വിഘ്നങ്ങളകറ്റാൻ വിരാലിമലയിലെ ഷണ്മുഖ സ്വാമി

Tuesday 2 January 2018 2:45 am IST

മലമുകളിലും കുന്നിന്‍മുകളിലും പാര്‍ക്കുന്ന ദൈവമാണല്ലൊ മുരുകന്‍. തിരുച്ചിറപ്പള്ളിയില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ വിരാലിമലയിലെ കുന്നിന്‍ മുകളിലാണ് ആറുമുഖനായ ഷണ്മുഖസ്വാമിയുടെ ക്ഷേത്രം. വളരെ അകലെ നിന്നുതന്നെ ക്ഷേത്രം കാണാന്‍ കഴിയും. നഗരമധ്യത്തില്‍ തന്നെയാണ് മല. അതുകൊണ്ട് ക്ഷേത്രം സ്ഥിതിചെയ്യുന്ന നഗരവും വിരാലിമല എന്നറിയപ്പെടുന്നു. പുതുക്കോട്ടൈ ജില്ലയിലാണ് ഈ ക്ഷേത്രം. വിഘ്‌നങ്ങളകറ്റാന്‍ വിരാലിമലയിലെ മുരുകനെ ഉപാസിച്ചാല്‍ മതിയെന്നാണ് പറഞ്ഞുവരാറുള്ളത്.

പുതുക്കോട്ടയില്‍നിന്ന് 40 കി.മീറ്റര്‍ ഉണ്ട് ഇവിടേയ്ക്ക്. മണപ്പാറയില്‍നിന്ന് 15 കി.മീറ്ററും.
ശിവനും ബ്രഹ്മാവും തമ്മിലുള്ള തര്‍ക്കം മൂത്ത് കലഹമായി. കോപാവേശത്താല്‍ ശിവന്‍ ബ്രഹ്മാവിന്റെ അഞ്ചുതലകളില്‍ ഒന്ന് പറിച്ചെറിഞ്ഞു. പരമശിവന്റെ ഈ കൃത്യത്തെ ബ്രഹ്മാവിന്റെ പുത്രനായ നാരദന്‍ അപലപിക്കവെ ശിവന്‍ നാരദനെയും ശപിച്ചു. പശ്ചാത്താപ വിവശനായ നാരദന്‍ തനിക്ക് ശാപമോചനത്തിനായുള്ള മാര്‍ഗം നിര്‍ദ്ദേശിക്കണമെന്ന് അപേക്ഷിച്ചു. വിരാലിമലയിലെത്തി മുരുകനെ ദര്‍ശിക്കുന്നതോടെ ശാപമോചനം കിട്ടുമെന്ന് ശിവന്‍ അറിയിച്ചു. അതനുസരിച്ച് നാരദമഹര്‍ഷി വിരാലിമലയിലെത്തി മുരുകനെ നമസ്‌കരിച്ച് ശാപമോചനം നേടി. വസിഷ്ഠമഹര്‍ഷിയും പത്‌നിയായ അരുന്ധതീ ദേവിയും ഇവിടെയെത്തി മുരുകനെ നമസ്‌കരിച്ച് ശാപമോചനം നേടിയതായും പറയപ്പെടുന്നു.

ആറുമുഖങ്ങളും പന്ത്രണ്ട് കൈകളുമുള്ള ഷണ്‍മുഖന്‍ സ്വന്തം വാഹനമായ മയിലിന് മീതെ ഇരിക്കുന്ന രൂപത്തിലാണ് ഇവിടത്തെ പ്രതിഷ്ഠ. പത്‌നിമാരായ വള്ളിയും ദേവയാനിയും ഷണ്മുഖനൊപ്പമുണ്ട്. മഹര്‍ഷിമാരും സിദ്ധന്മാരും മറ്റും വൃക്ഷരൂപത്തില്‍ ഈ മലയില്‍ നിന്നുകൊണ്ട് ഷണ്മുഖനെ വണങ്ങുന്നതായാണ് പറയപ്പെടുന്നത്. ഈ നിബിഡവനത്തില്‍ മയിലുകളെയും ധാരാളമായി കാണാം. ഇരുനൂറ്റി ഏഴ് പടികള്‍ കയറിവേണം വിരാലിമലയുടെ മുകളിലെത്തി ഷണ്മുഖനെ ദര്‍ശിക്കാന്‍. ക്ഷിപ്രപ്രസാദിയായ മുരുകന്‍ ഭക്ത ഇംഗിതങ്ങള്‍ എളുപ്പം നിറവേറ്റിക്കൊടുക്കുന്നു. നടന്നു കയറുന്ന ഭക്തര്‍ക്ക് ക്ഷീണമകറ്റാന്‍ ഇരിക്കുന്നതിനായി പടവുകള്‍ക്ക് മുകളില്‍ പലയിടങ്ങളിലും ചെറുമണ്ഡപങ്ങളുണ്ട്.

