സ്ഥാപിച്ചിരിക്കുന്ന പ്ലാന്റില്‍ നിന്ന് 60 മെഗാവാട്ട് ഉള്‍പ്പെടെ 75 മെഗാവാട്ട് ഉത്പ്പാദനമാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ 15 മെഗാവാട്ടിന് മാത്രമാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്. സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ക്ഷണിച്ച ടെന്‍ഡറുകളുടെ പരിശോധന ഒന്‍പതിന് നടക്കും. വൈദ്യുതി വാങ്ങുന്നതിനായി കെഎസ്ഇബിയുമായി കരാറായാല്‍ മാത്രമെ തുടര്‍നടപടികളുമായി മുന്നോട്ട് പോകാന്‍ സാധിക്കു.

നിലയത്തിലെ വൈദ്യുതി ഉത്പ്പാദന ചെലവ് കൂടുതലായതിനാല്‍ കെഎസ്ഇബി അത്യാവശ്യഘട്ടങ്ങളില്‍ മാത്രമാണ് ഇവിടെ നിന്നും വൈദ്യുതി വാങ്ങുന്നത്. അതിനാല്‍ ഏറെ നാള്‍ ഉത്പ്പാദനം നടക്കാറില്ല. ഇന്ധനമായി വിലകൂടിയ നാഫ്ത ഉപയോഗിക്കുന്നതിനാലാണ് വൈദ്യുതിക്ക് നിരക്ക് കൂടുന്നത്. എന്നാല്‍ സോളാര്‍ വൈദ്യുതി വില കുറച്ച് നല്‍കാന്‍ കഴിയും.

പ്ലാന്റിന് ചുറ്റുമായി എന്‍ടിപിസിയ്ക്ക് നിരവധി ഹെക്ടര്‍ വെള്ളക്കെട്ടുള്ള പ്രദേശവും കരയും ഉള്ളതിനാല്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ എളുപ്പമാണ്. ചെലവ് കുറഞ്ഞ 100 കിലോ വാട്ട് ഫ്‌ളോട്ടിങ് സോളാര്‍ പ്ലാന്റ് മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്തിരുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് 20 ശതമാനം തീവ്രതയുള്ള സൂര്യപ്രകാശം ലഭിക്കുന്നതിനാല്‍ പദ്ധതി വിജയിക്കുമെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞു. കെഎസ്ഇബിയുടെ അനുമതി ലഭിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ സോളാര്‍ വൈദ്യുതി ഉത്പ്പാദനം ആരംഭിക്കാന്‍ കഴിയും.

വിതരണത്തിനായി പുതിയതായി സ്വിച്ച് ഗാര്‍ഡോ, ട്രാന്‍സ്മിഷന്‍ ചാനലുകളോ സ്ഥാപിക്കേണ്ടതില്ല. ഇതിനാല്‍ ചെലവും കുറവായിരിക്കുമെന്ന് ജനറല്‍ മാനേജര്‍ കുനാല്‍ ഗുപ്ത, പി. കൃഷ്ണകുമാര്‍, തോമസ് വര്‍ക്കി, കെ.എം. രാമകൃഷ്ണന്‍, അനില്‍ കുമാര്‍, സുബിഷ എന്നിവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.