മേലാറ്റൂര്‍ ഇനി വിരല്‍ത്തുമ്പില്‍

Monday 1 January 2018 12:44 am IST

മേലാറ്റൂര്‍: മേലാറ്റൂര്‍ ഇനി വിരല്‍ത്തുമ്പില്‍. സാംസ്‌കാരിക തനിമയില്‍ സമ്പന്നമായ മേലാറ്റൂര്‍ ഗ്രാമത്തിന്റെ സമഗ്ര വിവരങ്ങളും ഉള്‍പ്പെട്ട മൊബൈല്‍ ആപ്ലിക്കേഷന് രൂപം നല്‍കി. മേലാറ്റൂരിന്റ സ്പന്ദനങ്ങള്‍ നാട്ടുകാര്‍ക്കും മറുനാട്ടുകാര്‍ക്കും ലോകത്തിന്റെ നാനാഭാഗത്തേക്കുമെത്തിക്കുക, മേലാറ്റൂരിന്റ സംസ്‌കാരവും പൈതൃകവും പെരുമയും ചരിത്രവും അറിയാനും പൊതുജനങ്ങള്‍ക്ക് നിത്യജീവിതത്തില്‍ ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുക, തലമുറകള്‍ക്ക് അറിവു പകരുക എന്നീ ലക്ഷ്യത്തോടെയാണ് ‘ഫോക്കസ് മേലാറ്റൂര്‍’ ആപ്ലിക്കേഷന്‍ ആരംഭിച്ചിരിക്കുന്നത്.
തത്സമയ വാര്‍ത്തകള്‍, ചരിത്രവും പെരുമയും പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങള്‍, പഞ്ചായത്ത് അംഗങ്ങളുടെ വിവരങ്ങള്‍, മേലാറ്റൂരിലെ പൗരപ്രമുഖര്‍ അവരുടെ സംഭാവനകള്‍, വ്യാപാര സ്ഥാപനങ്ങള്‍, വാഹനങ്ങളുടെ നമ്പറുകള്‍, രക്ത ഗ്രൂപ്പ് ഡയറക്ടറി, തൊഴില്‍ മേഖലകള്‍ നമ്പറുകള്‍, ഡിജിറ്റല്‍ മേലാറ്റൂര്‍ തുടങ്ങി നിരവധി വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാകും.
പൊതുജനങ്ങള്‍ക്ക് പഞ്ചായത്തിന്റെ വിവിധ ആവശ്യങ്ങള്‍, അപേക്ഷകള്‍, വാര്‍ഷിക പദ്ധതികള്‍, സ്വപ്‌ന പദ്ധതികള്‍ എന്നിവ അറിയാനും നിര്‍ദ്ദേശങ്ങള്‍ രേഖപ്പെടുത്താനും ആപ്പില്‍ സൗകര്യമുണ്ട്. ലാപ് ആന്‍ഡ്രോ സയന്‍സ് കമ്പനിയാന്ന് ‘ഫോക്കസ് മേലാറ്റൂര്‍ ‘രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം ലഭ്യമാകുന്നതിന് മൊബൈലില്‍ പ്ലേ സ്റ്റോറില്‍ എീരൗ ൊലഹമേtuൃ ടൈപ്പ് ചെയ്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കമലം അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ.സിദ്ദീഖ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.സുഗുണ പ്രകാശ്, പഞ്ചായത്ത് മെമ്പര്‍ വി.ഇ.ശശിധരന്‍, സാംസ്‌കാരിക പ്രവര്‍ത്തകരായ സി.ടി കുഞ്ഞാപ്പു, പി.പി.കബീര്‍, കെ.ടി.ഇഖ്ബാല്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.