കുതിരാന്‍; ആദ്യ തുരങ്കം ജനുവരിയില്‍ തുറക്കും

Monday 1 January 2018 10:05 pm IST

വടക്കഞ്ചേരി: വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയില്‍ കുതിരാനില്‍ നിര്‍മ്മിക്കുന്ന ഇരട്ടക്കുഴല്‍ തുരങ്കത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്.
962 മീറ്റര്‍ നീളമുള്ളതുരങ്കത്തിന്റെ ടാറിങ് ജോലികള്‍ പൂര്‍ത്തിയായി. നൂറ് മീറ്റര്‍ ദൂരത്തില്‍ ഇരുവശങ്ങളിലും ഓരോ മീറ്റര്‍ വീതമുള്ള കോണ്‍ക്രീറ്റിംങ് മാത്രമാണ് ഇനി ബാക്കിയുള്ളത്. തുരങ്കത്തിനുള്ളില്‍ എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും പുരോഗമിക്കുന്നുണ്ട്. 30,60,100,150 വാട്ട്‌സുകളിലുള്ള എഴുനൂറോളം ലൈറ്റുകളാണ് ഓരോ തുരങ്കത്തിലും സ്ഥാപിക്കുന്നത്.
ഇരുവശങ്ങളിലുള്ള അഴുക്ക് ചാലുകളുടെ നിര്‍മ്മാണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ആദ്യ തുരങ്കത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ റോഡുകളുടെ നിര്‍മ്മാണവും തുരങ്കത്തില്‍ നിന്നും പുറത്ത് കടക്കുന്ന ഭാഗത്തെ റോഡുകളുടെ നിര്‍മ്മാണവുമാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്.
തുരങ്കത്തില്‍ നിന്നും പുറത്ത് കടക്കുന്ന വഴുക്കും പാറ ഭാഗത്ത് മലയില്‍ നിന്നും വരുന്ന വെള്ളം ഒഴുകി പോകുന്നതിനുള്ള വലിയ ഓടയും നിര്‍മ്മിക്കാനുണ്ട്. ഈ പ്രവര്‍ത്തികള്‍ കൂടി പൂര്‍ത്തിയായാല്‍ ജനവരി രണ്ടാം വാരത്തോടെ ആദ്യ തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്.
രണ്ടാം തുരങ്കത്തില്‍ നടക്കുന്ന ഗാന്‍ട്രി കോണ്‍ക്രീറ്റിങിന്റെ അമ്പത് ശതമാനം പ്രവൃത്തികള്‍ മാത്രമാണ് ഇതില്‍ പൂര്‍ത്തിയായത്.
കൂടുതല്‍ യന്ത്രസാമഗികള്‍ ഉപയോഗിച്ച് അതിവേഗം പണി പൂര്‍ത്തികരിച്ചാല്‍ രണ്ടാം തുരങ്കം ഏപ്രില്‍ മാസത്തോടെ തുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
തൊഴിലാളി സമരങ്ങളും നാട്ടുകാരുടെ പ്രതിഷേധവുമാണ് കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മ്മാണം വൈകിച്ചത്. വടക്കഞ്ചേരി – മണ്ണുത്തി ആറ് വരിപ്പാത കരാറെടുത്തിരിക്കുന്ന കെഎന്‍സി കമ്പനി കൊങ്കണ്‍ തുരങ്ക പാത ഉള്‍പ്പെടെ നിര്‍മ്മിച്ച് പ്രവൃത്തി പരിചയമുള്ള പ്രഗതി കമ്പനിക്ക് ഉപകരാര്‍ നല്‍കുകയായിരുന്നു.
തുരങ്ക നിര്‍മാണം പൂര്‍ണ്ണമായും പ്രഗതി കമ്പനിയുടെ നിയന്ത്രണത്തിലാണെങ്കിലും ആദ്യ തുരങ്കത്തിലെ ടാറിംഗ് കെഎന്‍സി കമ്പനിയുടെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.