പോലീസ് സ്റ്റേഷന്റെ ചുമതല സിഐമാര്‍ ഏറ്റെടുത്തു

Monday 1 January 2018 9:52 pm IST

ഇടുക്കി: ജില്ലയിലെ സിഐമാര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ(എസ്എച്ച്ഒ) ചുമതല ഏറ്റെടുത്തു. ഇനി മുതല്‍ വിവിധ സ്‌റ്റേഷനുകളെ നിയന്ത്രിക്കുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്ന പദവി ഇതോടെ ഇല്ലാതായി. അതാത് സ്‌റ്റേഷനുകളില്‍ മാത്രമായി ഇവരുടെ അധികാരം ചുരുങ്ങും. ഡിജിപിയുടെ ഉത്തരവിനെ തുടര്‍ന്ന് സംസ്ഥാനത്തെമ്പാടും നടക്കുന്ന മാറ്റത്തിന്റെ ഭാഗമായാണ് ഇടുക്കിയിലും പോലീസ് സ്റ്റേഷന്റെ ചുമതല സിഐമാര്‍ ഏറ്റെടുത്തത്. ജില്ലയിലാകെ 12 സിഐ ഓഫീസുകളാണ് മുമ്പ് ഉണ്ടായിരുന്നത്, 30 സ്റ്റേഷനുകളും. ഇതില്‍ ദേവികുളം സിഐ ശാന്തമ്പാറ എസ്എച്ച്ഒ ആയി മാറി. കെ.എസ.് ജയനാണ് ഇനിമുതല്‍ ഇവിടുത്തെ ചുമതല.
തൊടുപുഴയില്‍ എന്‍.ജി. ശ്രീമോന്‍, കാഞ്ഞാറില്‍ മാത്യു ജോര്‍ജ്, കാളിയാറില്‍ കെ.എ. യൂനസ്, ഇടുക്കിയില്‍ സിബിച്ചന്‍ വര്‍ഗീസ്, കഞ്ഞിക്കുഴിയില്‍ വര്‍ഗീസ് അലക്‌സാണ്ടര്‍, അടിമാലിയില്‍ പി.കെ. സാബു, മൂന്നാറില്‍ സാം ജോസ്, കട്ടപ്പനയില്‍ വി.എസ്. അനില്‍കുമാര്‍, നെടുങ്കണ്ടത്ത് റെജി കുന്നിപ്പറമ്പന്‍, കുമളിയില്‍ വി.കെ. ജയകുമാര്‍, പീരുമേട്ടില്‍ വി. ഷിബുകുമാര്‍ എന്നിവരാണ് സ്‌റ്റേഷനുകളുടെ ചുമതല ഏറ്റെടുത്തത്.
പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ കൂടിയായ സിഐമാരായിക്കും ഈ സ്റ്റേഷനുകളില്‍ പരാതികള്‍ അടക്കം പരിശോധിക്കുന്നത്. ഇദ്ദേഹത്തിന്റെ കീഴില്‍ ലോ ആന്‍ഡ് ഓര്‍ഡര്‍, ക്രൈം സംബന്ധിച്ച കേസുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിന് രണ്ട് എസ്‌ഐമാരും ചാര്‍ജെടുത്തു. മുമ്പിരുന്ന എസ്എച്ച്ഒ മാര്‍ക്കാണ് ലോ ആന്‍ഡ് ഓര്‍ഡര്‍ ചുമതല നല്‍കിയിരിക്കുന്നത്. സിഐമാരുടെ പഴയ ഓഫീസുകള്‍ ഇനി മറ്റ് ഓഫീസുകളായി മാറും. ഉദ്യോഗസ്ഥരും അതത് സ്‌റ്റേഷനുകളിലേയ്ക്ക് മടങ്ങും. മൊബൈല്‍ നമ്പറുകളില്‍ മാറ്റമില്ലെങ്കിലും അതികമായുള്ള ലാന്റ് ഫോണ്‍ നമ്പര്‍ രണ്ടാമത്തെ കണക്ഷനായി മാറി നിലനില്‍ക്കും.

ജില്ലയിലെ ബാക്കി വരുന്ന 18 സ്റ്റേഷനുകളിലും എസ്എച്ച്ഒ മാരായി എസ്‌ഐമാര്‍ തന്നെ തുടരും. മൂന്ന് മാസത്തിനകം ഇത്തരത്തിലുള്ള സ്‌റ്റേഷനുകളിലും സിഐമാരെ നിയമിക്കും.
ഇനി മുതല്‍ ഇവിടങ്ങളിലെ ഗൗരവകരമായ എല്ലാ കേസുകളും ഡിവൈഎസ്പിമാരായിരിക്കും അന്വേഷിക്കുന്നത്. കരിണ്ണൂര്‍, കരിങ്കുന്നം മുട്ടം, കുളമാവ്, മുരിക്കാശ്ശേരി, തങ്കമണി, കരിമണല്‍, മറയൂര്‍, രാജാക്കാട്, ദേവികുളം, വെള്ളത്തൂവല്‍, പെരുവന്താനം, വണ്ടിപ്പെരിയാര്‍, കമ്പംമെട്ട്, വണ്ടന്‍മേട്, വാഗമണ്‍, മുല്ലപ്പെരിയാര്‍, ഉപ്പുതറ എന്നിവിടങ്ങളിലാണ് എസ്‌ഐമാര്‍ എസ്എച്ച്ഒ-മാരായി തുടരുന്നത്. ഇത്തരത്തില്‍ മാറ്റം വന്നതോടെ ഡിവൈഎസ്പിമാരുടെ ചുമതല ഏറും. ഇതിനും പരിഹാരമായി സബ് ഡിവിഷണുകള്‍ കൂട്ടാനും പദ്ധതി ഉള്ളതായാണ് വിവരം. നിലവില്‍ കട്ടപ്പന, തൊടുപുഴ, മൂന്നാര്‍ എന്നിങ്ങനെ മൂന്ന് ഡിവിഷണുകളാണ് ഇടുക്കി ജില്ലാ പോലീസ് മേധാവിയ്ക്ക് കീഴിലുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.