ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയ്ക്ക് പുതിയ നിരീക്ഷണശൃംഖല

Tuesday 2 January 2018 6:31 pm IST

ബീജിങ്: അന്തര്‍വാഹിനുകളുടെ സഹായത്തോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന പുതിയ നിരീക്ഷണശൃംഖല വികസിപ്പിച്ചതായി റിപ്പോര്‍ട്ട്. ജലത്തിന്റെ താപനിലയും ലവണത്വവും അടിസ്ഥാനമാക്കി സമുദ്രാന്തര്‍ ഭാഗത്തെ വിവരങ്ങള്‍ ശേഖരിക്കുവാനും ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റു കപ്പലുകളുടെ ഗതിയും വേഗതയും മനസ്സിലാക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും.

ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന്റെ കീഴിലുള്ള ചൈന സീ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഷ്യാനോളജി എന്ന സ്ഥാപനമാണ് ഇതു വികസിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ചൈനയുടെ പുതിയ നീക്കം അമേരിക്കയോടുള്ള തുറന്ന വെല്ലുവിളിയാണെന്നാണ് കരുതുന്നത്.

കപ്പലുകള്‍, അന്തര്‍വാഹിനികള്‍, ഉപഗ്രഹങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ശൃംഖല ദക്ഷിണ ചൈനാകടല്‍, പശ്ചിമ പസഫിക്, ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിരീക്ഷണ പദ്ധതി പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെ ലഭ്യമാകുന്ന വിവരങ്ങള്‍ ദക്ഷിണ ചൈനാകടലിലെ മൂന്ന് രഹസ്യാന്വേഷണ കേന്ദ്രങ്ങളിലായി വിശകലനം ചെയ്യുന്ന തരത്തിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.

കടല്‍ക്കൊള്ളക്കാരുമായുള്ള ഏറ്റുമുട്ടലിനെന്ന വിശദീകരണത്തോടെ അടുത്തിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന വ്യാപകമായി അന്തര്‍വാഹിനികളെ നിയോഗിച്ചിരുന്നു. കടല്‍ കൊള്ളക്കാരെ നേരിടാന്‍ അന്തര്‍വാഹിനികള്‍ എന്തിന് ഉപയോഗിച്ചു എന്ന ചോദ്യം അന്ന് ഉയര്‍ന്നതാണ്. എന്നാല്‍ സമുദ്ര നിരീക്ഷണത്തിനുള്ള പദ്ധതി വികസിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ആ നീക്കം എന്ന് ഇപ്പോള്‍ വ്യക്തമായെന്ന് പ്രതിരോധ രംഗത്തെ നിരീക്ഷകര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.