മകരവിളക്ക് മഹോത്സവം;  ശബരിമല സുരക്ഷാ വലയത്തില്‍

Tuesday 2 January 2018 2:45 am IST

ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി നടതുറന്നതോടെ ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് സന്നിധാത്ത് ഒരുക്കിയിരിക്കുന്നത്. മലപ്പുറം എസ്പി: ദേബേഷ്‌കുമാര്‍ ബഹ്‌റയാണ് സ്‌പെഷ്യല്‍ ഓഫീസര്‍.

13 ഡിവൈഎസ്പിമാര്‍, 33 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, 115 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 1400 സിവില്‍ പോലീസ് എന്നിങ്ങനെയാണ് പോലീസ് സേനാവിഭാഗം. ഇതിനുപുറമേ 180 ആര്‍എഎഫ്, 40 എന്‍ഡിആര്‍എഫ്, 30 ഐആര്‍ ബറ്റാലിയന്‍, കര്‍ണാടക പോലീസ്, ആന്ധ്രാ പോലീസ്, 13 കമാന്‍ഡോകള്‍, വയര്‍ലെസ് വിഭാഗം തുടങ്ങി 2000ല്‍പ്പരം സേനാംഗങ്ങളാണ് ഇപ്പോള്‍ ശബരിമലയില്‍ സുരക്ഷ ഒരുക്കുന്നത്. മകരവിളക്കിന് അടുത്ത ബാച്ചും കുടുതല്‍ പോലീസും എത്തും. എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, ഫുഡ് ആന്റ് സേഫ്റ്റി തുടങ്ങി മറ്റ് വിഭാഗങ്ങളിലും കൂടുതല്‍ ഉദ്യോഗസ്ഥര്‍ എത്തി.

മകരജ്യോതി ദര്‍ശനത്തിനായി തീര്‍ത്ഥാടകര്‍ തടിച്ചു കൂടുന്ന സ്ഥലങ്ങളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി പരിശോധന നടത്തി. തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. ചന്ദ്രാനന്ദന്‍ റോഡ് ബ്ലോക്ക് ചെയ്ത് നിര്‍ത്തിയും ക്യൂ കോംപ്ലക്‌സുകള്‍ ക്രമീകരിച്ചും പതിനെട്ടാംപടിവഴി കയറുന്നതിന്റെ വേഗം കൂട്ടിയും വെര്‍ച്ചല്‍ക്യൂ ജനറല്‍ ക്യൂ ആക്കിയും, വടക്കേനടവഴി കൂടുതല്‍ ഭക്തരെ ക്രമീകരിച്ചും ഭക്തരുടെ ഒഴുക്കിനെ നിയന്ത്രിക്കും.
ഇരുന്നൂറോളം പേരടങ്ങുന്ന സംഘമാവുമ്പോള്‍ അവരെ ക്യൂ കോംപ്ലക്‌സാക്കി വിശ്രമിക്കാന്‍ അവസരം നല്‍കും.

തുടര്‍ന്ന് വെള്ളം, ബിസ്‌ക്കറ്റ് എന്നിവയും നല്‍കും. ശരംകുത്തിക്കും മരക്കൂട്ടത്തിനും ഇടയില്‍ ഇത്തരത്തില്‍ തിരക്ക് നിയന്ത്രിച്ച് നിര്‍ത്താനാകും. നല്ല തിരക്കുള്ള സമയം പമ്പയില്‍നിന്നും ഭക്തരുടെ പ്രവേശനം നിയന്ത്രിക്കും. പുല്ലുമേട് വഴി വരുന്നവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും. പാണ്ടിത്താവളത്ത് നിന്ന് ഘട്ടം ഘട്ടമായി നിയന്ത്രിക്കും.

തീര്‍ത്ഥാടന പാതകളില്‍ കൂടുതല്‍ നിരീക്ഷണക്യാമറകള്‍ സ്ഥാപിച്ചു. പത്തനംതിട്ട വടശ്ശേരിക്കര, നിലയ്ക്കല്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നും വാഹനങ്ങള്‍ എത്തുന്നതും പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് വരുന്നവരേയും നിരീക്ഷിക്കാന്‍ മുന്തിയ ഇനം ക്യാമറകളാണ് സജ്ജമാക്കിയിരിക്കുന്നത്.

സന്നിധാനം, പമ്പ, പത്തനംതിട്ട കളക്ടറേറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ പോലീസ് ആസ്ഥാനത്തു നിന്നും നിരീക്ഷണക്യാമറകളിലെ ദൃശ്യങ്ങള്‍ വീക്ഷിക്കാനാകും. ജില്ലാ കളക്ടര്‍, ഡിജിപി എന്നിവര്‍ക്ക് ഏത് സമയത്തും ദൃശ്യങ്ങള്‍ നോക്കി സ്ഥിതിഗതികള്‍ വിലയിരുത്താനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനുമാകും.

അപകടാവസ്ഥയിലായിരുന്ന മുഴുവന്‍ മരങ്ങളും വനംവകുപ്പ് മുറിച്ചുനീക്കി. ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ സംഭരണികളിലും പൂര്‍ണമായും വെള്ളം സംഭരിക്കും. കെഎസ്ഇബിയുടെ നേതൃത്വത്തില്‍ ഭക്തജനങ്ങള്‍ തിങ്ങിനില്‍ക്കുന്ന പ്രദേശങ്ങളിലെല്ലാം ലൈറ്റുകള്‍ സ്ഥാപിച്ചു.

അലോപ്പതി, ആയുര്‍വേദം, ഹോമിയോ വിഭാഗങ്ങളും സഹാസ്, എന്‍എസ്എസ്, പമ്പ ഗവ. ആശുപത്രിയിലും അടിയന്തര ഘട്ടത്തില്‍ നേരിടേണ്ട ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കി. കൂടുതല്‍ ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും ചുമതലയേറ്റു.

വെര്‍ച്ചല്‍ ക്യൂ: ദര്‍ശനം നടത്തിയത് 7.94ലക്ഷം പേര്‍
ശബരിമല: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് വെര്‍ച്ചല്‍ ക്യൂ സംവിധാനത്തിലൂടെ ഇന്നലെ വരെ ദര്‍ശനം നടത്തിയത് 7,94,778 പേര്‍. ഇനിയുള്ള ദിവസങ്ങളില്‍ 2,23,000 ത്തോളം പേര്‍ കൂടി ബുക്ക് ചെയ്തിട്ടുണ്ട്. 19നാണ് നട അടയ്ക്കുന്നത്. 12,13,14,15 തീയതികളില്‍ വെര്‍ച്ചല്‍ക്യൂ ബുക്കിങ് ഇല്ല. ബാക്കിയുള്ള ദിവസങ്ങളിലെല്ലാം ബുക്കിങ് പൂര്‍ത്തിയായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.