മെഡിക്കല്‍ വിദ്യാര്‍ത്ഥി സമരം തുടരുന്നു പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജ്ജന്മാരും ഒപി ബഹിഷ്‌ക്കരിച്ചു

Monday 1 January 2018 12:00 am IST

ആര്‍പ്പൂക്കര: മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സമരത്തെതുടര്‍ന്ന് പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജ്ജന്മാരും ഒപി ബഹിഷ്‌ക്കരിച്ചു. ഇതോടെ നൂറ് കണക്കിന് വിദ്യാര്‍ത്ഥികളും രോഗികളുമാണ് വലയുന്നത്. ഓപ്പറേഷനുകള്‍ മാറ്റി വയ്‌ക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
കേരള മെഡിക്കല്‍ ജോയന്റ് ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളും കേരള മെഡിക്കല്‍ പിജി അസോസിയേഷന്‍ നേതാക്കളുമായി സര്‍ക്കാര്‍ കഴിഞ്ഞ 31ന് ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ യാതൊരുതീരുമാനവും ഉണ്ടായില്ല. പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചത് കുറയ്ക്കാന്‍ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലും തീരുമാനമായില്ല. ബോണ്ടു സമ്പ്രദായത്തില്‍ ആവശ്യമായ മാറ്റം വരുത്താമെന്ന് തീരുമാനമായെങ്കിലും ഇത് രേഖാമൂലം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായതുമില്ല.
ചര്‍ച്ച പൂര്‍ണ്ണപരാജയമെന്നിരിക്കെ സമരം പിന്‍വലിച്ചതായുള്ള വിദ്യാര്‍ത്ഥി നേതാക്കളുടെ പ്രസ്താവന വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം തള്ളിക്കളയുകയാണ് ചെയ്തത്. സമരം ശക്തമായി തുടരുവാനും തീരുമാനിച്ചു. അതോടൊപ്പം കെഎംജെഎഡി പ്രസിഡന്റ് ഡോ.രാഹുല്‍ യു.ആര്‍, സെക്രട്ടറി ഡോ.മിഥുന്‍ മോഹന്‍, കെഎംപിജിഎ പ്രസിഡന്റ് ഡോ.മുനീര്‍ ചാലില്‍, സെക്രട്ടറി ഡോ.രോഹിത് കൃഷ്ണ എന്നിവരെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയും ചെയ്തു.
കെഎംപിജിഎ പ്രസിഡന്റ് ഡോ.ക്രിസ്റ്റഫര്‍ ഉദയന്‍, സെക്രട്ടറി ഡോ.ഗണേഷ് കുമാര്‍ എന്നിവരെ പുതുതായി തെരഞ്ഞെടുത്തു. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ അധികൃതര്‍ക്ക് മുന്‍പില്‍ എത്തിക്കുന്നതില്‍ പരാജയപ്പെട്ടതിനാലാണ് നേതൃമാറ്റംവരുത്തിയതെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും സമരത്തിലായതിനാല്‍ ആശുപത്രി പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഒപിയിലും മറ്റുമായി നൂറുകണക്കിന് രോഗികളാണ് ഇതുമൂലം ബുദ്ധിമുട്ടിലായത്. കാഷ്വാലിറ്റിയുടെ പ്രവര്‍ത്തനം തല്‍ക്കാലം തടസ്സപ്പെട്ടില്ലെങ്കിലും സമരം നീണ്ടുപോയാല്‍ ഇവിടെയും പ്രതിസന്ധി രൂക്ഷമാകും. എന്തുവന്നാലും സമരം ശക്തമാക്കുമെന്നും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ നിരാഹാരസമരം തുടരുമെന്നും വിദ്യാര്‍ത്ഥികള്‍പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.