ജീവനക്കാര്‍ കുറവ്; താളം തെറ്റി ദൈനംദിന പ്രവര്‍ത്തനം

Tuesday 2 January 2018 10:01 pm IST

 

പീരുമേട്: താലൂക്കിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രിയായ പീരുമേട് ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തില്‍. ജീവനക്കാരുടെ കുറവ് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടും ഒഴിവുകള്‍ നികത്തുന്നതിനായി വേണ്ട നടപടികള്‍ സ്വീകരിക്കാതെ ഒത്തുക്കളിച്ച് അധികൃതര്‍. ബഹുനിലക്കെട്ടിടം അടക്കം പണി നടക്കുന്ന ഇവിടെ ദിവസവും ചികിത്സയ്ക്കായി നൂറ് കണക്കിന് രോഗികളാണ് എത്തുന്നത്. എന്നാല്‍ ഇവരെ നോക്കുന്നതിനാവശ്യമായ ജീവനക്കാരെ ആശുപത്രിയില്‍ നിയമിച്ചിട്ടില്ല എന്നതാണ് വസ്തുത.
ഗ്രേഡ് ഒന്നില്‍ രണ്ട് പേരും, ഗ്രേഡ് രണ്ടില്‍ നാലുപേരും, നഴ്‌സിങ് അസി. മൂന്നുമാണ് നിലവില്‍ ഉള്ളത്. പത്തോളം ജീവനക്കാര്‍ ഗ്രേഡ് 2, നഴ്‌സിങ് അസി. തസ്തികയിലേക്ക് വേണ്ടിടത്താണ് പുതിയ നിയമനം നടക്കാത്തത്. ഇക്കാരണത്താല്‍ നിലവിലുള്ള ജീവനക്കാര്‍ അമിത ജോലി ചെയ്യേണ്ടതായി വരുന്നുമുണ്ട. ദന്തല്‍, ഗൈനക്കോളജിസ്റ്റ്, ഒപി എന്നിവിടങ്ങളില്‍ മൂന്ന് പേര്‍ വേണ്ടിടത്ത് ഒരാള്‍ മാത്രമാണ് ഉള്ളത്.
ഇവര്‍ക്ക് ഉച്ചഭക്ഷണം പോലും കഴിക്കാനുള്ള സമയം ലഭിക്കാറില്ല. ജീവനക്കാരുടെ അഭാവം കാരണം നിലവിലെ ജീവനക്കാര്‍ക്ക് അവധിയും അന്യമാണ്. 1935ല്‍ ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് തുടങ്ങിയ ആശുപത്രി 1988ലാണ് താലൂക്ക് ആശുപത്രിയായത്. തുടക്കം മുതല്‍ തന്നെ പരാധീനതകളാണ് ആശുപത്രിക്ക് ഉണ്ടായിരുന്നത്. ഇത് ഇപ്പോഴും തുടരുന്നു. 2003ല്‍ കിടപ്പുരോഗികളെ വെയ്റ്റിങ് ഷെഡിലേക്ക് മാറ്റി ഐപി പൂട്ടിയ സംഭവം വിവാദമായിരുന്നു.
തോട്ടം തൊഴിലാളികളും കര്‍ഷകരും ഏറെ ഉള്ള മേഖലയെ ആണ് സര്‍ക്കാര്‍ ഇത്തരത്തില്‍ അവഗണിക്കുന്നതത്. ഉന്നത ചികിത്സ സംവിധാനങ്ങള്‍ ഇവിടെ ഇല്ലാത്തിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലും മറ്റുമായാണ് രോഗികള്‍ ചികിത്സ തേടുന്നത്. അടിയന്തിര ആവശ്യങ്ങളില്‍ മറ്റിടങ്ങളിലേയ്ക്ക് രോഗികളെ കൊണ്ടുപോകുന്നതിനാവശ്യമായ ആംബുലന്‍സ് സൗകര്യവും ഇവിടെ ഇല്ല.
ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് പ്രവര്‍ത്തനം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെയും രോഗികളുടെയും ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.