സമരം ചെയ്യുന്നവര്‍ക്കെതിരെ നടപടിയെന്ന് മന്ത്രി; ഒപി ബഹിഷ്‌കരിക്കുമെന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍

Tuesday 2 January 2018 2:45 am IST

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ രംഗം സ്തംഭനത്തിലേക്ക്. സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഒപിയും വാര്‍ഡും ഉള്‍പ്പെടെ ബഹിഷ്‌കരിച്ച് സമരവുമായി മുന്നോട്ട് പോകുമെന്ന് ജൂനിയര്‍ ഡോക്ടര്‍മാരും അറിയിച്ചു. ഇതോടെ സാധാരണക്കാരായ രോഗികള്‍ നട്ടംതിരിയുമെന്ന് ഉറപ്പായി. സമരത്തെ ശക്തമായ രീതിയില്‍ ചെറുക്കാനാണ് സര്‍ക്കാരും ഒരുങ്ങുന്നത്.

സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ജോലിക്ക് ഹാജരാകാത്തവരുടെ എണ്ണം എടുക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമരം ചെയ്യുന്ന ഡോക്ടര്‍മാരോട് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ജനങ്ങളുടെ ജീവന്‍ വച്ചാണ് കളിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അടിക്കടിയുള്ള അപ്രഖ്യാപിത സമരത്തില്‍ നിന്നു ജൂനിയര്‍ ഡോക്ടര്‍മാര്‍ പിന്‍മാറണമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.എം എസ്. ഷര്‍മ്മദ് അഭ്യര്‍ത്ഥിച്ചു. പണിമുടക്കിനെ സംബന്ധിച്ച് സൂപ്രണ്ടിന് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും സമരത്തില്‍ നിന്ന് അടിയന്തിരമായി പിന്‍മാറിയില്ലെങ്കില്‍ മനുഷ്യജീവനടക്കം സമരക്കാര്‍ സമാധാനം പറയേണ്ടി വരുമെന്നും സൂപ്രണ്ട് അറിയിച്ചു.

പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതിനെതിരെ സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ സമരത്തിലായിരുന്നു. ഡിസംബര്‍ 31ന് മന്ത്രിയുമായി സമരക്കാര്‍ ചര്‍ച്ച നടത്തി പ്രശ്നം ഒത്തുതീര്‍പ്പാക്കിയെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം ചര്‍ച്ചയില്‍ പങ്കെടുത്ത സംഘടനാ പ്രതിനിധികളെ പിജി അസോസിയേഷന്‍ ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കിയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

അത്യാഹിത വിഭാഗത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഒപി ഉള്‍പ്പെടെയുള്ള മറ്റ് അവശ്യ സേവനങ്ങള്‍ തടസ്സപ്പെടും. ഇതോടൊപ്പം ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സമരത്തിന് ഇറങ്ങുന്നതോടെ കേരളത്തിന്റെ ആരോഗ്യ രംഗം സ്തംഭിക്കും. കാലാവസ്ഥ പ്രതികൂലമായതിനാല്‍ പതിനായിരക്കണക്കിന് പേരാണ് ഓരോ ദിവസവും ചികിത്സ തേടി സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.