അദ്വൈത ഭൂമിയിലെ നൃതത്തക്കാഴ്ചകള്‍

Tuesday 2 January 2018 2:45 am IST

നാടന്‍ കലാരൂപങ്ങള്‍ മുതല്‍ അന്തര്‍ദ്ദേശിയ നൃത്തങ്ങള്‍ വരെയുള്ള വര്‍ണ്ണക്കാഴ്ചകളാല്‍ സമൃദ്ധമായിരുന്നു അദ്വൈതസന്ധ്യകള്‍. എട്ടുദിവസം നീണ്ടുനിന്ന അന്തര്‍ദ്ദേശീയ ശ്രീശങ്കര നൃത്തസംഗീത്സവത്തില്‍ പെരിയാറിന്‍ തീരം അക്ഷരാര്‍ത്ഥത്തില്‍ ചിലങ്കയണിഞ്ഞു.
സ്‌പെയിനിന്റെ തനത് കലാരൂപമായ ഫ്‌ളമന്‍കോ നൃത്തം, ശ്രിലങ്കയുടെ തനത്‌നൃത്തം, ഭാരതീയ നൃത്തരൂപങ്ങളായ കഥക്, ഒഡീസി, കുച്ചുപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം ഉള്‍പ്പടെ 60 കാലാരൂപങ്ങളുടെ അപൂര്‍വ്വസംഗമമായിരുന്നു കാലടിയില്‍ നടന്ന പ്രഥമ അന്തര്‍ദ്ദേശീയ നൃത്തസംഗീതോത്സവം. അന്തര്‍ദ്ദേശീയ പ്രസിദ്ധരായ കലാകാരികള്‍ ഉള്‍പ്പടെ 1700 കലാകാരന്മാരാണ് എട്ട് ദിവസങ്ങളിലായി നടന്ന അന്തര്‍ദ്ദേശീയ നൃത്ത സംഗീതോത്സവത്തെ ധന്യമാക്കിയത്.

ശാസ്ത്രീയ നൃത്തങ്ങള്‍ ആസ്വദിക്കുന്നതിനായി ടാന്‍സാനിയന്‍ ഹൈക്കമ്മീഷണര്‍ ബരാക്ക എച്ച്. ലുവാണ്ടയും ഹെക്കമ്മീഷനിലെ കൗണ്‍സിലര്‍ യഹായ അല്ലയും രണ്ടുതവണ നൃത്തസംഗീതോത്സവ വേദിയിലെത്തി.

അദ്വൈതഭൂമിയെ കലയുടെ സംഗമ വേദിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീശങ്കരാ സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ രജത ജൂബിലിയോടനുബന്ധിച്ച് അന്തര്‍ദ്ദേശീയ നൃത്തസംഗീതോത്സവം സംഘടിപ്പിച്ചത്. പ്രശസ്ത നര്‍ത്തകി കലാമണ്ഡലം ക്ഷേമാവതിയാണ് അന്തര്‍ദ്ദേശീയ ശ്രീശങ്കര നൃത്ത സംഗീതോത്സവത്തിന് തിരി തെളിച്ചത്. ആദ്യദിനത്തില്‍ ശ്രീലക്ഷ്മീ ഗോവര്‍ദ്ധനന്റെ കുച്ചുപ്പുടിയോടെയാണ് കലാപരിപാടികള്‍ക്ക് കേളികൊട്ടുയര്‍ന്നത്.

നിരവധി വിദേശ രാജ്യങ്ങളില്‍ നൃത്താവതരണം നടത്തിയിട്ടുള്ള ശ്രീലക്ഷ്മി ജര്‍മ്മനിയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുമ്പില്‍ ‘മേയ്ക്ക് ഇന്‍ ഇന്ത്യ’ പരിപാടിയെ ആസ്പദമാക്കി നൃത്തമവതരിപ്പിച്ചിരുന്നു. വ്യത്യസ്തതകൊണ്ടും തനിമകൊണ്ടും നവ്യാനുഭവം നല്‍കുന്നതായിരുന്നു 300 പേര്‍ പങ്കെടത്ത തരംഗ നൃത്തം. ‘നൃത്തം നിത്യ ജീവിതത്തിന്’ എന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ടാണ് ശിവതരംഗം, കുണ്ഡലിനി തരംഗം, കൃഷ്ണതരംഗം എന്നിവ വേദിയില്‍ അവതരിപ്പിക്കപ്പെട്ടത്.

