ഗോകുലം കേരള എഫ്‌സിക്ക് വീണ്ടും തോല്‍വി

Monday 1 January 2018 2:30 am IST

കോഴിക്കോട്: ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിയ്ക്ക് വീണ്ടും തോല്‍വി. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഐസ്വാള്‍ എഫ്‌സി ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഗോകുലത്തെ പരാജയപ്പെടുത്തി ്.

ആദ്യപകുതിയുടെ അവസാന മിനിറ്റില്‍ ഗോകുലത്തിന്റെ ഡാനിയല്‍ ആഷ്ലി അഡോ ദാനം നല്‍കിയ ഗോളില്‍ ഐസ്വാള്‍ മുന്നിലെത്തി. 52-ാം മിനിറ്റില്‍ ആന്ദ്രെ ലോനെസ്‌കോയിലൂടെ ഐസ്വാള്‍ എഫ്‌സി രണ്ടാം ഗോള്‍ നേടി. ജയത്തോടെ അഞ്ച് കളിയില്‍ നിന്ന് പത്തു പോയന്റുമായി ഐസ്വാള്‍ പോയിന്റ് നിലയില്‍ ആറാമതെത്തി. ആറുകളിയില്‍ നിന്ന് നാല് പോയിന്റ് മാത്രമുള്ള ഗോകുലം ഒന്‍പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ആദ്യപകുതിയില്‍ ഐസ്വാളിന് മുന്നില്‍ പിടിച്ചുനിന്ന കേരളം രണ്ടാംപകുതിയില്‍ തീര്‍ത്തും പരുങ്ങി. ഐസ്വാളിന്റെ വിദേശതാരങ്ങള്‍ തീര്‍ത്ത പ്രതിരോധ കോട്ട മറികടക്കാന്‍ കേരള യുവതാരങ്ങള്‍ക്ക് കഴിഞ്ഞില്ല. മധ്യനിരയില്‍ ക്യാപ്റ്റന്‍ മുഹമ്മദ് റാഷിദിനേയും യുവതാരം അര്‍ജുന്‍ ജയരാജിനേയും മുന്‍നിര്‍ത്താണ് കേരളം അക്രമിച്ചത്. മുന്നേറ്റത്തില്‍ ഉസ്മാന്‍ ആഷികും ലല്‍ഡംപ്യുയയും ചില ഒറ്റപ്പെട്ട നീക്കങ്ങള്‍ നടത്തിയതൊഴിച്ചാല്‍ ഐസ്വാള്‍ പ്രതിരോധത്തിന് കാര്യമായ ഭീഷണിയുണ്ടായില്ല.

ഒന്‍പതാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് ഉസ്മാന്‍ ആഷിക് എടുത്ത ഫ്രീകിക്ക് വളരെ പാടുപെട്ടാണ് ഐസ്വാളിന്റെ ഗോളി മാസിഹ് സൈഗാനി രക്ഷപ്പെടുത്തിയത്. 20-ാം മിനിറ്റില്‍ മധ്യനിരതാരം മുഹമ്മദ് ഇര്‍ഷാദിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പറന്നകന്നു. 45-ാം മിനിറ്റിലാണ് ആദ്യ ഗോളിന് വഴിയൊരുങ്ങിയത്. ഇടതുവിങില്‍ നിന്ന് ഐസ്വാള്‍താരം ലാല്‍റാം ഹുമനവിയ ബോക്സിലേക്ക് ഉയര്‍ത്തിയ ക്രോസ് കയുഗോ കൊബയാശിയുടെ ശരീരത്തില്‍തട്ടി പോസ്റ്റിലേക്ക് നീങ്ങവെ തട്ടിയകറ്റാനുള്ള കേരളപ്രതിരോധതാരം ഡാനിയല്‍ അഡോയ്ക്ക് പിഴച്ചു. സെല്‍ഫോ ഗോളായി പന്ത് വലയിലേക്ക്.

രണ്ടാംപകുതിയില്‍ കേരള ടീം ഉണര്‍ന്നുകളിച്ചു. എന്നാല്‍ പകരകാരനായി ഇറങ്ങിയ ഫോര്‍വേഡ് ആരിഫ് ഷെയ്കിന്റെ പിഴവ് മുതലെടുത്താണ് കൗണ്ടര്‍ അറ്റാക്കിലൂടെ ഐസ്വാള്‍ രണ്ടാമതും വലകുലുക്കിയത്. മൈതാന മധ്യത്തില്‍ നിന്ന് കിട്ടിയ പാസുമായി മുന്നേറിയ റൊമേനിയന്‍ താരം ആന്ദ്രെ ലോനെസ്‌കോ രണ്ട് കേരള പ്രതിരോധതാരങ്ങളെ കബളിപ്പിച്ച് ബോക്സില്‍വെച്ച് ഉതിര്‍ത്ത വലംകാലന്‍ഷോട്ട് ഗോളി നിഖിലിനെ മറികടന്ന് പോസ്റ്റിന്റെ ഇടത്തേമൂലയില്‍ വിശ്രമിച്ചു.

അടുത്ത മത്സരത്തില്‍ ഗോകുലം ജനുവരി ആറിന് വൈകിട്ട് അഞ്ചിന് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ മിനര്‍വ്വ പഞ്ചാബ് എഫ്‌സിയെ നേരിടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.