വെഞ്ചാലി വയലില്‍ വെള്ളക്കെട്ട്; കൃഷിയിറക്കാനാകാതെ കര്‍ഷകര്‍

Monday 1 January 2018 8:59 pm IST

തിരൂരങ്ങാടി: വയലുകളില്‍ നിന്ന് വെള്ളം ഒഴിയാത്തതിനാല്‍. കൃഷിയിറക്കാനാകാതെ കര്‍ഷകര്‍ ദുരിതത്തില്‍. വെഞ്ചാലി വയലിലെ നൂറിലേറെ എക്കറിലാണ് ഞാറുകള്‍ തയാറായിട്ടും കൃഷിയിറക്കാന്‍ പറ്റാതെ കര്‍ഷകര്‍ ബുദ്ധിമുട്ടുന്നത്.
വെഞ്ചാലി പമ്പ് ഹൗസിലെ മോട്ടോര്‍ തകരാറിലായതാണ് വയലിലെ വെള്ളം ഒഴിവാക്കാന്‍ തടസ്സമായത്.
വെഞ്ചാലി പാടശേഖരങ്ങളിലെയും കാപ്പിലെയും വെള്ളം പമ്പ് ഹൗസിലെ മോട്ടോര്‍ ഉപയോഗിച്ച് അടിച്ച് മറുഭാഗത്ത് ശേഖരിക്കുന്ന സംവിധാനമാണുള്ളത്. കൃഷിയിറക്കുന്ന സമയത്ത് വെള്ളം ഒഴിവാക്കുകയും നനക്കാന്‍ സമയമാകുമ്പോള്‍ ശേഖരിച്ച വെള്ളം വയലിലേക്ക് കനാല്‍ വഴി എത്തിക്കലുമാണ്. ഓഖി കൊടുങ്കാറ്റിനെ തുടര്‍ന്ന് വയലുകളിലെ ജലനിരപ്പ് ഉയര്‍ന്നതാണ് കൃഷിക്ക് തടസ്സമായത്. പമ്പ് ഹൗസിലെ രണ്ട് മോട്ടോറുകളില്‍ ഒന്ന് കത്തിയതിനാല്‍ വെള്ളം ഒഴിവാക്കാന്‍ സാധിക്കുന്നില്ല.
സാധാരണ രണ്ട് മോട്ടോറുകള്‍ സ്ഥിരമായി ഉപയോഗിച്ചാണ് വെള്ളം മാറ്റിയിരുന്നത്. രണ്ടാഴ്ച മുന്‍പ് ഒരു മോട്ടോര്‍ കത്തുകയായിരുന്നു.
കൃഷിയിറക്കാനുള്ള ഞാറ്റടികള്‍ കര്‍ഷകര്‍ തയാറാക്കിയിട്ട് നാല്‍പത് ദിവസത്തോളമായി. സാധാരണ 20 മുതല്‍ 25 ദിവസത്തിനുള്ളില്‍ ഇവ കൃഷിയിടത്തിലേക്ക് പറിച്ചുനടണം. എന്നാല്‍ വയലില്‍ മുട്ടോളം വെള്ളമായതിനാല്‍ ഇവ വെള്ളത്തില്‍ മുങ്ങുമെന്നതിനാല്‍ പറിച്ചു നട്ടിട്ടില്ല.
ഉടനെ പറിച്ചുനട്ടില്ലെങ്കില്‍ ഇവ നശിച്ചുപോകും. ഇത് കര്‍ഷകര്‍ക്ക് വലിയ നഷ്ടമുണ്ടാക്കും.
പമ്പ് ഹൗസിലെ കത്തിയ മോട്ടോറിന് പകരം മറ്റൊരു മോട്ടോറിന് പൈപ്പ് കണക്ഷന്‍ നല്‍കിയിട്ടുണ്ടെങ്കിലും അധികൃതര്‍ ഇത് പ്രവര്‍ത്തിപ്പിക്കാന്‍ തയാറാകുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.