ബിജെപി പ്രവര്‍ത്തകരെ വേട്ടയാടി കുണ്ടറ എസ്‌ഐ

Monday 1 January 2018 10:53 am IST

കുണ്ടറ: ജനമൈത്രി പോലീസ് സ്റ്റേഷനില്‍ ചാര്‍ജെടുത്ത അന്നുമുതല്‍ ബിജെപി പ്രവര്‍ത്തകരോടു വൈരാഗ്യബുദ്ധിയോടെ മാത്രം പ്രവര്‍ത്തിക്കുന്ന എസ്‌ഐക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. നേരത്തെ ഇടതുപക്ഷ പ്രവര്‍ത്തകനായിരുന്നയാളാണ് എസ്‌ഐ ശിവപ്രകാശ്. ബിജെപി നേതാക്കളെ വേട്ടയാടുന്ന ഈ ഉദ്യോഗസ്ഥനെ സിപിഎം പ്രത്യേക താല്‍പര്യമെടുത്താണ് ഇവിടെ നിയമിച്ചതത്രെ.
സിപിഎം ശക്തമായ കുണ്ടറ മണ്ഡലത്തില്‍ ബിജെപിയുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുകയാണ് ഇപ്പോള്‍ ഈ ഉദ്യോഗസ്ഥന്‍. നേരത്തെ കൊട്ടാരക്കരയില്‍ ഇരുന്ന സമയത്തു ഇത്തരത്തിലുള്ള പക്ഷപാതപരമായ നടപടികളിലൂടെ സിപിഎമ്മിന്റെ പ്രീതി നേടിയിരുന്നു. ന്യൂനപക്ഷവിഭാഗത്തില്‍ നിന്നും നിരവധി പേര്‍ ബിജെപിയിലേക്ക് കടന്നുവരുന്നതില്‍ വിറളിപൂണ്ട സിപിഎം അധികാരം ഉപയോഗിച്ച് ന്യൂനപക്ഷ സമുദായനേതാക്കളെ കസ്റ്റഡിയില്‍ എടുക്കുകയും ജാതിപ്പേര് വിളിച്ചാക്ഷേപിക്കുകയും ചെയ്യുന്നതായി പരാതികളുണ്ട്. കുമ്മനം രാജശേഖരന്‍ നടത്തിയ ജനമുന്നേറ്റയാത്രയില്‍ ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തതിന്റെ ദേഷ്യവും സിപിഎം നേതാക്കള്‍ക്കുണ്ട്.
ഇളമ്പള്ളൂര്‍ പഞ്ചായത്തില്‍ മനഃപൂര്‍വം വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ കച്ചകെട്ടിയിറങ്ങിയ സാമൂഹ്യദ്രോഹികള്‍ കളരിക്ഷേത്ര ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ കൊടിതോരണങ്ങള്‍ നശിപ്പിക്കുകയും നശിപ്പിച്ച കൊടിതോരണങ്ങള്‍ തൃപ്പിലഴികം മുസ്ലിം പള്ളിയുടെ അമ്പിപൊയ്കയില്‍ സ്ഥാപിച്ചിരിക്കുന്ന നേര്‍ച്ചവഞ്ചിയില്‍ കൊണ്ടുകെട്ടുകയും ചെയ്തു. ഇത് ചെയ്തവരെ കണ്ടുപിടിക്കണമെന്ന് ആവശ്യപെട്ടിട്ടും നേരിട്ട് പരാതി നല്‍കിയിട്ടും യാതൊരു താല്പര്യവും എസ്‌ഐ കാട്ടുന്നില്ല.
നവംബറില്‍ പേരയം ജംഗ്ഷനില്‍ റവന്യൂ പുറമ്പോക്കില്‍ സ്ഥാപിച്ചിരുന്ന ബിജെപിയുടെ കൊടിമരം ഡിവൈഎഫ്‌ഐ സംസ്ഥാനസമിതി അംഗമായ ഗോപിലാല്‍ എടുത്തുമാറ്റിയശേഷം റവന്യൂ പുറമ്പോക്കു കയ്യേറി കടയും സ്ഥാപിച്ചു. ഇതറിഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ ഇതെടുത്തു മാറ്റുകയും വെയിറ്റിങ് ഷെഡ് സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ എസ്‌ഐയുടെ സഹായത്തോടെ റവന്യൂ പുറമ്പോക്കില്‍ വീണ്ടും കട പുനഃസ്ഥാപിക്കുകയും ഇതിനെ ചോദ്യം ചെയ്ത ബിജെപി പഞ്ചായത്—സമിതി പ്രസിഡന്റ് വിജയന്‍ സക്കറിയയെയും പഞ്ചായത്ത് സമിതി അംഗം സുനിലിനെയും ന്യൂനപക്ഷാ മോര്‍ച്ച മണ്ഡലം സെക്രട്ടറി പേരയം ജോസൂട്ടി, ഗോപീഷ്, റെജി എന്നിവരെയും ക്രൂരമായി മര്‍ദിക്കുകയും സ്റ്റേഷനില്‍ പിടിച്ചു വയ്ക്കുകയുമായിരുന്നു.
കുണ്ടറ മണ്ഡലത്തിന്റെ വിവിധ’ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബിജെപി-ആര്‍എസ്എസ് കൊടിമരങ്ങളും മറ്റും നശിപ്പിക്കുന്നവര്‍ക്കെതിരെ നിരവധിതവണ പരാതി നല്‍കിയിട്ടും നടപടിയില്ല. പിണറായി മന്ത്രിസഭ അധികാരത്തില്‍ വന്ന ശേഷം ഭരണസ്വാധീനം ഉപയോഗിച്ച് രാഷ്ട്രീയഎതിരാളികളെ പോലീസിനെ ഉപയോഗിച്ച് നിരന്തരം ഉപദ്രവിക്കുകയാണെന്നും ഈ പ്രവണത അവസാനിപ്പിക്കണമെന്നും ബിജെപി കുണ്ടറ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.