അന്നദാനം നിരോധിച്ചതില്‍ പ്രതിഷേധം

Wednesday 3 January 2018 12:00 am IST

ചങ്ങനാശ്ശേരി: ഹൈന്ദവ വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നായ അന്നദാനം നിരോധിച്ച ദേവസ്വം ബോര്‍ഡ് നടപടിയില്‍ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള പ്രതിഷേധിച്ചു. ഭക്തജനങ്ങള്‍ അന്നദാനം നടത്തുന്നത് വേണ്ടായെന്ന് പറയാന്‍ അവകാശമില്ല. പമ്പ, ശബരിമല, എരുമേലി, ഇടത്താവളം എന്നിവടങ്ങളിലെ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന അന്നദാന പ്രവര്‍ത്തനങ്ങളാണ് നിര്‍ത്തിവയ്പ്പിച്ചത്. സപ്താഹങ്ങളോടനുബന്ധിച്ച് അന്നദാനം നടത്തുന്നത് ആചാരത്തിന്റെ ഭാഗമാണ്. ഭക്തരുടെ ന്യായമായ അവകാശത്തെയാണ് ദേവസ്വം ബോര്‍ഡ് ഹനിച്ചിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ അറിയിച്ചശേഷം കോടതിയെ ബോധ്യപ്പെടുത്തും.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വന്‍ അഴിമതിയാണ് നടന്നതെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. കേരളാ കോണ്‍ഗ്രസുകളുടെ ഒന്നാകാനുള്ള ശ്രമം സ്വാഗതാര്‍ഹമാണ്. പി.ജെ.ജോസഫും മോന്‍സും വരുന്നതില്‍ വിരോധമില്ല. കര്‍ഷക താല്പര്യം സംരക്ഷിക്കുന്നതില്‍ നിന്നും പിന്നോട്ടു പോയതാണ് കേരള കോണ്‍ഗ്രസുകളുടെ പരാജയ കാരണമെന്ന് അദ്ദേഹം പറഞ്ഞു. എല്‍ ഡി എഫില്‍ വരണമെന്ന കെ.എം മാണിയുടെ ആഗ്രഹം നടക്കുമെന്ന് തോന്നുന്നില്ലെന്നും ബാലകൃഷണപിള്ള പറഞ്ഞു. ചങ്ങനാശേരി ടി ബി യില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ബാലകൃഷ്ണപിള്ള ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.