രാത്രിയാത്രാ നിരോധനം :സുപ്രീം കോടതി 10 ന് പരിഗണിക്കും

Monday 1 January 2018 2:49 pm IST

കല്‍പ്പറ്റ: എന്‍.എച്ച് 212 (766) ലെ രാത്രിയാത്രാ നിരോധനം സംബന്ധിച്ച കേസ് സുപ്രീം കോടതി ജനുവരി 10 ന് പരിഗണിക്കും. ബന്ദിപ്പൂര്‍ വനത്തിലൂടെ കടന്നുപോകുന്ന എന്‍.എച്ച് 212, 67 എന്നീ ദേശീയപാതകളില്‍ രാത്രി ഒമ്പതിനും ആറിനും ഇടയിലുള്ള ഗതാഗതം നിരോധിച്ച് കര്‍ണ്ണാടക ഹൈക്കോടതി 2010 മാര്‍ച്ച് 13 ന് പുറപ്പെടുവിച്ച ഉത്തരവിനെതിരെ അപ്പീല്‍ സ്വീകരിക്കുന്നതിന് കേരളാ സര്‍ക്കാരും, നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മറ്റിയും, ഊട്ടി ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷനും നല്‍കിയ പ്രത്യേക അനുമതി ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുക.
നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്നും നിരോധനസമയം ദീര്‍ഘിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബംഗളൂരുവിലെ ഒരു പരിസ്ഥിതി സംഘടന നല്‍കിയ പ്രത്യേകാനുമതി ഹര്‍ജിയും ഇതോടൊപ്പം സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്.
സുപ്രീം കോടതിയുടെ തീരുമാനം രാത്രിയാത്രാ നിരോധന വിഷയത്തില്‍ അന്തിമമായിരിക്കും. അതിനാല്‍ സുപ്രീം കോടതിയെ കൃത്യമായി കാര്യങ്ങള്‍ ധരിപ്പിക്കുക എന്നത് വളരെ പ്രധാന്യമാണ്. രാത്രിയാത്രാ നിരോധനത്തിന് അനുകൂലമായ നിലപാടാണ് കര്‍ണ്ണാടക, തമിഴ്‌നാട് സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അഥോറിറ്റി യാത്രാനിരോധനത്തെ പിന്തുണക്കുമ്പോള്‍ ദേശീയപാത അഥോറിറ്റി മാത്രമാണ് നിരോധനത്തെ എതിര്‍ക്കുന്നത്. പരിസ്ഥിതി സംഘടനകളും യാത്രാനിരോധനത്തെ സുപ്രീം കോടതിയില്‍ അനുകൂലിക്കുകയാണ്.
മുന്‍ സര്‍ക്കാറിന്റെ കാലത്ത് കേരളം സുപ്രീം കോടതിയില്‍ പ്രഗത്ഭ സീനിയര്‍ അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തെ കേസ് വാദിക്കാന്‍ ചുമതലപ്പെടുത്തുകയും അദ്ദേഹം 4 തവണ സുപ്രീം കോടതിയില്‍ കേരളത്തിനായി കേസ് വാദിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കേരളാ-കര്‍ണ്ണാടക മുഖ്യമന്ത്രിമാരോട് വിഷയം ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തിലെത്താന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചതനുസരിച്ച് കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മില്‍ ബംഗളൂരുവില്‍ നടന്ന ചര്‍ച്ചയെത്തുടര്‍ന്ന് വിഷയം പഠിക്കാന്‍ ഇരു സംസ്ഥാനങ്ങളും ഒരോ വിദഗ്ദ സമിതിയെ നിയമിക്കാന്‍ തീരുമാനിച്ചു.
