ദേശീയ മെഡിക്കല്‍ ബില്‍: ഇരിട്ടി മേഖലയിലെ സര്‍ക്കാര്‍-സ്വകാര്യ ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കും

Monday 1 January 2018 6:35 pm IST

ഇരിട്ടി: നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കേ ഇതില്‍ പ്രതിഷേധിച്ച് ഐഎംഎയുടെ കീഴില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി ഇരിട്ടി മേഖലയിലെ സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപിയും ക്ലിനിക്കുകളും നിര്‍ത്തിവെച്ച് സമരത്തില്‍ പങ്കുചേരുമെന്ന് ഐഎംഎ ഇരിട്ടി ബ്രാഞ്ച് പ്രസിഡന്റ് ഡോ.ഇ.കെ.സൈനുദ്ദീന്‍ അറിയിച്ചു.
ഹോമിയോ, ആയുര്‍വേദം, യൂനാനി ഡോക്ടര്‍മാര്‍ക്ക് ഓപ്പറേഷന്‍ അടക്കമുള്ള ചികിത്സകള്‍ക്ക് അനുവാദം നല്‍കാനുള്ള തീരുമാനമാണ് പാര്‍ലമെന്റില്‍ ഇന്ന് അവതരിപ്പിക്കുന്ന ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ തീരുമാനം പൊതുജനാരോഗ്യത്തിന് അപകടം വരുത്തുമെന്ന് കാണിച്ചാണ് ഐഎംഎ സമരത്തിലേക്ക് നീങ്ങിയിരിക്കുന്നത്.
ഐഎംഎയുടെ കീഴില്‍ മോഡേണ്‍ മെഡിക്കല്‍ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ച് നടത്തുന്ന പ്രതിഷേധ സമരത്തില്‍ ഇരിട്ടി മേഖലയിലെ ഡോക്ടര്‍മാരും പങ്കെടുക്കും. ഇന്ന് രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ സ്വകാര്യ ആശുപത്രികളിലും സ്വകാര്യ ക്ലിനിക്കുകളും ഒപി പൂര്‍ണ്ണമായും നിര്‍ത്തിവെക്കും. രാവിലെ 9 മുതല്‍ 10 വരെ ഒപി ബഹിഷ്‌കരിച്ചും ഡ്യൂട്ടി കഴിഞ്ഞുള്ള സ്വകാര്യപ്രാക്ടീസ് നിര്‍ത്തിവെച്ചും സര്‍ക്കാര്‍ ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുക്കുമെന്നും എന്നാല്‍ എല്ലാ ആശുപത്രികളിലും അത്യാഹിത വിഭാഗം തുറന്നു പ്രവര്‍ത്തിക്കുമെന്നും ഡോ.സൈനുദ്ദീന്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.