വിശ്വാസം വിലങ്ങുതടിയാവരുത്

Wednesday 3 January 2018 2:33 am IST

ഉത്തര്‍പ്രദേശിലെ ചില വിദ്യാലയങ്ങളിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ ചില ഹിന്ദു സംഘടനകള്‍ തടഞ്ഞുവെന്ന ഊതിപ്പെരുപ്പിച്ചതും അടിസ്ഥാനമില്ലാത്തതുമായ വാര്‍ത്ത ഈയിടെ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതരമതസ്ഥന്റെ ആഘോഷങ്ങളില്‍ കൈകടത്താനോ തടയാനോ ഒരു ഹൈന്ദവനും ശ്രമിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മറ്റുള്ളവരുടെ ആഘോഷങ്ങളുടെ ഭാഗഭാക്കാവുന്നതില്‍ സന്തോഷം കണ്ടെത്തുന്നവനാണ് ഹിന്ദു.

ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കെടുത്തതുകൊണ്ടോ ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നതുകൊണ്ടോ എന്റെ ധര്‍മ്മത്തിലുള്ള വിശ്വാസത്തിന് ഒരിളക്കവും വരില്ലതന്നെ. എത്രയോ നൂറ്റാണ്ടുകളായി ഹിന്ദുദൈവങ്ങളെ അധിക്ഷേപിക്കുന്ന രീതിയില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുപോന്നിട്ടും ഒരിക്കല്‍പ്പോലും അതേ നാണയത്തില്‍ ഒരു ഹിന്ദുവും ക്രൈസ്തവമതത്തേയോ ക്രിസ്തുദേവനേയോ അവഹേളിക്കാന്‍ തുനിഞ്ഞിട്ടില്ല. എന്നിരുന്നാലും ഭാരതീയരോട് അസഹിഷ്ണുത കാണിക്കുന്നവരേയും, അവരുടെ വിശ്വാസങ്ങളെ വിലകുറച്ചു കാണുന്നവരേയും, നാം ശ്രദ്ധിക്കുകയും പ്രോത്സാഹിപ്പിക്കാതിരിക്കുകയും ചെയ്യേണ്ടേ? ഭാരതീയര്‍ക്കു നേരെയുള്ള അവഹേളനങ്ങളോട് നാം ഒരിക്കലും മൗനം പാലിക്കുകയും ചെയ്യരുത്. അത് ചെയ്യുന്നത് ആരുതന്നെയായാലും.

ഇതിനെല്ലാം ഒരു മറുവശംകൂടിയുണ്ട്. ക്രിസ്ത്യന്‍ സംഘടനകള്‍ നടത്തുന്ന മിക്ക വിദ്യാലയങ്ങളിലും തൊണ്ണൂറ്റഞ്ച് ശതമാനത്തില്‍ കൂടുതലും ഹിന്ദുകുട്ടികള്‍ തന്നെയാകാറാണ് പതിവ്. പല സ്ഥാപനങ്ങളിലും എല്ലാ കുട്ടികളും നിര്‍ബന്ധമായും ക്രിസ്തുമസ് ആഘോഷിക്കണമെന്ന് മാനേജ്‌മെന്റ് ശഠിക്കാറുണ്ട്. സര്‍ക്കുലറും ഇറക്കാറുണ്ട്.
ദേശീയോദ്ഗ്രഥനത്തിന്റെ ഭാഗമായി എല്ലാവരുടെയും ആഘോഷങ്ങള്‍ എല്ലാവരും ആഘോഷിക്കുക എന്ന ഭവ്യമായ ഭാവനയുടെ അടിസ്ഥാനത്തിലായിരുന്നു ആഘോഷമെങ്കില്‍ എത്ര നന്നായിരുന്നു. ക്രിസ്ത്യന്‍ വിദ്യാലയങ്ങളില്‍ ക്രിസ്തുമസിന്റെ അതേ പ്രാമുഖ്യത്തോടെ ദീപാവലിയും ഈദും ആഘോഷിക്കപ്പെട്ടിരുന്നുവെങ്കില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകുമായിരുന്നില്ല. പക്ഷേ യാഥാര്‍ത്ഥ്യമെന്താണ്? ഭൂരിപക്ഷം ഹിന്ദു വിദ്യാര്‍ത്ഥികളുള്ള ക്രിസ്ത്യന്‍ വിദ്യാലയങ്ങളില്‍പോലും ഹൈന്ദവ ആഘോഷങ്ങള്‍ നടത്തുന്നതിന് ക്രൈസ്തവ മാനേജ്‌മെന്റ് അനുവാദം നല്‍കാറില്ല. രക്ഷാബന്ധനോടനുബന്ധിച്ച് കൈകളില്‍ രാഖി കെട്ടി വരുന്നതിനുപോലും വിദ്യാലയങ്ങള്‍ സമ്മതം നല്‍കാറില്ല. പൊട്ടുതൊടുന്നതും മൈലാഞ്ചി അണിയുന്നതും പോലും ദൈവവിരുദ്ധമെന്ന രീതിയില്‍ ഇവിടങ്ങളില്‍ ചിത്രീകരിക്കപ്പെടാറുണ്ട്.

