കൃത്രിമ ബീജം പദ്ധതി ക്ഷീരകര്‍ഷകരില്‍ എത്തുന്നില്ല

Tuesday 2 January 2018 9:00 pm IST

തൃശൂര്‍: ക്ഷീരകാര്‍ഷിക മേഖലയില്‍ വപ്ലവകരമായ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ആരംഭിച്ച കൃത്രിമ ബീജം പദ്ധതി കാര്യക്ഷമമാകുന്നില്ല. കന്നുകാലികള്‍ക്ക് ആരോഗ്യമുള്ള പെണ്‍കിടാങ്ങളെ ഉത്പാദിപ്പിക്കുന്നതിന് വേണ്ടിയാണ് പദ്ധതി നടപ്പിലാക്കിയത്. ഇതിനായി ലിംഗനിര്‍ണ്ണയം നടത്തിയ അമേരിക്കന്‍ കമ്പനിയുടെ ബീജമാണ് വിതരണത്തിന് എത്തിച്ചത്. പദ്ധതിക്കായി ആദ്യഘട്ടത്തില്‍ 2.10 കോടിരൂപ അനുവദിക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ വിതരണത്തിനായി 15000 ഡോസാണ് എത്തിച്ചതെന്ന് മൃസംരക്ഷണവകുപ്പ് അറിയിച്ചത്. ഇത് വകുപ്പിന്റെ 420 കേന്ദ്രങ്ങളിലൂടെ കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ കൃത്രിമ ബീജം ആവശ്യപ്പെടുന്ന ക്ഷീരകര്‍ഷകര്‍ക്ക് ഇത് കൃത്യമായി ലഭിക്കുന്നില്ല. ചെറുകിട ക്ഷീരകര്‍ഷകര്‍ക്കാണ് ഇപ്പോള്‍ ബീജം ലഭിക്കാത്തത്. സ്വന്തം നിലക്ക് പണം മുടക്കിയാണ് കര്‍ഷകര്‍ പശുവിന് ചിനപിടിപ്പിക്കുന്നത്. കൃത്യതയുള്ള നല്ലയിനം ബീജം സൗജന്യമായി ലഭിക്കുമെന്ന അറിവിന്റെ അടിസ്ഥാനത്തിലാണ് പലകര്‍ഷകരും മൃഗസംരക്ഷണ വകുപ്പിനെ സമീപിച്ചത്. നിലവില്‍ ബീജമില്ലന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന മറുപടി. അതേസമയം വന്‍കിട ഫാമുകളില്‍ എല്ലാം ബീജം കൃത്യമായി എത്തിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്. കൃത്രിമ ബീജം പദ്ധതിയുടെ ഗുണഫലങ്ങളെ പറ്റി സാധാരണ ക്ഷീരകര്‍ഷകര്‍ക്ക് ബോധവത്കരണം നല്‍കാനും മൃഗസംരക്ഷണ വകുപ്പ് നടപടികള്‍ സ്വീകരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട് ഒരുവിഭാഗം കര്‍ഷകരുടെ ഇടയില്‍ ആശങ്കയും നിലനില്‍ക്കുന്നുണ്ട്. പുതിയ ബീജം കുത്തിവെച്ചാല്‍ 90 ശതമാനത്തിലേറെ ലിംഗനിര്‍ണ്ണയം സാദ്ധ്യമാണ്. ഇത് ചെറുകിട ക്ഷീരകര്‍ഷകര്‍ക്ക് വലിയ നേട്ടം ഉണ്ടാക്കി നല്‍കുന്ന ഘടകമാണ്.
ബീജം സായിപ്പിന്റെ നാട്ടില്‍നിന്ന്
അമേരിക്കന്‍ കമ്പനിയായ സൈക്ലിംഗ് ടെക്‌നോളജിയാണ് കൃത്രിമ ബീജത്തിന്റെ നിര്‍മ്മാതാക്കള്‍. നിര്‍മ്മാണത്തിന് ഇവര്‍ക്ക് പേറ്റന്റും ഉണ്ട്. ഫ്രാന്‍സ്, ആസ്‌ട്രേലിയ, കാനഡ ഉള്‍പ്പടെ ഏഴുരാജ്യങ്ങളില്‍ കമ്പനിക്ക് ഫ്രാഞ്ചൈസികളും ഉണ്ട്. മൃഗസംരക്ഷണവകുപ്പ് ബീജത്തിനായി ആഗോള ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ഫ്രാന്‍സിലെയും കാനഡയിലേയും ഫ്രാഞ്ചൈസികളാണ് പങ്കെടുത്തത്. ഇതില്‍ കുറഞ്ഞ തുകയായ 2.10കോടി ആവശ്യപ്പെട്ടത് കനെഡിയന്‍ കമ്പനിയാണ്. ബീജം ഇന്ത്യയില്‍ എത്തുമ്പോള്‍ ഡോസിന് 1400 രൂപ ചെലവാകും. പഞ്ചാബ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളും ലിംഗനിര്‍ണ്ണയം നടത്തിയ കൃത്രിമ ബീജങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.