സിപിഎം ജില്ലാസമ്മേളനത്തില്‍ പുതിയ പോര്‍മുഖം തുറക്കും

Monday 1 January 2018 12:00 am IST

വാസവനെതിരെ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരത്തിന് സാധ്യത
കോട്ടയം: ഇന്നാരംഭിക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ ചൂട് പിടിച്ച് ചര്‍ച്ചകള്‍ക്കും വെട്ടിനിരത്തലുകള്‍ക്കും സാധ്യത.
നിലവിലെ ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്‍ രണ്ടാം വട്ടവും സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ കരുക്കള്‍ നീക്കവേ എതിര്‍ വിഭാഗം പുതിയ തന്ത്രങ്ങള്‍ മെനയുകയാണ്.ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉണ്ടാകാനുള്ള സാദ്ധ്യത കൂടി വന്നത് നേതൃത്വത്തെ ആശങ്കയിലാക്കുകയാണ്.പാര്‍ട്ടിയിലെ വാസവന്റെ ഒറ്റയാന്‍ ശൈലിയെ എതിര്‍ക്കുന്നവരുടെ ശബ്ദം കൂടി വരുന്നതും നേതൃത്വത്തെ അലസോരപ്പെടുത്തുന്നുണ്ട്.ഏരിയ സമ്മേളനങ്ങളില്‍ ഇത് പ്രകടമായിരുന്നു. സമ്മേളനത്തില്‍ പുതിയ പോര്‍മുഖം തുറക്കുമ്പോള്‍ പഴയ വിഎസ് പക്ഷം നിലംപരിശാകാനും സാധ്യതയുണ്ട്.
സാധാരണ പ്രവര്‍ത്തകരോട് വാസവന്‍ അകലം പാലിക്കുമ്പോള്‍ സമ്പന്നരോടാണ് അടുപ്പം കാണിക്കുതെന്ന പരാതി വ്യാപകമാണ്.സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജില്ലാ സെക്രട്ടറിയെ കാണാന്‍ കൂടി കഴിയുന്നില്ലെ ആരോപണവും ശക്തമാണ്.നദീസംയോജന പരിപാടികളിലൂടെ ജനകീയ മുഖം ഉണ്ടാക്കാന്‍ ശ്രമിച്ച അഡ്വ:കെ.അനില്‍കുമാര്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുമോ എന്ന ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ വ്യാപകമാണ്. പദ്ധതിയെ അട്ടിമറിക്കാന്‍ വാസവന്‍ വിഭാഗം ശ്രമിച്ചുവെന്ന ആരോപണം ശക്തമായിരുന്നു. പ്രതിനിധികളുടെ പിന്തുണ ലഭിച്ചാല്‍ മത്സരിക്കണമെന്ന നിലപാടാണ് അനില്‍കുമാറിനെ പിന്തുണക്കുന്ന വിഭാഗത്തിന്റെത്.അനില്‍കുമാറിന്റെ ഫോണ്‍ വാസവന്‍ ചോര്‍ത്തിയ സംഭവം പാര്‍ട്ടിക്കുള്ളിലും പുറത്തും വലിയ ചര്‍ച്ചയായിരുന്നു.
14ഏരിയാ കമ്മറ്റിയില്‍ നിന്നും 267 ഓളം പ്രതിനിധികളാണ് സമ്മേളനത്തില്‍ എത്തുന്നത്.പുതുപ്പള്ളി ഏരിയാ സമ്മേളനത്തിലും കോട്ടയം ഏരിയാ സമ്മേളനത്തിലും നേതൃത്വത്തെ ഞെട്ടിച്ചു കടുത്ത മത്സരം നടന്നു.ചങ്ങനാശ്ശേരിയിലും വിഭാഗീയത രൂക്ഷമായിരുന്നു. പുതുപ്പള്ളി ഏരിയാ സെക്രട്ടറി സ്ഥാനത്തേക്കു നടന്ന വാശിയേറിയ മത്സരത്തില്‍ ഒരു വോട്ടിനാണ് വാസവന്‍ വിഭാഗത്തിലെ ശക്തനായ നേതാവ് സാബുവിനെ തോല്പിച്ച് സുഭാഷ്.പി. വര്‍ഗീസ് സെക്രട്ടറിയായത്.കോട്ടയം ഏരിയാ സമ്മേളനത്തില്‍ മഹിളാ അസോസിയേഷന്‍ നേതാവ് പി.എന്‍.സരസമ്മാള്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല.ബി.ശശികുമാറാണ് വിജയിച്ചത്.
വി.എന്‍.വാസവന്‍ പാര്‍ട്ടിയില്‍ പിടിമുറുക്കുന്നതായി തോന്നല്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. സിപിഎമ്മില്‍ മാത്രമല്ല പോഷക സംഘടനകളിലും വാസവന്റെ അപ്രമാദിത്വം പ്രകടമാണ്. വാസവന് എതിരെ സമ്മേളനത്തില്‍ വെല്ലുവിളി ഉയര്‍ത്താന്‍ ആര്‍ക്കു കഴിയുമെന്ന ചോദ്യമാണ് സമ്മേളനം ഉയര്‍ത്തുന്നത്. ഇതോടപ്പം ജില്ലയിലെ രാഷ്ടീയ സംഭവ വികാസങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തും പൂഞ്ഞാറിലും നേരിട്ട ദയനീയ തോല്‌വി ചര്‍ച്ചയ്ക്ക് വരാം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സ്വന്തം തട്ടകത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ കാനത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉണ്ടാകാനും സാധ്യതയുണ്ട്. കൂടാതെ മാണി വിഭാഗവുമായുള്ള സഹകകണത്തെ സംബന്ധിച്ചും നേതൃത്വം വിശദീകരിക്കേണ്ടി വരും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.