നമ്മള്‍ അവരോടു അനുവര്‍ത്തിക്കണമെന്നു അവര്‍ കരുതുന്നതെന്താണോ അത് അവര്‍ നമ്മോടു കാണിക്കാറില്ലെന്നു ചുരുക്കം.അവരുടെ ഒരു ആര്‍ച്ച് ബിഷപ്പ് അത്യന്തം രാഷ്ട്രീയമായ ഒരു പ്രസ്താവനയിലൂടെ ദേശീയപ്രസ്ഥാനങ്ങളെ അവഹേളിച്ചപ്പോള്‍ അവരിലെ ഏതെങ്കിലും പണ്ഡിതന്മാരോ നേതാക്കന്മാരോ മാധ്യമപ്രവര്‍ത്തകരോ അത്തരം പ്രസ്താവനകളെ തള്ളിപ്പറയാന്‍ മുന്നോട്ടുവന്നില്ല. സഭയെ രാഷ്ട്രീയവത്കരിക്കുന്നതിനെ അപലപിച്ചുകൊണ്ട് ഇവരാരുംതന്നെ ഒരു പ്രസ്താവനപോലും ഇറക്കിയില്ല. എല്ലാവര്‍ക്കും അവരുടെ ഉത്സവങ്ങള്‍ ആഘോഷിക്കാനും ആചാരങ്ങള്‍ പിന്തുടരുവാനുമുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ പൊട്ടുതൊട്ടതിനും മൈലാഞ്ചി അണിഞ്ഞതിനും ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് ക്രിസ്ത്യന്‍ വിദ്യാലയ മാനേജ്‌മെന്റുകള്‍ ശിക്ഷ കൊടുത്തപ്പോള്‍ കുട്ടികളുടെ ഭാഗത്തുനിന്നും ശബ്ദമുയര്‍ത്താന്‍ ഇവരാരുംതന്നെ ഉണ്ടായിരുന്നില്ല.

എന്നാല്‍ ക്രിസ്ത്യന്‍ വിദ്യാലയങ്ങളിലെ ഏകാധിപത്യ പ്രവണതയ്‌ക്കെതിരെ ഏതെങ്കിലും സംഘടനകള്‍ പ്രതിഷേധിച്ചാല്‍ ഉടനെതന്നെ ഹിന്ദുക്കള്‍ മുഴുവന്‍ ക്രിസ്ത്യാനികളുടെമേല്‍ കുതിര കയറുകയാണെന്ന രീതിയില്‍ പ്രചാരണം നടത്താന്‍ രാഷ്ട്രീയ-മാധ്യമരംഗങ്ങളിലുള്ളവര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങും. ഹിന്ദുക്കളെ അധിക്ഷേപിച്ചുകൊണ്ടുള്ള പ്രചാരണം കൊണ്ടുപിടിച്ച് നടക്കും.

സ്വാമി ദയാനന്ദ സരസ്വതി ഒരു പത്രത്തില്‍ എഴുതിയതാണ് എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നത്. അതിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു. ”മതപരിവര്‍ത്തനം ഹിന്ദുക്കള്‍ക്കെതിരെയുള്ള അക്രമമാണ്.” എത്ര ശരിയാണത്. അക്രമം ശാരീരികം മാത്രമല്ല. സാംസ്‌കാരിക മര്യാദകള്‍ ലംഘിക്കുന്നതും അക്രമമാണ്. വാക്കുകള്‍കൊണ്ടും അക്രമം നടക്കാറുണ്ട്. ഗോത്രവര്‍ഗ മേഖലകളില്‍ മതപരിവര്‍ത്തനം സൃഷ്ടിച്ച കെടുതികള്‍ ഞാന്‍ നേരിട്ടുകണ്ടിട്ടുണ്ട്. മകനെ അച്ഛന് എതിരാക്കാനും, മകളെ കുടുംബത്തിനു മൊത്തം എതിരാക്കാനും മതപരിവര്‍ത്തനത്തിനു സാധിക്കാറുണ്ട്. കുടുംബം ശിഥിലമാക്കാനും ഇതു വഴിവയ്ക്കാറുണ്ട്. ലോകത്തോടുള്ള അവരുടെ കാഴ്ചപ്പാടുതന്നെ മതപരിവര്‍ത്തനംമൂലം കീഴ്‌മേല്‍ മറിഞ്ഞുപോകാറുണ്ട്. ഒരാള്‍ തന്റെ പരമ്പരാഗത വിശ്വാസങ്ങളില്‍നിന്ന് പുറത്തുപോകുന്നതോടെ അയാള്‍ തന്റെ പൂര്‍വികരെ മുഴുവന്‍ നിന്ദിക്കാന്‍ തുടങ്ങുന്നു. ജന്മംമുതല്‍ താനാരാധിച്ചുവന്ന ദൈവങ്ങളെ അവഹേളിക്കാന്‍ അയാള്‍ പിന്നെ ഒട്ടും മടികാണിക്കുന്നേയില്ല.

