നേരനുഭവകാലം

Monday 1 January 2018 2:30 am IST

നോട്ട് റദ്ദാക്കല്‍ ദേശീയ രാഷ്ട്രീയരംഗത്തെ അമ്പരപ്പിച്ച നാളുകളിലായിരുന്നു 2017 ന്റെ പിറവി. രാജ്യത്തിന്റെ സാമ്പത്തിക പരിഷ്‌കരണ പരിശ്രമങ്ങളുടെ ചരിത്രത്തില്‍ ചങ്കുറപ്പോടെ ഒരു ഭരണാധികാരി നടത്തിയ ചുവടുവെയ്പ് അഴിമതിയുടെയും കള്ളപ്പണത്തിന്റെയും അവസാനം കുറിക്കുമെന്ന് അറിവുള്ളവരൊക്കെ പറഞ്ഞിട്ടും അന്ധമായ രാഷ്ട്രീയവിരോധം കൊണ്ട് പ്രതിപക്ഷ കക്ഷികള്‍ അതിനെ എതിര്‍ത്തുകൊണ്ടേയിരുന്നു. അത്തരം എതിര്‍പ്പുകള്‍ക്ക് മോദി ഭരണകൂടത്തിന്റെ ശോഭ കെടുത്താനാവില്ലെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു കടന്നുപോകുന്ന വര്‍ഷത്തിന്റെ ജാതകക്കുറിപ്പ്.

രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി. വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി. നിര്‍മ്മല സീതാരാമന്‍ പ്രതിരോധ മന്ത്രിയായി. ഗോരഖ്പൂരിലെ സംന്യാസി, യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി അവരോധിക്കപ്പെട്ടതിലൂടെ ദേശത്തിന്റെ പുത്തന്‍ പ്രതീക്ഷയായി. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ജാതി രാഷ്ട്രീയത്തിന്റെയും മതപ്രീണനത്തിന്റെയും ദേശവിരുദ്ധതയുടെയും വക്കാലത്തേറ്റെടുത്തു. സോണിയഗാന്ധി വിരമിച്ചു. വര്‍ഷാവസാനത്തില്‍ രാഹുല്‍ കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേറ്റു. അല്‍പേഷും ജിഗ്നേഷും ഹാര്‍ദ്ദിക്കുമൊക്കെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ വഴികാട്ടികളാകുന്ന ദയനീയതയാണ് ഒടുവിലത്തെ ചിത്രം.

ലോകരാഷ്ട്രീയത്തില്‍ ഭാരതത്തിന്റെയും പ്രധാനമന്ത്രിയുടെയും സ്വാധീനം അരക്കിട്ടുറപ്പിച്ച വര്‍ഷമാണ് കഴിഞ്ഞുപോകുന്നത്. ലോക്‌സഭയിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പുകള്‍, യുപിയിലും ഗുജറാത്തിലും ഗോവയിലും ഉത്തരാഖണ്ഡിലും ഹിമാചലിലും അടക്കം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍, തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍… നോട്ട് മാറാന്‍ ക്യൂ നിന്നു തളര്‍ന്നുവെന്ന് രാഷ്ട്രീയബുദ്ധികേന്ദ്രങ്ങളും മാധ്യമങ്ങളും പരിതപിച്ച സാധാരണക്കാര്‍ വോട്ട് കൊണ്ട് ദേശീയ സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ക്ക് തുല്യം ചാര്‍ത്തി. ആ ഊര്‍ജ്ജമാണ് ഒരു രാജ്യം ഒരു നികുതി എന്ന സാമ്പത്തികവിപ്ലവത്തിലേക്ക് കുതിക്കാന്‍ ഭരണാധികാരികള്‍ക്ക് പ്രേരണയായത്.

