സിപിഎം പത്തനംതിട്ട ജില്ലാകമ്മറ്റിയില്‍ ആരോപണ വിധേയരും ഇടംപിടിച്ചു

Monday 1 January 2018 2:30 am IST

തിരുവല്ല: ആരോപണ പ്രത്യാരോപണങ്ങള്‍ക്കൊടുവില്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി തെരഞ്ഞെടുത്തു. സദാചാര വിഷയങ്ങളില്‍ അടക്കം പേരുദോഷം കേട്ട നിലവിലെ ജില്ലാ കമ്മറ്റിയില്‍ നിന്നും ഏഴുപേരെ ഒഴിവാക്കിയും പുതുമുഖങ്ങളടക്കം എട്ടുപേരെ ഉള്‍പ്പെടുത്തിയും 33 അംഗം കമ്മറ്റിയെയാണ് പുതുതായി തെരഞ്ഞെടുത്തത്.

നിലവിലെ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുതന്നെ ഇത്തവണയും തുടരും. അച്ചടക്ക നടപടികള്‍ക്ക് കീഴ്ഘടകം ശുപാര്‍ശ ചെയ്ത നേതാക്കളെ അടക്കം ജില്ലാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പ്രവര്‍ത്തകരില്‍ കല്ലുകടി തുടരുകയാണ്. പെരുനാട് ഏരിയ കമ്മിറ്റി രൂപീകരണ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയ പി.എസ്. മോഹനനെ വീണ്ടും കമ്മറ്റിയില്‍ പരിഗണിച്ചതിനെതിരെ സോഷ്യല്‍ മീഡിയകളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. രൂക്ഷമായ വിഭാഗീയ പ്രശ്‌നങ്ങളുള്ള പത്തനംതിട്ടയില്‍ സംസ്ഥാന നേതാക്കള്‍ ഇടപെട്ടാണ് സമവായം ഉണ്ടാക്കിയത്. എന്നാല്‍ വരുംദിനങ്ങള്‍ പുതിയ ജില്ലാകമ്മറ്റിയ്ക്ക് ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ സമ്മേളനത്തില്‍ വിഎസ് പക്ഷക്കാരടക്കം ഔദ്യോഗിക പക്ഷത്തേക്ക് ചുവട് മാറിയിരുന്നു. എന്നാല്‍ ഇത്തവണ വ്യക്തികേന്ദ്രീകൃത വിഭാഗീയ വിഷയങ്ങളിലേക്കാണ് കാര്യങ്ങളെത്തിയത്. ഇതില്‍ സംസ്ഥാന നേതൃത്വത്തിനുള്ള എതിര്‍പ്പ് കോടിയേരി ബാലകൃഷ്ണന്‍ തന്നെ പരസ്യമായി വ്യക്തമാക്കിയതുമാണ്. പാര്‍ട്ടിയില്‍ വ്യക്തിപൂജ നടക്കില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ പരാമര്‍ശം. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിനെ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്തവര്‍ പുകഴ്ത്തി സംസാരിച്ചതിനെതിരെയായിരുന്നു ഇത്. പ്രതിനിധികളെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചതാണോ എന്നും കോടിയേരി ബാലകൃഷ്ണന്‍ സംശയം പ്രകടിപ്പിച്ചു.

ജില്ലാ സമ്മേളനത്തിലെ പ്രതിനിധികള്‍ക്കു മുന്നില്‍ വച്ചായിരുന്നു ശകാരം. പാര്‍ട്ടി നേതൃത്വത്തിന്റെ ഏകാധിപത്യ പ്രവണതകളില്‍ പ്രതിഷേധിച്ച് പെരിങ്ങരയിലും മല്ലപ്പള്ളിയിലും ലോക്കല്‍കമ്മറ്റി നേതാക്കള്‍ രാജിവെച്ച് പുറത്ത് പോയതിനെ തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തകരുടെ കൊഴിഞ്ഞ് പോക്ക് അടക്കം രൂക്ഷമായ പ്രശ്‌നങ്ങള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.