ശ്രീലങ്കയുടെ സാംസ്‌കാരിക കലാ പാരമ്പര്യത്തിന്റെ നേര്‍കാഴ്ചയായിരുന്നു ശ്രീലങ്കയില്‍ നിന്നുള്ള കലാകാരികളായ ഷിറാനി ഡി. കോസ്റ്റ, ചിത്രിണി വീരതുംഗ എന്നിവര്‍ അവതരിപ്പിച്ച ശ്രീലങ്കന്‍ നൃത്തം. മൂന്ന് പരമ്പരാഗത ശൈലികള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള പ്രത്യേക നൃത്തപരിപാടിയായിരുന്നു ഇത്. സ്‌പെയിനിന്റെ പരമ്പരാഗത നൃത്തമായ ഫ്‌ളമന്‍കോയായിരുന്നു മറ്റൊരു സവിശേഷത. പ്രസിദ്ധ നര്‍ത്തകിയും സിനിമാതാരവുമായ പാരീസ് ലക്ഷ്മിയാണ് അവതരിപ്പിച്ചത്. സ്ഥിരമായി ഒരിടത്തും താമസിക്കാതെ ദേശാന്തരഗമനം നടത്തുന്ന പരമ്പരാഗത നിവാസികളായ ജിപ്‌സികളുടെ ദു:ഖമാണ് അവതരിപ്പിച്ചത്.

നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള സാമൂഹിക സാംസ്‌കാരിക പരിണാമങ്ങളുടെ ഉര്‍ജ്ജവും ഓജസ്സും ചടുലനൃത്തത്തിലൂടെ രംഗത്ത് അവതരിപ്പിച്ചു. വിശറിവീശിക്കൊണ്ട്, ഗിത്താറിന്റെയും സ്പാനിഷ് പാട്ടിന്റെയും താളത്തിലാണ് ചുവട് വെച്ചത്. കഥകിനോട് ഏറെ സാമ്യം പുലര്‍ത്തുന്ന ഫ്‌ളമന്‍കോയുടെ പ്രത്യേകത ചടുലമായ പാദചലനങ്ങളാണ്. പ്രത്യേകതരത്തിലുള്ള ഷൂ അണിഞ്ഞിരിക്കുന്നതുകൊണ്ട് പാദചലനങ്ങള്‍ക്ക് ശബ്ദത്തിന്റെ അകമ്പടിയേകുന്നു. ഭാരതീയ നൃത്തങ്ങളിലെ പോലെ മുദ്രകളില്ലെന്നതാണ് പ്രത്യേകത.

മുബൈയില്‍ നിന്നുളള രേവതി ശ്രീനിവാസ് രാഘവനും സംഘവും അവതരിപ്പിച്ച ഭരതനാട്യം, ബെംഗളുരുവില്‍ നിന്നുളള പാര്‍ശ്വനാഥ് ഉപാദ്ധ്യയും സംഘവും അവതരിപ്പിച്ച ഭരതനാട്യം എന്നിവയും ശ്രദ്ധേയമായിരുന്നു. പ്രസിദ്ധ നര്‍ത്തകി അതിഥി ഭാഗവതിന്റെ കഥക് നൃത്തമായിരുന്നു നൃത്തോത്സവവേദിയിലെ മറ്റൊരു സവിശേഷത. ജയ്പ്പൂര്‍ ഖരാന ശൈലിയിലായിരുന്നു കഥക് അവതരിപ്പിച്ചത്. ദ്രൗപദിയുടെ വസ്ത്രാപഹരണം രാഗമാലികയിലാണ് അവതരിപ്പിച്ചത്. വിവേക് രാജഗോപാല്‍ ചിട്ടപ്പെടുത്തിയ രാധാകൃഷ്ണ പ്രണയം രാഗഭൈരവിയില്‍ മനോഹരമായി അവതരിപ്പിച്ചു. 75 മിനിട്ട് നീണ്ടുനിന്ന ദൃശ്യവിരുന്നില്‍ അഞ്ച് കഥക് നൃത്തങ്ങളാണുണ്ടായിരുന്നത്.