ജൂണ്‍ 30ന് അര്‍ധരാത്രിയിലാണ് ചരക്കുസേവന നികുതി ഏകീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. 2016 നവംബര്‍ എട്ടിന്റെ രാത്രി കടന്നപ്പോഴെന്നപോലെ ഇക്കുറിയും പ്രതിപക്ഷം സാധാരണക്കാരന്റെയും വ്യാപാരികളുടെയും പേരില്‍ മുറവിളി കൂട്ടി. ജിഎസ്ടി ഗുജറാത്തില്‍ മോദിപ്രഭാവത്തിന് തിരിച്ചടിയാകുമെന്നായിരുന്നു അവലോകന വിദഗ്ധരുടെ പ്രവചനം. എന്നാല്‍ ഡിസംബര്‍ 18 ന് ആറാം തവണയും ഗുജറാത്ത് മോദിയുടെ വികസനരാഷ്ട്രീയത്തെ തുണച്ചു. ഒപ്പം ഒരിക്കല്‍ കൈവിട്ട ഹിമാചലും ബിജെപി കൈപ്പിടിയിലൊതുക്കി. ഒടുവില്‍ 2017 അവസാനിക്കുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക നിലയില്‍ വന്‍ കുതിച്ചുചാട്ടമെന്ന് മൂഡീസ് റേറ്റിങും ഐഎംഎഫും ഒരേ സ്വരത്തില്‍ പറയുന്നു.

ബ്രിട്ടനെ മറികടന്ന് ലോകസാമ്പത്തിക ശക്തികളില്‍ ആറാം സ്ഥാനത്തേക്ക് ഇന്ത്യ കടന്നു എന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സാമ്പത്തിക പരിഷ്‌കരണ വിവാദങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രതികരണവും ശ്രദ്ധേയമായിരുന്നു, ‘എത്ര എതിര്‍ വികാരമുയര്‍ന്നാലും പരിഷ്‌കരണ നടപടികള്‍ മുന്നോട്ടുതന്നെ പോകും’ എന്ന വിട്ടുവീഴ്ചയില്ലാത്ത പ്രഖ്യാപനമായിരുന്നു അത്. ബീഹാറിലെ അഴിമതി രാഷ്ട്രീയത്തോടുള്ള ബാന്ധവം മതിയാക്കി നിതീഷ്‌കുമാര്‍ വീണ്ടും എന്‍ഡിഎയില്‍ ചേക്കേറിയത് ഇതേ കാലത്താണ്.

രാജ്യസുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്ന ഒന്നിനെയും വച്ചുപൊറുപ്പിക്കില്ല എന്നതുമാത്രമല്ല, പിന്‍തുടര്‍ന്ന് ഇല്ലാതാക്കും എന്നതായി രാജ്യത്തിന്റെ ഔദ്യോഗിക നയം. ജമ്മുകശ്മീരില്‍ മാത്രം 205 ഭീകരരെയാണ് ഇല്ലാതാക്കിയത്, അതും ലഷ്‌കറെ തൊയ്ബ കമാന്‍ഡര്‍ അബു ദുജാന അടക്കമുള്ളവര്‍. നഗരങ്ങളില്‍ സ്‌ഫോടനങ്ങള്‍ തുടര്‍ക്കഥയായിരുന്ന കാലം ഇപ്പോള്‍ പഴങ്കഥയായി. ദേശവിരുദ്ധരുടെ ലാവണങ്ങളായിരുന്ന കേന്ദ്ര സര്‍വകലാശാലകള്‍ ശുദ്ധീകരിക്കപ്പെട്ടു.