അതനുസരിച്ച് കേരളാ സര്‍ക്കാര്‍ ഡോ. ഈസ കമ്മിറ്റിയേയും കര്‍ണ്ണാടക മറ്റൊരു വിദഗ്ദ കമ്മിറ്റിയേയും ചുമതലപ്പെടുത്തി. കേരളത്തിന്റെ വിദഗ്ദസമിതി 40 വാഹനങ്ങള്‍ രാത്രി കോണ്‍വോയ് അടിസ്ഥാനത്തില്‍ കടത്തിവിടുന്നതിന് അനുകൂലമായ നിലപാട് സ്വീകരിച്ചപ്പോള്‍ കര്‍ണ്ണാടക സമിതി രാത്രി ഗതാഗത നിയന്ത്രണം ഒരു കാരണവശാലും പിന്‍വലിക്കരുതെന്ന നിലപാടാണ് എടുത്തത്.
ഇതിനെത്തുടര്‍ന്ന് അടുത്ത തവണ കേസ് പരിഗണിച്ചപ്പോള്‍ വന്യജീവികള്‍ക്കും പരിസ്ഥിതിക്കും കോട്ടം തട്ടാത്ത വിധമുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ സമര്‍പ്പിക്കാമെന്ന് കേരളത്തിന്റെ അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം അറിയിച്ചതിനെത്തുടര്‍ന്ന് 2016 ജനുവരിയില്‍ കേസ് മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്ന് നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മിറ്റി വിദേശ രാജ്യങ്ങളില്‍ വന്യജീവി സങ്കേതങ്ങളിലെ ഹൈവേകളില്‍ ഫലപ്രദമായി നടപ്പാക്കിയിട്ടുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കുകയും ഇതു സംബന്ധിച്ച് വിദഗ്ദസമിതിയെക്കൊണ്ട് പഠനം നടത്തി സുപ്രീം കോടതിക്ക് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജൈവപാലങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുകയും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഇത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയെങ്കിലും ഇതുവരെ നടപടികളൊന്നും ആയിട്ടില്ല.
കര്‍ണ്ണാടക ഹൈക്കോടതിയുടെ വിധി നിയമപരമായി നിലനില്‍ക്കില്ല എന്നും വസ്തുതകള്‍ സംബന്ധിച്ച് കര്‍ണ്ണാടക ഹൈക്കോടതിയെ ബന്ധപ്പെട്ട കക്ഷികള്‍ തെറ്റിദ്ധരിപ്പിച്ചതാണെന്നും ആക്ഷന്‍ കമ്മിറ്റി സുപ്രീം കോടതിയില്‍ അഡ്വ. ഓണ്‍ റിക്കാര്‍ഡ് പി.എസ്. സുധീര്‍ മുഖേന വാദിക്കും. പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടാല്‍ ജൈവപാലങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. ഇതിനുള്ള ചിലവ് കേരളവും കര്‍ണ്ണാടകയും കേന്ദ്രവും സംയുക്തമായി വഹിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെടും. കേസ് നടത്തിപ്പില്‍ കേരള സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും കേസ് നടത്തിപ്പിനായി സീനിയര്‍ അഭിഭാഷകനെ ചുമതലപ്പെടുത്തണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.കേരളം അടിയന്തിരമായി കര്‍ണ്ണാടക തമിഴ്‌നാട് സര്‍ക്കാരുകളുമായും കേന്ദ്രവുമായും ചര്‍ച്ച നടത്തി അഭിപ്രായ ഐക്യത്തിലെത്തിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. അഡ്വ. ടി.എം. റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ. പി. വേണുഗോപാല്‍, പി.വൈ. മത്തായി, എം.എ. അസൈനാര്‍, ജോണ്‍ തയ്യില്‍, ജോസ് കപ്യാര്‍മല, മോഹന്‍ നവരംഗ്, നാസര്‍ കാസിം, അനില്‍, ജോയിച്ചന്‍ വര്‍ഗ്ഗീസ്, സി.എച്ച്.സുരേഷ്, ജേക്കബ് ബത്തേരി എന്നിവര്‍ പ്രസംഗിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.