വളാഞ്ചേരിയില്‍ കുരുക്കൊഴിയുന്നില്ല

Monday 1 January 2018 12:43 am IST

വളാഞ്ചേരി: രൂക്ഷമായ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന വളാഞ്ചേരി നഗരത്തിന് ഇതുവരെ മോചനമില്ല. നഗരസഭയായി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും നഗരത്തിലെ ഗതാഗതം സുഗമമാക്കുന്നതിനുള്ള പദ്ധതികള്‍ ഇപ്പോഴും നടപ്പായിട്ടില്ല.
സെന്‍ട്രല്‍ കവലയിലെ തിരക്ക് ഒഴിവാക്കാന്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ ബജറ്റ് നിര്‍ദേശത്തില്‍ ഒതുങ്ങി. മൂച്ചിക്കല്‍കരിങ്കല്ലത്താണി ലിങ്ക് റോഡ്, മീമ്പാറവൈക്കത്തൂര്‍ ബൈപാസ് എന്നിവ വീതികൂട്ടുന്നതിനു നഗരസഭ ആവിഷ്‌കരിച്ച പദ്ധതികളും നടന്നില്ല.
റിങ് റോഡിനു ബജറ്റില്‍ വകയിരുത്തിയ തുകയും പാഴാകാനാണ് സാധ്യത.
കോഴിക്കോട് റോഡില്‍ ദീര്‍ഘദൂര ബസുകള്‍ നിര്‍ത്തുന്നതിനു ബസ്‌ബേ, പെരിന്തല്‍മണ്ണ റോഡിലെ ഗതാഗത പരിഷ്‌കരണം, ബസ് സ്റ്റാന്‍ഡ് കവാടത്തിലെ ഇടുങ്ങിയ വഴി വീതികൂട്ടല്‍, ഓട്ടോ സ്റ്റാന്‍ഡുകള്‍ ഏകീകരിക്കല്‍, ടാക്‌സികാറുകള്‍ക്കു പ്രത്യേക സ്റ്റാന്‍ഡ് അനുവദിക്കല്‍ എന്നിവയെല്ലാം അത്യവശ്യം നഗരത്തില്‍ നടപ്പാക്കേണ്ട കാര്യങ്ങളാണ്.
സെന്‍ട്രല്‍ കവലയില്‍ ഫ്രീലെഫ്റ്റ് സംവിധാനത്തിനായി അരികു വീതികൂട്ടിയത് സൗകര്യമായെങ്കിലും വഴിയാത്രക്കാര്‍ ജീവന്‍ പണയംവച്ചാണ് നടക്കുന്നത്.
വൈക്കത്തൂര്‍ റോഡ് വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് പാതയോരത്ത് താമസിക്കുന്നവരുമായി നഗരസഭാധികൃതര്‍ നടത്തിയ ചര്‍ച്ചയും വിഫലമായി.
കഞ്ഞിപ്പുരമൂടാല്‍ ബൈപാസ് പണി പൂര്‍ത്തിയാക്കുന്നത് അനന്തമായി നീളുകയാണ്. അവധി ദിവസങ്ങള്‍ക്കു തലേന്ന് വളാഞ്ചേരി ടൗണിലെ സെന്‍ട്രല്‍ കവലയില്‍ മണിക്കൂറുകള്‍ നീളുന്ന കുരുക്കാണ്.
കുരുക്കൊഴിവാക്കാനാവട്ടെ ചുരുക്കം നിയമപാലകരും. അതുകൊണ്ടുതന്നെ നഗരത്തിലെത്തുന്നവരും കച്ചവടക്കാരും ഡ്രൈവര്‍മാരുമെല്ലാം തിരക്ക് നിയന്ത്രിക്കാന്‍ റോഡിലിറങ്ങേണ്ട ഗതികേടിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.