അതേസമയം രാഷ്ട്രീയവിരോധം എത്രകണ്ട് രാഷ്ട്രവിരുദ്ധമാകുന്നു എന്നതിനും ഈ വര്‍ഷം തെളിവുകള്‍ തന്നു. രാജ്യത്തെ പ്രധാന പാര്‍ട്ടികളിലൊന്നായ കോണ്‍ഗ്രസ് രാഷ്ട്രീയനേട്ടം ലാക്കാക്കി പാക്കിസ്ഥാനോടുപോലും സഹായം തേടുന്നതിന്റെ വാര്‍ത്തകളും ചിത്രങ്ങളും നാടിനെ ഞെട്ടിച്ചു. ജാതിവാദവും മതഭീകരതയും രാഷ്ട്രീയത്തിലെ കുറുക്കുവഴികളായി പരസ്യമായി അംഗീകരിച്ചുകൊണ്ടാണ് അവര്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

പ്രാദേശിക രാഷ്ട്രീയത്തിന്റെയും ജാതി രാഷ്ട്രീയത്തിന്റെയും ഈറ്റില്ലമായിരുന്ന ഉത്തര്‍പ്രദേശില്‍ കണ്ടതായിരുന്നു ഹിന്ദുത്വദേശീയതയുടെ കരുത്ത്. സാധാരണ മുസ്ലിം, ഹിന്ദുത്വത്തിനെതിരാണെന്ന വായ്ത്താരിയെ തകര്‍ത്തുകളഞ്ഞു ഉത്തരപ്രദേശിലെ ജനങ്ങള്‍. ഒറ്റ മുസ്ലിം സ്ഥാനാര്‍ത്ഥിയെപ്പോലും അണിനിരത്താതെ ഒറ്റയ്ക്ക് ജയിച്ചുകയറുകയായിരുന്നു ബിജെപി. വിജയത്തിന് ശേഷം മുഖ്യമന്ത്രിയായി അവരോധിക്കപ്പെട്ടതോ കടുത്ത വര്‍ഗീയവാദിയെന്ന് എതിരാളികളുടെ നുണപ്രചാരണത്തിനിരയായ ഗോരഖ്പൂരിലെ യോഗി ആദിത്യനാഥും. പോയവര്‍ഷത്തെ ദുരന്തകാഴ്ചകളിലൊന്നായി ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജിലെ പിഞ്ചുകുഞ്ഞുങ്ങളുടെ മസ്തിഷ്‌കജ്വരം മൂലമുള്ള മരണം.

മധുര്‍‘ഭണ്ഡാര്‍ക്കറിന്റെ ‘ഇന്ദു’ എന്ന സിനിമയ്‌ക്കെതിരെ വാളോങ്ങിയവര്‍ ‘പത്മാവതി’യുടെ പേരില്‍ കേന്ദ്രസര്‍ക്കാരിനെതിരെ തിരിയുന്നത് രാജ്യം കണ്ടു. ബെംഗളൂരുവില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരിയുടെ ചോരയില്‍ നിന്ന് മുതലെടുപ്പിന് ഇറങ്ങിയവര്‍ ത്രിപുരയില്‍ കൊലചെയ്യപ്പെട്ട ശന്തനുഭൗമിക്കിനെ കണ്ടില്ലെന്ന് നടിച്ചു.

തമിഴകരാഷ്ട്രീയം ജയലളിതയുടെ വിടവാങ്ങലിനുശേഷം നാഥനില്ലാത്ത തൊഴുത്തായി മാറുന്ന കാഴ്ചയും പോയവര്‍ഷത്തിന്റേതായുണ്ട്. ജയയുടെ പിന്‍ഗാമിയാകാന്‍ കച്ചകെട്ടിയിറങ്ങി വി.കെ. ശശികല അധികാരത്തിന്റെ പടിചവിട്ടും മുമ്പ് അഴികള്‍ക്കുള്ളിലായി. ‘അമ്മ’യുടെ ശവകുടീരത്തില്‍ കൈ ഉയര്‍ത്തിയടിച്ച് ‘തിരുമ്പി വറേന്‍’ എന്ന് പ്രതിജ്ഞ ചെയ്ത് അകത്തുപോയ ശശികലയുടെ അനന്തരവന്‍ ടി.ടി. ദിനകരന്‍ ജയയുടെ മണ്ഡലത്തില്‍നിന്ന് സ്വതന്ത്രനായി ജയിച്ചുകയറുന്നതും വര്‍ഷാന്ത്യകാഴ്ചയായി. ദിനകരന്റെ ജയം മുഖ്യമന്ത്രി എടപ്പാടിക്കും പനീര്‍ ശെല്‍വത്തിനും മാത്രമല്ല, താരപ്രഭാവം മുതലാക്കി രാഷ്ട്രീയക്കളിക്കൊരുമ്പെട്ട കമലഹാസന്റെ മോഹങ്ങള്‍ക്കുകൂടിയാണ് തിരിച്ചടിയാകുന്നത്. തമിഴകരാഷ്ട്രീയത്തില്‍ മന്നാര്‍ഗുഡിമാഫിയ വാഴ്ച തുടരുമെന്ന സൂചനകളുണ്ട് ദിനകര വിജയത്തില്‍.