മലയാളികള്‍ക്ക് അത്ര സുപരിചിതമല്ലാത്ത ഒഡീസിയായിരുന്നു മറ്റൊരു പ്രത്യേകത. ഗുരു സഞ്ജിത ഭട്ടാചാര്യയും സംഘവുമാണ് ഇത് അവതരിപ്പിച്ചത്. സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ പെരുകുന്ന കാലഘട്ടത്തില്‍ സ്ത്രീകളുടെ അന്തസ്സും അഭിമാനവും ഉയര്‍ത്തേണ്ടതിന്റെ സന്ദേശമാണ് ഒഡീസിയിലൂടെ അവതരിപ്പിക്കുന്നതെന്നാണ് ഗുരു സഞ്ജിത ഭട്ടാചാര്യ പറഞ്ഞു. അഹല്യയുടെ കഥയിലൂടെയാണ് സ്ത്രീരക്ഷയുടെ ശക്തമായ പ്രമേയം അവതരിപ്പിച്ചത്. ദേവേന്ദ്രന്റെ ചതിയില്‍പ്പെട്ട അഹല്യയെ ഗൗതമമുനി ശപിക്കുന്നു. എന്നാല്‍ ശ്രീരാമന്‍ അഹല്യയ്ക്ക് മോക്ഷം നല്‍കി സ്ത്രീകളുടെ മഹത്വവും സ്വഭാവശുദ്ധിയും ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങളായി സ്ത്രീകള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. അന്നെല്ലാം ഭഗവാനാണ് സ്ത്രീകളുടെ രക്ഷയ്ക്കായി എത്തിയിട്ടുള്ളതെന്നും സഞ്ജിത ഭട്ടാചാര്യ പറയുന്നു.

ആദിശങ്കരാചാര്യരുടെ ജഗന്നാഥസ്തുതിയും, ഏകാദശിവ്രതത്തെക്കുറിച്ചുള്ള അഷ്ടപദി സോളോയും അദ്വൈതഭാവം പകരുന്ന രാധാകൃഷ്ണ സംഗമവും മനോഹരമാക്കിയപ്പോള്‍ നിറഞ്ഞകൈയ്യടിയോടെയാണ് കാണികള്‍ ഒഡീസിയെ സ്വീകരിച്ചത്. മോക്ഷത്തിലെ പ്രധാനഭാവം ആഹ്ലാദമാണ്. ചലനങ്ങള്‍ ദ്രുതങ്ങളാണ്. നര്‍ത്തകിയുടെ ആത്മാവ് പരമാത്മാവില്‍ ലയിച്ച് പരമാനന്ദം അനുഭവിക്കുന്ന ഭാവപ്രകടനമാണ് മോക്ഷത്തില്‍. നാട്യത്തിന്റെ പരമമായ ലക്ഷ്യം, ജീവാത്മാ-പരമാത്മാ ഐക്യമാണെന്ന് കാണച്ചുകൊണ്ടാണ് ഒഡീസിയ്ക്ക് തിരശ്ശീല വീണത്.
ഒഡീസിയില്‍ സ്വന്തമായ രീതിയാണ് സഞ്ജിത ഭട്ടാചാര്യ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിവിധ പൂന്തോട്ടങ്ങളില്‍ നിന്നുള്ള നല്ല പുഷ്പങ്ങള്‍ മാത്രം സ്വീകരിച്ച് സ്വന്തമായ രീതിയില്‍ ചിട്ടപ്പെടുത്തുകയെന്ന ഭര്‍ത്താവ് തരുണ്‍ ഭട്ടാചാര്യയുടെ ഉപദേശമാണ് സ്വീകരിച്ചതെന്നും സഞ്ജിത പറഞ്ഞു.

ബെംഗളൂരുവില്‍ നിന്നുള്ള നര്‍ത്തകിയും നടിയുമായ രുക്മിണി വിജയകുമാറിന്റെ ഭരതനാട്യമായിരുന്നു എടുത്തുപറയേണ്ട മറ്റൊന്ന്. അര്‍ദ്ധനാരീശ്വരന്മാരെ ഭാരതനാട്യത്തിന്റെ ഭാവതലങ്ങളിലൂടെ അനശ്വരമാക്കിയപ്പോള്‍ കാണികള്‍ക്കത് ശിവപാര്‍വ്വതീസംഗമത്തിന്റെ നേര്‍കാഴ്ചയായി. പാര്‍വ്വതി ശിവനെ സ്തുതിച്ച് പ്രത്യക്ഷപ്പെടുത്തുന്നതാണ് രംഗത്ത് അവതരിപ്പിച്ചത്. പ്രസിദ്ധ സംഗീതജ്ഞന്‍ പാപനാശം രചിച്ച ‘സ്വാമി നാനുന്തനടിമേ’ എന്നു തുടങ്ങുന്ന ഗാനം നാട്യകുറിച്ചി രാഗത്തില്‍ ആദിതാളത്തില്‍ അവതരിപ്പിച്ചപ്പോള്‍ പരമശിവനെ ദര്‍ശിച്ച പ്രതീതിയായിരുന്നു ആസ്വാദകര്‍ക്ക്. ‘യാഹിമാധവ’ എന്നുതുടങ്ങുന്ന അഷ്ടപദി, ഭജഗോവിന്ദം എന്നിവയും അവതരിപ്പിച്ചു.

