പുതുവത്സര ആരംഭത്തില്‍ എസ്‌ഐക്ക് കരണത്തടി

Tuesday 2 January 2018 10:55 am IST

പത്തനാപുരം: മലയോര മേഖലയിലെ പുതുവത്സരാഘോഷം അതിരുകടന്നു. പത്തനാപുരം എസ്‌ഐയുടെ കരണത്തടിച്ചാണ് കോണ്‍ഗ്രസ് നേതാവ് പുതുവര്‍ഷം ആഘോഷിച്ചത്.
പരിക്കേറ്റ എസ്‌ഐ അബ്ദുള്‍ മനാഫ് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കോണ്‍ഗ്രസ് പട്ടാഴി വടക്കേക്കര മണ്ഡലം സെക്രട്ടറിയും വിരമിച്ച പട്ടാളക്കാരനുമായ മാലൂര്‍ കോളേജ് ജംഗ്ഷന്‍ വൈഷ്ണവത്തില്‍ സുരേഷ്‌കുമാറിനെ (49) കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഞായറാഴ്ച രാത്രി 11.30നായിരുന്നു മര്‍ദനം. സംഭവങ്ങളുടെ തുടക്കം ഇങ്ങനെ. രാത്രി 11ന് പത്തനാപുരം നഗരത്തിലുള്ള പടക്കവില്‍പനകേന്ദ്രത്തില്‍ സിപിഎം പ്രവര്‍ത്തകരായ യുവാക്കള്‍ തമ്മില്‍ പരസ്പരം അടിപിടിയുണ്ടായി. ഇവരെ പിടിച്ചുമാറ്റുന്നതിനിടെ സ്ഥലത്തെത്തിയ പത്തനാപുരം പോലീസും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമായി. ഇതിനിടെ പോലീസുകാരുടെ ഷര്‍ട്ട് സിപിഎമ്മുകാര്‍ വലിച്ചുകീറി.
പ്രശ്‌നമുണ്ടാക്കിയ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഇയാളെ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി പ്രശ്‌നമുണ്ടാക്കുകയും ഇറക്കി കൊണ്ടു പോവുകയും ചെയ്തു. ഈ സമയം മറ്റൊരു കേസില്‍ പോലീസ് പിടികൂടിയ പ്രതിയെ ഇറക്കാനായി സ്റ്റേഷനില്‍ എത്തിയതായിരുന്നു കോണ്‍ഗ്രസ് നേതാവ് സുരേഷ്. സിപിഎമ്മുകാര്‍ സ്റ്റേഷനില്‍ നടത്തിയ അഴിഞ്ഞാട്ടം കണ്ട് ആവേശം കൊണ്ടാണ് എസ്‌ഐ മനാഫിനെ ഇയാള്‍ കരണത്തടിച്ചത്. പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനാണ് കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തത്. സംഭവത്തില്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.