മൂന്ന് പ്രതിനിധികള്‍ ജയിലില്‍; ചര്‍ച്ച ഒഴിവാക്കാന്‍ പ്രമേയം

Tuesday 2 January 2018 10:11 pm IST

കോഴിക്കോട്: സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കേണ്ട മൂന്നു പ്രതിനിധികള്‍ പയ്യോളി മനോജ് കൊലക്കേസില്‍ ജയിലില്‍ ആയതോടെ ജില്ലാ സമ്മേളന ചര്‍ച്ച ഒഴിവാക്കാന്‍ സിബിഐയ്‌ക്കെതിരെ പ്രമേയവുമായി സിപിഎം. ജില്ലാ കമ്മറ്റി അംഗം പി. ചന്തു, സി. സുരേഷ്, പി.വി. രാമചന്ദ്രന്‍ എന്നിവരാണ് കൊയിലാണ്ടിയില്‍ നടക്കുന്ന സമ്മളേന പ്രതിനിധികള്‍. ഇവര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടാണ് സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചത്.
മനോജ് കൊലക്കേസില്‍ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ സിബിഐയുടെ പിടിയിലായതും ലോക്കല്‍പോലീസ് പ്രതികളാക്കിയ പ്രവര്‍ത്തകര്‍ പാര്‍ട്ടിക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകളും പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇക്കാര്യം സമ്മേളനത്തില്‍ ചര്‍ച്ചയായി ഉയരുമോ എന്ന ആശങ്കയെത്തുടര്‍ന്നാണ് ഒന്നാം ദിവസം തന്നെ പാര്‍ട്ടിയുടെ നിലപാട് പ്രഖ്യാപിച്ച് പ്രമേയം അവതരിപ്പിച്ചത്. 2012 ഫെബ്രുവരി 12 ന് നടന്ന കൊലപാതകത്തില്‍ സിപിഎമ്മിന് യാതൊരു ബന്ധവുമില്ലെന്ന് പ്രമേയത്തില്‍ പറയുന്നു. സിപിഎമ്മിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി ദേശീയ നേതൃത്വം ഇടപെട്ടാണ് സിബിഐ കേസെന്വേഷണം ഏറ്റെടുത്തതെന്നും പ്രമേയത്തിലുണ്ട്. ലോക്കല്‍പോലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ചകേസ് ഹൈക്കോടതി ഇടപെട്ടാണ് സിബിഐയ്ക്ക് കൈമാറിയതെന്ന വസ്തുത പ്രമേയം മറച്ചുവച്ചു.
കഴിഞ്ഞ രണ്ടുവര്‍ഷമായി പയ്യോളി ഏരിയയിലെ പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും തുടര്‍ച്ചയായി ചോദ്യംചെയ്യുകയാണെന്നും സിബി ഐ കൂട്ടിലെ തത്തയാണെന്ന് ഒരിക്കല്‍കൂടി വെളിവാക്കുകയാണെന്നും പ്രമേയം ആരോപിക്കുന്നു. സിബിഐ നടപടിക്കെതിരെ പ്രക്ഷോഭം ഉയര്‍ത്തണമെന്ന ആഹ്വാന വും പ്രമേയത്തിലുണ്ട്. സിബിഐ അന്വേഷണം നേരായ ദിശയിലാണെന്നും പാര്‍ട്ടി തങ്ങളെ ചതിക്കുകയായിരുന്നെന്നും ആദ്യം പ്രതികളാക്കപ്പെട്ടവര്‍ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.
ജില്ലയിലെ മുതിര്‍ന്ന നേതാവും ജില്ലാ കമ്മിറ്റിയംഗവുമായ ടി.പി. ബാലകൃഷ്ണന്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനം ആരംഭിച്ചത്. എം. മെഹബൂബ് രക്തസാക്ഷി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി. ഭാസ്‌കരന്‍ മാസ്റ്ററുടെ താല്‍ക്കാലിക അദ്ധ്യക്ഷതയില്‍ സമ്മേളന നടപടികള്‍ ആരംഭിച്ചു. കെ. ദാസന്‍ എംഎല്‍എ സ്വാഗതവും ജോര്‍ജ് എം. തോമസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി. മോഹനന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.പി. കുഞ്ഞമ്മദ് കുട്ടി പ്രമേയം അവതരിപ്പിച്ചു. തുടര്‍ന്ന് റിപ്പോര്‍ട്ടിന്‍മേല്‍ ചര്‍ച്ച നടന്നു. ഇന്നു വൈകിട്ട് നാലു വരെ പൊതുചര്‍ച്ച തുടരും.
ജില്ലാ കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, മേല്‍കമ്മിറ്റി അംഗങ്ങള്‍, ഏരിയ കമ്മിറ്റി പ്രതിനിധികള്‍, അടക്കം 403 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പിണറായി വിജയന്‍, കെ.കെ. ശൈലജ, എ.കെ. ബാലന്‍, എ. വിജയരാഘവന്‍, ഇ.പി. ജയരാജന്‍, എളമരം കരീം, എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.