ഗോപികാ വര്‍മ്മയുടെ മോഹിനിയാട്ടവും ഏറെ ആകര്‍ഷിച്ചു. നിഷ്‌കളങ്ക ഭക്തരുടെ മുമ്പില്‍ ഭഗവാന്‍ ദാസനായെത്തുമെന്ന സന്ദേശമാണ് ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന ‘ദാസ്യം’ മോഹിനിയാട്ടത്തിലൂടെ നല്‍കിയ സന്ദേശം.ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉത്ഭവവും ചരിത്രവുമാണ് ആദ്യം രംഗത്ത് അവതരിപ്പിച്ചത്. തുടര്‍ന്ന് കുറൂരമ്മയുടെ കഥ, മഹാബലി, രാധയുടെ കൃഷ്ണനോടുള്ള അചഞ്ചലമായ പ്രേമം, രുക്മിണിയും കൃഷ്ണനും തമ്മിലുള്ള ചൂതുകളി, യശോദയുടെ കൃഷ്ണ വാത്സല്യവുമെല്ലാം മോഹിനിയാട്ടത്തിന്റെ ലാസ്യഭംഗിയില്‍ ഗോപികാ വര്‍മ്മ അനശ്വരമാക്കി.

ശ്രീശങ്കര അന്തര്‍ദ്ദേശീയ നൃത്തസംഗീതോത്സവത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ എന്‍ആര്‍ഐ അവാര്‍ഡ് നേടിയ ന്യൂസിലാന്‍ഡില്‍ നിന്നുള്ള ധന്യ ശ്രീകാന്തിന്റെ കുച്ചുപ്പുടിയായിരുന്നു മറ്റൊരാകര്‍ഷണം. ശിവനെ സ്തുതിക്കുന്ന ശിവാഷ്ടകമാണ് കുച്ചുപ്പുടിയിലൂടെ ധന്യ അവിസ്മരണീയമാക്കിയത്. അറിയപ്പെടുന്ന ശാസ്ത്രജ്ഞ കൂടിയാണ്.

ന്യൂദല്‍ഹിയില്‍ നിന്നുളള കലാകാരി ദക്ഷിണ വൈദ്യനാഥന്‍ ബാഗേലിന്റെ ഭരതനാട്യ കച്ചേരിയും ശ്രദ്ധേയമായ പരിപാടികളില്‍ ഒന്നായിരുന്നു. പ്രശസ്ത കുച്ചുപ്പുടി നര്‍ത്തിക വൈജയന്തി കാശിയുടെ മകളായ പ്രതീക്ഷ കാശിയാണ് സമാപനദിനത്തില്‍ കുച്ചുപ്പുടി അവതരിപ്പിച്ചത്.
ശ്രീശങ്കര സ്‌കൂള്‍ ഓഫ് ഡാന്‍സിലെ സീനിയര്‍ വിദ്യാര്‍ത്ഥിനികളുടെ നൃത്തങ്ങളായിരുന്നു മറ്റൊരാകര്‍ഷണം. ഇരയിമ്മന്‍ തമ്പിയുടെ ഓമനത്തിങ്കള്‍ കിടാവോ എന്ന് തുടങ്ങുന്ന താരാട്ട്പാട്ട് മോഹിനിയാട്ടത്തിലവതരിപ്പിച്ച് ഡോ. അനില എ.ബി. ഏവരുടെയും മനം കവര്‍ന്നു.