ഭാരതത്തിന്റെ കുതിപ്പായിരുന്നു ശാസ്ത്രരംഗത്തും ദൃശ്യമായത്. ആണവ മിസൈല്‍ അഗ്നി 4 ന്റെ വിജയകരമായ വിക്ഷേപണത്തോടെ തുടങ്ങിയ കുതിപ്പ് ഉപഗ്രഹവിക്ഷേപണത്തില്‍ വിപ്ലവം സൃഷ്ടിച്ചു. ഫെബ്രുവരി 15 ന് 31 ഉപഗ്രഹങ്ങളുമായി കുതിച്ച പിഎസ്എല്‍വി-സി 38 ഐഎസ്ആര്‍ഒയുടെ വിജയചരിത്രത്തില്‍ നാഴികക്കല്ലായി. വിക്ഷേപിക്കപ്പെട്ട 31ല്‍ 29 ഉപഗ്രഹങ്ങളും മറ്റ് രാജ്യങ്ങളുടേതായിരുന്നു. വിവരസാങ്കേതികരംഗത്തും വിസ്മയം സൃഷ്ടിച്ച മുന്നേറ്റമാണ് ഐഎസ്ആര്‍ഒ നടത്തിയത്. ജി സാറ്റ് 7 എ, ജി സാറ്റ് 9, ജി സാറ്റ് 11, ജി സാറ്റ് 17, ജി സാറ്റ് 19 ഇങ്ങനെ ഉപഗ്രഹവിക്ഷേപണ ചരിത്രത്തില്‍ സമാനതകളില്ലാത്ത വിജയഗാഥ.
ഇച്ഛാശക്തി കൈമുതലാക്കിയ ദേശീയ നേതൃത്വത്തിന്റെ ഇടപെടലുകളാണ് പോയവര്‍ഷത്തിന്റെ പ്രതീക്ഷകളായി ബാക്കിനില്‍ക്കുന്നത്. മുത്തലാഖ് ക്രിമിനല്‍ക്കുറ്റമാക്കിയതും ഹരിയാനയിലെ കള്ളസ്വാമി ഗുര്‍മീത് റാം റഹിമിനെ കയ്യാമംവച്ചതും അത്തരം കരുത്തുറ്റ ഇടപെടലുകളുടെ സൂചനകളാണ്. ടുജി സ്‌പെക്ട്രം കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ട കോടതി വിധി അതിന്റെ തെളിവാണ്.

രാഷ്ട്രം പരമവൈഭവ പ്രാപ്തിയിലേക്കുള്ള ചുവടുവെയ്പിലാണ്. ഒരു രാഷ്ട്രം ഒരു നിയമം എന്ന വിപ്ലവത്തിലേക്ക് അധിക ദൂരമില്ല. ലക്ഷ്യം നിര്‍ണയിക്കപ്പെട്ടിരിക്കുന്നു. അതിലേക്ക് അതിവേഗമുള്ള കുതിപ്പ്. പുതുവര്‍ഷം നന്മകളുടെ വിളവെടുപ്പ് കാലമാകും. ഒരു ഭാവാത്മക ‘ഭരണകൂടം ജനങ്ങള്‍ക്ക് നേരനുഭവമാകുന്ന കാലം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.