ഹോളിയും ദസറയും ദീപാവലിയും അയാള്‍ ഉപേക്ഷിക്കുന്നു. രാമനും കൃഷ്ണനും ശിവനും ദൈവങ്ങളല്ലെന്നും അയാള്‍ പറഞ്ഞുതുടങ്ങുന്നു. അരുണാചല്‍ പ്രദേശില്‍ ഒരുകാലത്ത് ക്രൈസ്തവ മതം ഒട്ടുംതന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് മുപ്പതു ശതമാനത്തില്‍ കൂടുതല്‍ ക്രിസ്ത്യന്‍ ജനസംഖ്യ അവിടെയുണ്ട്. മതപരിവര്‍ത്തിതരായ അവിടുത്തെ ഗോത്രവര്‍ഗക്കാര്‍ ആയിരത്താണ്ടുകള്‍ പഴക്കമുള്ള തങ്ങളുടെ സ്മരണകള്‍ക്കെതിരായി മാറി. പാരമ്പര്യത്തിനും ആചാരാനുഷ്ഠാനങ്ങള്‍ക്കുമെതിരായി. സ്വാഗതാര്‍ഹമായ കാര്യമാണോ ഇവയെല്ലാം? ഗോത്രവര്‍ഗമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുസംഘടനകളെ തടയാനും അവഹേളിക്കുവാനുമാണ് ക്രിസ്ത്യന്‍ സംഘടനകള്‍ പതിവായി ശ്രമിക്കാറുളളത്.

ഗോത്രവര്‍ഗക്കാരെ ‘ഹൈന്ദവവല്‍കരണ’ത്തിനു വിധേയരാക്കുന്നുവെന്നാണ് അവരുയര്‍ത്തുന്ന ആരോപണം. എന്നാല്‍ സഭ അവരെ മതപരിവര്‍ത്തനത്തിനു വിധേയരാക്കുമ്പോള്‍, പേരും ആചാരങ്ങളും അടിമുടി മാറ്റുമ്പോള്‍, റോമന്‍വത്കരിക്കുമ്പോള്‍, പറയുന്നത് എന്താണ്? ഗോത്രവര്‍ഗക്കാരെ സംസ്‌കാരമുള്ളവരാക്കിത്തീര്‍ക്കുകയാണെന്ന്!

ഈ ഇരട്ടത്താപ്പും കാപട്യവും ഗ്രാമീണരായ പാവം ഹിന്ദുക്കളെ വിഷമവൃത്തത്തിലാക്കുന്നു. അവര്‍ പരാജിതരാകുന്നു. മാതൃദേശത്ത് അവര്‍ അന്യരാകുന്നു. അവരുടെ ദൈന്യത ആരും കാണുന്നില്ല. അവരുടെ വേദനകള്‍ ആരുടെയും പരിഗണനയില്‍ വരുന്നതേയില്ല. സ്വന്തം ദേശത്ത്, തന്റെ വിശ്വാസങ്ങളുടേയും ആചാരാനുഷ്ഠാനങ്ങളുടേയും പേരില്‍ അവഹേളിക്കപ്പെടുന്ന ഒരു പൗരനായി അവന്‍ മാറേണ്ടിവരുന്നു. തന്റെ കുട്ടികളെ വിദ്യാലയത്തിലേക്കയയ്ക്കുമ്പോള്‍ ഗീതയും ഉപനിഷത്തുക്കളും വേദങ്ങളും പുറത്തുവച്ചശേഷമേ അകത്തേക്കവര്‍ക്കു പ്രവേശനമുള്ളൂ. ഹിന്ദു ഭൂരിപക്ഷമുള്ള രാജ്യത്ത് ഹൈന്ദവ ഗ്രന്ഥങ്ങളായതിനാല്‍ അവ സിലബസിനു പുറത്താണ്! കുങ്കുമം തൊട്ടാല്‍, ഹോളി ആഘോഷിച്ചാല്‍ ഹിന്ദു കുട്ടികള്‍ ശിക്ഷിക്കപ്പെടുന്നു.

എല്ലാവരും ഒരുപോലെ വിശാലഹൃദയമുള്ളവരായിത്തീരണം. അന്യന്റെ വിശ്വാസത്തെ ബഹുമാനിക്കാന്‍, വേദനകളെ ഉള്‍ക്കൊള്ളാന്‍ എല്ലാവരും തയ്യാറാവണം.
സന്തോഷങ്ങളും സന്താപങ്ങളും പങ്കുവയ്ക്കാന്‍ നമുക്കെല്ലാവര്‍ക്കും ഒരുപോലെ സാധിക്കട്ടെ. ഈ വര്‍ഷത്തെ, വരുംവര്‍ഷത്തെ, വരാനിരിക്കുന്ന എല്ലാ വര്‍ഷങ്ങളിലേയും നമ്മുടെ ലക്ഷ്യം അതു തന്നെയാകട്ടെ! ഭൂമിയിലെ സ്വര്‍ഗമായി ഭാരതത്തെ നിലനിര്‍ത്താന്‍ നമുക്കതിലൂടെ സാധിക്കട്ടെ!

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.