അനഘ മേനോന്റെ ‘ദുര്‍ഗാസ്തുതി’ കുച്ചുപ്പുടി, നിരഞ്ജന മേനോന്റെ ‘കൃഷ്ണാ നീ ബേഗനെ’ എന്ന് തുടങ്ങുന്ന കൃതിയുടെ മോഹനിയാട്ടാവിഷ്‌കാരം, അതുല്യ ഷാജിയുടെ ‘ഭാമാ കലാപം’ കുച്ചപ്പുടിയും ആദിത്യ വി.ആറിന്റെ ‘മുദ്ദുഗാരി’ കുച്ചപ്പുടിയും ശ്രദ്ധേയയായി.

പ്രത്യേക ശബ്ദ വെളിച്ച നിയന്ത്രണം സോളോ പരിപാടികള്‍ മികവുറ്റതാക്കി. കാളിനാടകം അവതരിപ്പിച്ച് നീതു പി.ആര്‍, യാജ്ഞസേനി അവതരിപ്പിച്ച് അമൃത സുരേഷ്, മണ്‌ഡോദരി അവതരിപ്പിച്ച് അക്ഷര വി.ആര്‍, അഹല്യ അവതരിപ്പിച്ച് വൈഷ്ണവി സുകുമാരന്‍, ശിവപ്രസാദ പഞ്ചകം ദൃശ്യവത്കരിച്ച് പ്രതിഭ എന്‍.എസ്, കണ്ണകി രംഗത്തെത്തിച്ച് മീനാക്ഷി വി.പി.എന്നിവരാണ് വേദിയിലെത്തിയത്. അദ്ധ്യാപികമാരായ അമ്പിളി, രശ്മി നാരായണന്‍, അക്ഷര വി.ആര്‍ എന്നിവരുടെ ക്ലാസ്സിക്കല്‍ നൃത്ത പരിപാടിയും അരങ്ങേറി.
വള്ളത്തോള്‍, കുമാരനാശാന്‍, ഉള്ളൂര്‍ എന്നിവരുടെ കൃതികളെ ആസ്പദമാക്കി ‘പ്രദക്ഷിണം’ നൃത്ത പരിപാടിയും അരങ്ങേറി.

അമ്മതന്‍ സ്‌നേഹമാണ് ശാശ്വത സത്യമെന്ന സന്ദേശം വിളിച്ചോതി ഉറൂബിന്റെ കഥയെ ആസ്പദമാക്കി നര്‍ത്തകി അനിലാ ജോഷി അവതരിപ്പിച്ച പുത്തന്‍ നൃത്താവിഷ്‌കാരം അവതരണ ശൈലിയുടെ വ്യത്യസ്തതകൊണ്ട് ശ്രദ്ധേയായി. ആദിശങ്കരാചാര്യരും മാതൃപഞ്ചകത്തിലൂടെ അമ്മയുടെ മഹത്വം നമുക്ക് പകര്‍ന്ന് തന്നിട്ടുണ്ട്. ശ്രീകുമാര്‍ എരന്നൂര്‍ തയ്യാറാക്കിയ ‘വെളുത്തകുട്ടി’ എന്ന ഹ്രസ്വ നാടകമാണ്‌നൃത്താവിഷ്‌കാരത്തിനായി തിരഞ്ഞെടുത്തത്.

എട്ടു വേദികളിലായി ആദ്യ മൂന്ന് ദിവസം നടന്ന സകലകലാവതരണത്തില്‍ ആയിരത്തിലധികം കലാകാരന്മാര്‍ പങ്കെടുത്തു. ആസ്വാദകരെ ഏറെ ആകര്‍ഷിച്ച പയ്യന്നൂര്‍ കോല്‍ക്കളി, പിന്നല്‍ തിരുവാതിര, കോലാട്ടം, സാമ്പ്രദായിക ഭജന, ലയവിന്യാസം ഉള്‍പ്പെടെ 58 കലാരൂപങ്ങള്‍ അരങ്ങേറിയത് ആസ്വാദകര്‍ക്ക് പുത്തന്‍ അനുഭവമായിരുന്നു. സ്‌കൂള്‍ പ്രമോട്ടര്‍ പ്രൊഫ.പി.വി. പീതാംബരന്‍. ഡയറക്ടര്‍ സുധാ പീതാംബരന്‍, പിടിഎ പ്രസിഡന്റ് കെ.ടി, സലിം എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് നൃത്തസംഗീതോത്സവത്തിന് നേതൃത്വം നല്‍കിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.