ഡോക്ടര്‍മാരുടെ സമരത്തില്‍ രോഗികള്‍ വലഞ്ഞു

Wednesday 3 January 2018 2:30 am IST

തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റലില്‍ രോഗിയെ ചികിത്സിച്ചുകൊണ്ടിരിക്കുന്ന ഡോക്ടറെ നിര്‍ബന്ധപൂര്‍വം പിടിച്ചു വലിച്ചുകൊണ്ടുപോകുന്ന സഹ ഡോക്ടര്‍. വിഷമിച്ചിരുന്ന രോഗിയെയും കാണാം-വി. വി. അനൂപ്‌

തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ ഐഎംഎയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടന്ന ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു. ബില്‍ ലോക്‌സഭാ സ്റ്റാന്‍ഡിങ് കമ്മറ്റിക്കു വിട്ടതോടെയാണ് ഉച്ചയ്ക്ക് സമരം അവസാനിപ്പിച്ചത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ സമരം നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഐഎംഎക്ക് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്ത് കെജിഎംഒയുടെ നേതൃത്വത്തിലായിരുന്നു സമരം.

രോഗികളെ സമരം നന്നേ വലച്ചു. ഒപിയും അത്യാഹിത വിഭാഗവും പ്രവര്‍ത്തിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഒപിയുടെ പ്രവര്‍ത്തനം ഉച്ചവരെ സ്തംഭിച്ചു. അത്യാഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിച്ചത്. സമരത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും പങ്കെടുത്തതോടെയാണ് ആശുപത്രി പ്രവര്‍ത്തനം പൂര്‍ണ്ണമായും താളം തെറ്റിയത്. തിരുവനന്തപുരം ജനറല്‍ ആശുപത്രി ഒപിയില്‍ രോഗികളെ ചികിത്സിച്ചു കൊണ്ടിരുന്ന വനിതാ ഡോക്ടറെ സഹ പ്രവര്‍ത്തകര്‍ സമരത്തിനു കൂട്ടിക്കൊണ്ടു പോയത് വിവാദത്തിലായി.

രോഗി കരഞ്ഞ് പറഞ്ഞപ്പോള്‍ ചികിത്സിക്കാന്‍ തയ്യാറായ ഡോക്ടറെ അതിന് അനുവദിക്കാതെ സഹപ്രവര്‍ത്തകര്‍ നിര്‍ബ്ബന്ധപൂര്‍വ്വം കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് ആശുപത്രിക്കു മുന്നില്‍ സമരം നടത്താനായിരുന്നു വനിതാ ഡോക്ടറെ കൂട്ടിക്കൊണ്ടുപോയത്.
സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുത്തു. മുതിര്‍ന്ന ഡോക്ടര്‍മാരാരും ആശുപത്രികളില്‍ എത്തിയില്ല. ഐഎംഎയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. ബില്ലിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് ദിവസമായി രാജ്ഭവനു മുന്നില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അനിശ്ചിത കാല നിരാഹാര സമരം നടത്തി വരികയായിരുന്നു.

ബില്‍ സബജക്ട് കമ്മറ്റിക്കു വിട്ടതോടെ നിരാഹാര സമരവും അവസാനിപ്പിച്ചു. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.ഇ. ഉമ്മര്‍ നാരാങ്ങാ നീര് നല്‍കി സമരം അവാസാനിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഡോ.എന്‍.സുള്‍ഫി, കെജിഎംഒ ജില്ലാ പ്രസിഡന്റ് ഡോ. ജി.എസ്. വിജയകൃഷ്ണന്‍, സ്റ്റുഡന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ശ്രീജിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.