തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ കേരളാ ബിജെപി നടത്തുന്ന സമ്പര്‍ക്ക വാരത്തിന് തുടക്കമായി. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ഡി ബാബുപോളിനെ അദ്ദേഹത്തിന്റെ തിരുവനന്തപുരത്തുള്ള വീട്ടിലെത്തി സന്ദര്‍ശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പരിപാടി ഉദ്ഘാടനം ചെയ്തു.
മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പി കെ കൃഷ്ണദാസ്, ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ. എസ് സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളെപ്പറ്റി കുമ്മനം ഡോ. ബാബുപോളിന് വിശദീകരിച്ച് നല്കി. കേന്ദ്രപദ്ധതികള്‍ അടങ്ങിയ ലഘുലേഖയും കുമ്മനം അദ്ദേഹത്തിന് കൈമാറി.
ദിവസം 12 ദിനപത്രങ്ങള്‍ വായിക്കുന്ന തനിക്ക് പോലും ഇത്രയധികം കേന്ദ്ര പദ്ധതികള്‍ ഉണ്ടെന്നുള്ള കാര്യം അറിയില്ലായിരുന്നുവെന്ന് ബാബുപോള്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതികളെപ്പറ്റി ജനങ്ങള്‍ക്ക് അവബോധം ഉണ്ടാക്കാനുള്ള ബിജെപിയുടെ ഈ ഉദ്യമം വലിയൊരു കാര്യമാണ്. അതിന് എല്ലാ ആശംസകളും നേരുന്നതായും അദ്ദേഹം പറഞ്ഞു. ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. ജി മാധവന്‍നായരെയും കുമ്മനം വീട്ടിലെത്തി സന്ദര്‍ശിച്ച് കേന്ദ്ര പദ്ധതികള്‍ വിശദീകരിച്ച് നല്കി.
പുതുവത്സര ദിനമായ ജനുവരി ഒന്നു മുതല്‍ ഒരാഴ്ചയാണ് സമ്പര്‍ക്ക യജ്ഞം നടത്തുക. ഈ ദിവസങ്ങളില്‍ പ്രാഥമിക അംഗം മുതല്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വരെയുള്ളവര്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പദ്ധതികളുടെ വിശദാംശങ്ങളുമായി വീടുവീടാന്തിരം കയറിയിറങ്ങും. ജനുവരി 8 ന് പരിപാടി സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: