മറുപടി ഉടന്‍; സൈനികരുടെ രക്തസാക്ഷിത്വം വ്യര്‍ഥമാകില്ല

Monday 1 January 2018 1:17 pm IST

ഡെറാഡൂണ്‍: കൊല്ലപ്പെട്ട ജവാന്‍മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. കശ്മീരിലെ സിആര്‍പിഎഫ് ക്യാമ്പിന് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യമ്പിന് നേര്‍ക്കുണ്ടായത് വലിയ ഭീകരാക്രമണമാണ്. നമ്മുടെ ജവാന്‍മാരുടെ ജീവത്യാഗം വെറുതെയാകാന്‍ സമ്മതിക്കില്ല. അവരുടെ ധീരതയെ രാജ്യം സ്മരിക്കുന്നു. ഭീകരര്‍ക്ക് ഉചിതമായി മറുപടി നല്‍കുമെന്നും ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട് രാജ്നാഥ് സിങ് പറഞ്ഞു.

രാജ്യം മുഴുവന്‍ കൊല്ലപ്പെട്ട സൈനീകരുടെ കുടുംബത്തോടൊപ്പമാണ്. ജീവന്‍ ത്യജിച്ച സൈനികരെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു. ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചവരുടെ കുടുംബത്തെ ആശ്വസിപ്പിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം രാജ്യത്ത് തുടര്‍ച്ചയായി നടക്കുന്ന ഭീകരാക്രമണത്തില്‍ മരിച്ച സൈനികരുടെ കുടുംബം ആശങ്കയറിയിച്ചു. ഭീകരവാദം അവസാനിച്ചിട്ടില്ല, നമ്മുടെ ജവാന്‍മാര്‍ തുടര്‍ച്ചയായി ജീവത്യാഗം ചെയ്യുകയാണ്. ദയവായി എന്തെങ്കിലും ചെയ്യൂ, വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്റെ മകന്‍ വാര്‍ത്താ ഏജന്‍സിയോട് ഇന്നലെ പറഞ്ഞിരുന്നു.

ഞായറാഴ്ച പുല്‍വാമ ജില്ലയിലെ സൈനിക ക്യാംപിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ അഞ്ച് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. മൂന്ന് ഭീകരരെ സൈന്യവും വധിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജയ്ഷാ ഇ മുഹമ്മദ് രംഗത്തെത്തി. കൂടാതെ ഇന്നലെ നിയന്ത്രണരേഖയിലുണ്ടായ മറ്റൊരാക്രമണത്തില്‍ പഞ്ചാബ് സ്വദേശിയായ ഒരു ജവാനും കൊല്ലപ്പെട്ടിരുന്നു. അതിര്‍ത്തിയില്‍ ശക്തമായ തെരച്ചില്‍ തുടരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.