സിപിഎം എറണാകുളം ജില്ലാ സമ്മേളനം;ബേബി-ഐസക്ക് ചേരി പിടിമുറുക്കുന്നു

Tuesday 2 January 2018 2:45 am IST

കൊച്ചി: സിപിഎമ്മിലെ വിഭാഗീയത കെട്ടടങ്ങാത്ത എറണാകുളം ജില്ലയില്‍ സമ്മേളനം അടുത്തതോടെ വിഭാഗീയത ആളിക്കത്തുന്നു. വി.എസ് പക്ഷത്ത് നിന്ന് പിണറായി പക്ഷം പിടിച്ചെടുത്ത ജില്ലയില്‍ ഇപ്പോള്‍ പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയും മന്ത്രി തോമസ് ഐസക്കും നേതൃത്വം നല്‍കുന്ന സിപിഎമ്മിലെ പുതിയചേരി പിടിമുറുക്കുന്നു.

പഴയ വി.എസ് പക്ഷത്ത് ഉണ്ടായിരുന്നവരും പുതിയചേരിക്കൊപ്പമാണ്.  ജില്ലാ സെക്രട്ടറി പി. രാജീവിനെ സെക്രട്ടറിസ്ഥാനത്ത് നിലനിര്‍ത്താനുള്ള നീക്കമാണ് ബേബി-ഐസക്ക് ചേരി നടത്തുന്നത്. പിണറായി പക്ഷത്തായിരുന്ന രാജീവ്, ബേബി-ഐസക്ക് ചേരിയോട് അടുപ്പം പുലര്‍ത്തുന്നയാളാണ്. രാജീവിനെ തന്ത്രപൂര്‍വ്വം മാറ്റി ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍. മോഹനനെയോ കൊച്ചി ദേവസ്വം ബോര്‍ഡ് മെംബര്‍ കെഎന്‍. ഉണ്ണികൃഷ്ണനെയോ സെക്രട്ടറിയാക്കാനുള്ള നീക്കമാണ് പിണറായി പക്ഷം നടത്തുന്നത്. ഇരുപത് ഏരിയകമ്മറ്റികളില്‍ വൈപ്പിന്‍, കാലടി, പള്ളുരുത്തി, വൈറ്റില, പെരുമ്പാവൂര്‍ ഏരിയകമ്മറ്റികള്‍ ഒഴികെയുള്ളിടം പിണറായി പക്ഷത്തിനൊപ്പമാണ്. ഏരിയാ സമ്മേളനങ്ങള്‍ പൂര്‍ത്തിയായതോടെ ജില്ലാ സമ്മേളന പ്രതിനിധികളെ വശത്താക്കാനുള്ള തിരക്കിലാണ് ഇരുവിഭാഗത്തേയും നേതാക്കള്‍.

പ്രതിനിധികള്‍ക്ക് വന്‍ ഓഫറുകളാണ് ഇരുകൂട്ടരും നല്‍കുന്നത്. പഴയകാല ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതാക്കളാണ് ബേബി-ഐസക്ക് ചേരിക്കൊപ്പമുള്ളത്. കൊച്ചി, പെരുമ്പാവൂര്‍, തൃപ്പൂണിത്തുറ, അങ്കമാലി, ആലുവ ഏരിയ സെക്രട്ടറിമാര്‍ പഴയ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതാക്കളാണ്. തൃപ്പൂണിത്തുറയില്‍ നടന്ന കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ സി.എന്‍. മോഹനനെ സെക്രട്ടറിയാക്കാനായിരുന്നു പിണറായി പക്ഷത്തിന്റെ തിരുമാനം. എന്നാല്‍ മത്സരം വന്നതോടെ  സമവായത്തില്‍ രാജീവ് സെക്രട്ടറി ആയി. പിണറായി പക്ഷത്തായിരുന്നുവെങ്കിലും പിണറായി വിജയനും രാജീവും തമ്മില്‍ അകല്‍ച്ചയിലാണ് ഇപ്പോള്‍. പിണറായിയുടെ പരനാറി പ്രയോഗത്തിനെതിരെ രാജീവ് പറവൂരില്‍ നടത്തിയ പ്രസംഗമാണ് അകല്‍ച്ചയ്ക്ക് കാരണം.

വി.എസ് പക്ഷത്തിന്റെ തട്ടകമായിരുന്ന ജില്ലയില്‍ സംസ്ഥാനത്ത് വിഎസ് പക്ഷം ഇല്ലാതായതോടെ നേതാക്കളെല്ലാം പുതിയ ചേരിയിലെക്ക് ചേക്കേറുകയായിരുന്നു. ഇപ്പോള്‍ പന്ത്രണ്ടംഗ ജില്ലാ സെക്രട്ടറിയേറ്റില്‍ രണ്ടുപേര്‍ മാത്രമാണ് പിണറായി പക്ഷത്തുള്ളത്. 10 പേര്‍ പുതിയചേരിക്കോപ്പമാണ്. ജില്ലയില്‍ നിന്ന് 10 സംസ്ഥാന സമിതി അംഗങ്ങള്‍ ഉണ്ട്. ഇവരില്‍ ഭൂരിപക്ഷം പിണറായി പക്ഷത്തിനാണ്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെയും സംസ്ഥാന സമിതി അംഗങ്ങളുടെയും യോഗത്തിലാണ് ജില്ലാ സമിതി അംഗങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്.

വര്‍ഗ്ഗ, ബഹുജന സംഘടനകളില്‍ ഭാരവാഹികളല്ലാത്തവരെ ജില്ലാ സമിതിയില്‍ നിന്ന് ഒഴിവാക്കും. 16, 17, 18 തീയതികളിലാണ് സമ്മേളനം. 17 നാണ് തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എം. വി.ഗോവിന്ദന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.