സീസണ്‍ തീരാറായപ്പോള്‍ കുമളി പഞ്ചായത്തിന് ബോധോദയം

Monday 1 January 2018 9:53 pm IST

 

കുമളി: ശബരിമല സീസണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ അയ്യപ്പഭക്തര്‍ക്ക് വിശ്രമകേന്ദ്രം തുറന്ന് കുമളി പഞ്ചായത്ത്. ശബരിമല സീസണ്‍ ആരംഭിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് അയ്യപ്പഭക്തര്‍ക്ക് ഒരുക്കേണ്ട സൗകര്യങ്ങളെപ്പറ്റി വിലയിരുത്തുന്നതിനായി കുമളി പഞ്ചായത്തിന്റെ നേതൃത്യത്തില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ തുറന്ന് പ്രവര്‍ത്തിപ്പിക്കേണ്ട വിരിപ്പന്തലാണ് അവസാന ഘട്ടത്തില്‍ ആരംഭിച്ചിരിക്കുന്നത്.
പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ ആരംഭിച്ചിരിക്കുന്ന വിരിപ്പന്തലില്‍ അറുപത് അയ്യപ്പഭക്തര്‍ക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ടൈല്‍സും ഗ്രില്ലുകളും തീര്‍ത്ത് സുരക്ഷിതവും വൃത്തിയുമായി ആണ് പന്തലിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജെയിംസ് പന്തലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച പന്തല്‍ ദിവസങ്ങള്‍ക്കുള്ളില്‍ പൊളിച്ചുമാറ്റുമെന്നതിനാല്‍ ഇതില്‍ സാമ്പത്തിക തിരിമറി ഉള്ളതായും ആരോപണം ഉയരുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.