ആറ് പൂജകളാണ് ഇവിടെ പതിവ്. പാല്‍, പഴം, പഞ്ചാമൃതം എന്നിവ കൂടാതെ ചുരുട്ടും നിവേദ്യമാണെന്നതാണ് പ്രത്യേകത. കറുപ്പമുത്തു എന്ന ഒരു ഭക്തന്‍ ശക്തമായ മഴയിലും തണുപ്പിലും നിന്ന് മോചനം നേടാന്‍ ചുരുട്ടുവലിച്ചു, ഭഗവാന് നിവേദ്യമായി ചുരുട്ട് സമര്‍പ്പിക്കുകയും ചെയ്തു. രാജാവ് അത് വിലക്കിയെങ്കിലും സ്വപ്നദര്‍ശനത്തില്‍ മുരുകന്‍ ഭക്തനെ തടയരുതെന്നാവശ്യപ്പെട്ടു. ഭക്തിയും ഉപാസനയുമാണ് പ്രധാനം, നിവേദ്യ വസ്തുവല്ല എന്ന് വ്യക്തമാകുന്നു ഇവിടെ.

മലമുകളില്‍ കാശ്യപമഹര്‍ഷിയുടെയും നാരദന്റെയും പ്രതിഷ്ഠയുണ്ട്. കൂടാതെ അഗസ്ത്യമഹര്‍ഷിയുടെയും അരുന്ധതീ ദേവിയുടെയും. വഴിയരികിലെ തൂണുകളില്‍ ആറുമുഖന്റെയും അരുണഗിരിനാഥരുടെയും രൂപങ്ങള്‍ കൊത്തിവെച്ചതു കാണാം. കുന്നിനു താഴെ പടികള്‍ കയറുംമുമ്പ് തെക്കുഭാഗത്തായി ശരവണപ്പൊയ്ക എന്നറിയപ്പെടുന്ന തീര്‍ത്ഥക്കുളമുണ്ട്. കിഴക്കുഭാഗത്ത് ദേവി മൈക്കണ്ണുടൈയാളുടെ പ്രതിഷ്ഠയുണ്ട്. ഇവിടെ തൊഴുതിട്ടുവേണം മല കയറാന്‍.

പടികള്‍ കയറുമ്പോള്‍ ഹിഡുംബരുടെ സന്നിധിയുണ്ട്. ചെറിയ ഗുഹപോലുള്ള ഒരിടത്ത് മീനാക്ഷീ സുന്ദരേശ്വരര്‍ പ്രതിഷ്ഠയും കാണാം. പടവുകള്‍ കയറി മുകളില്‍ എത്തുന്നിടത്ത് സന്താനകോട്ടം മണ്ഡപമാണുള്ളത്. ഇതിനടുത്തായി നവരാത്രി മണ്ഡപവും ഷണ്മുഖമൂര്‍ത്തി മണ്ഡപവുമുണ്ട്.
പുതുക്കോട്ടയില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ മധുര- തിരുച്ചിറപ്പള്ളി റോഡിലാണ് വിരാലിമല. മെയ്- ജൂണ്‍ മാസത്തില്‍ 10 ദിവസത്തെ വൈകാശി വിശാഖോത്സവം ഐപ്പശി മാസത്തില്‍ ആറ് ദിവസത്തെ സ്‌കന്ദ ഷഷ്ഠി ഉത്സവം, തൈപ്പൂയം, സംഗീതോത്സവം എന്നിവയാണ് പ്രധാന ആഘോഷങ്ങള്‍.

ദീപാവലിക്കും തമിഴ് പുതുവര്‍ഷദിനത്തിലും ഭക്തരുടെ വന്‍ തിരക്ക് അനുഭവപ്പെടാറുണ്ട്. ആരോഗ്യം, ദീര്‍ഘായുസ്സ്, വിദ്യാലാഭം എന്നിവയാണ് ദര്‍ശനഫലം. രാവിലെ 6 മണിക്ക് നടതുറന്ന് 11ന് അടയ്ക്കും. വൈകിട്ട് 5ന് തുറന്ന് 8ന് അടയ്ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.