പെരുവന്താനത്തും ലബ്ബക്കടയിലും പോലീസിന് നേരെ ആക്രമണം

Monday 1 January 2018 9:50 pm IST

 

ഇടുക്കി:ജില്ലയുടെ ഹൈറേഞ്ച് മേഖലയിലാണ് പുതുവത്സര ആഘോഷത്തിനിടെ വ്യാപക ആക്രമണം. പെരുനവന്താനത്ത് ബൈക്കില്‍ പോകുകയായിരുന്ന ദമ്പതികള്‍ക്ക് നേരെ കയ്യേറ്റം നടന്നു. പെരുവന്താനം ലബ്ബക്കട എന്നിവിടങ്ങളില്‍ പോലീസിനെ ആക്രമിച്ച കേസുകളില്‍ രണ്ട് പേര്‍ പിടിയിലായി. രാജാക്കാട് ടൗണില്‍ മയക്കുമരുന്ന് സംഘം ഏറ്റുമുട്ടി. ഏഴ് പേര്‍ പിടിയില്‍. കഞ്ചാവുമായി രണ്ട് പേരും കുടുങ്ങി.
പെരുവന്താനം: പുതുവത്സര ആഘോഷത്തിനിടെ നാട്ടുകാര്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയും വിവരമറിഞ്ഞെത്തിയ പോലീസുകാരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍. മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ വെമ്പിള്ളിക്ക് സമീപം വടക്കേ മലയിലാണ് സംഭവം. കൊക്കയാര്‍ തൊണ്ടിയില്‍ മേന്‍മാരിയില്‍ അനന്ദു(20) ആണ് പിടിയിലായത്. സംഭവത്തില്‍ കൊക്കയാര്‍ ഓലിക്കല്‍ പുരയിടത്തില്‍ സുബിന്‍(28), ഹരി(25), വിനീത്(28) എന്നിവരാണ് ഓടി രക്ഷപ്പെട്ടത്. മൂവരും ബന്ധുക്കളാണ്. സംഭവത്തില്‍ നാല് പേര്‍ക്കുമെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. പുതുവത്സരാഘോഷത്തിനിടെ സമീപവാസികളെ പ്രകോപനമില്ലാതെ സംഘമാക്രമിക്കുകയായിരുന്നു.
നിരവധി പേര്‍ വിളിച്ചതിനെ തുടര്‍ന്ന് പെരുവന്താനം എസ്‌ഐ പ്രശാന്ത് പി. നായര്‍, സിപിഒ ജിമ്മി എന്നിവര്‍ സ്ഥലത്തെത്തുകയും ഇവരെ യുവാക്കളുടെ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയുമായിരുന്നു. പരിക്കേറ്റ ഇരുവരും കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. പരിക്കേറ്റെങ്കിലും അനന്ദുവിനെ എസ്‌ഐ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സുബിന്‍, അനന്ദു എന്നിവര്‍ക്കെതിരെ പോലീസ് കേസ് നിലവിലുണ്ട്.
കട്ടപ്പന: മദ്യലഹരിയില്‍ പോലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചയാളെ അറസ്റ്റ് ചെയ്തു. ലബ്ബക്കട പടലുങ്കല്‍ കുഞ്ഞുമോന്‍(ജോസഫ്-60) ആണ് പിടിയിലായത്. ഇയാളുടെ മര്‍ദ്ദനത്തില്‍ കൈയ്ക്ക് പരിക്കേറ്റ കട്ടപ്പന സ്റ്റേഷനിലെ സിപിഒ വി.എം ജോസഫ് ആശുപത്രിയില്‍ ചികിത്സ തേടി. ഞായറാഴ്ച രാത്രിയാണ് സംഭവം. വൈകിട്ട് ഏഴോടെ ലബ്ബക്കട കള്ള്ഷാപ്പിനു സമീപം വാഹനം തിരിക്കുന്നതുമായി ബന്ധപ്പെട്ട് കുഞ്ഞുമോനെ ഒരു സംഘം യുവാക്കള്‍ കൈയേറ്റം ചെയ്തിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് കുഞ്ഞുമോനെ രക്ഷപ്പെടുത്തി സ്റ്റേഷനിലെത്തിച്ചു. പിന്നീട് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മദ്യലഹരിയില്‍ ഇയാള്‍ വാഹനത്തില്‍ നിന്ന് പുറത്തേയ്ക്ക് ചാടാന്‍ ശ്രമിച്ചു.
ഇത് തടയാന്‍ ശ്രമിച്ച സിപിഒ വി.എം ജോസഫിന്റെ മുഖത്തടിക്കുകയും കൈയില്‍ മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് കുഞ്ഞുമോനെ കീഴ്പ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കുഞ്ഞുമോനെ കൈയേറ്റം ചെയ്ത ലബ്ബക്കട സ്വദേശികളായ മുകളേല്‍ ജിജോ, എലിക്കുളം മഹേഷ് എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.